ഏതാണ്ട് നാലായിരം വർഷമായി വെറ്റില (താംബൂലം) ചർവണത്തിനുപയോഗിച്ചുവരുന്നു. ഔഷധ ഗുണത്തിൽ വാതകഫത്തെ ശമിപ്പിക്കും. ലാലാജലം വർദ്ധിപ്പിക്കും. ആഹാരത്തെ ദഹിപ്പിക്കാൻ സഹായിക്കും. ഇതു ചർവണം ചെയ്യുമ്പോൾ വായിലുണ്ടാകുന്ന രോഗാണുക്കൾ നശിക്കും. സ്ത്രീകൾ ഇതിന്റെ വേര് ഗർഭനിരോധന ശക്തിക്കു വേണ്ടി ചില നാടുകളിൽ ഉപയോഗിക്കുന്നു. വായ്നാറ്റമുള്ളവരും ഊനിൽ ക്കൂടി രക്തവും ചലവും വരുന്ന ആളുകളും വെറ്റിലയിൽ ചുണ്ണാമ്പും കളിപ്പാക്കും മാത്രം ചേർത്തു ചവയ്ക്കുന്നത് നന്നാണ്.
വെറ്റില രണ്ടു ഗ്രാം വീതം ചവച്ചരച്ചു തിന്നിട്ട് ചൂടുവെള്ളം ദിവസവും കഴിക്കുന്നത് കാലിലുണ്ടാകുന്ന നീരിനും വാതപ്പനിക്കും വിശേഷമാണ്.
ആഹാരം അധികം കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് വെറ്റില മുറുക്കുന്നതു നന്ന്. കൂടാതെ രുചിയെ ഉണ്ടാക്കും, വായിലെ അഴുക്കും കൊഴുത്ത ജലവും തള്ളിക്കളയും. ചിന്തകന്മാർക്ക് ആലോചനാമൃതമാണ്. വെറ്റില പൊതുവെ മുഖത്തുണ്ടാകുന്ന ക്ഷീണത്തെ അകററും.
ശ്വാസകാസങ്ങൾക്ക് വെറ്റിലച്ചാറും ചെറുനാരങ്ങാനീരും കൂടി സമമെടുത്ത് കൽക്കണ്ടം ചേർത്ത് കുറേശ്ശെ സേവിക്കുന്നതു വിശേഷമാണ്. കൂടാതെ ഈ ഔഷധയോഗത്തിൽ ചെറുതിപ്പലിപ്പൊടിയോ അയമോദകപ്പൊടിയോ ചേർത്തു കഴിക്കുന്നതും സദ്ഫലം നല്കും. വെറ്റിലനീരിൽ വെറ്റിലവേരു ചേർത്ത് വെളിച്ചെണ്ണ കാച്ചി തലയിൽ വെച്ചു കുളിക്കുന്നത് പല്ലുവേദനയ്ക്കും തൊണ്ടയിലുണ്ടാകുന്ന നീരിനും വാതപ്പനിക്കും വിശേഷമാണ്.
രക്തവാതത്തിന് വെറ്റിലഞെട്ട്, കാഞ്ഞിരത്തരി, പച്ചക്കർപ്പൂരം, മുന്തിരിങ്ങ, കദളിപ്പഴം, ഇവ ആറു ഗ്രാം വീതം ചതച്ചിട്ട് 250 മില്ലി എണ്ണ കാച്ചി പാകത്തിലരിച്ച് തലയിൽ തേച്ചു കുളിക്കുന്നത് ഏറ്റവും നന്നാണ്.