കേരളത്തിലെ നദികൾ
മുടങ്ങാതെ വരുന്ന ഇടവപ്പാതിയും തുലാവര്‍ഷവുമൊക്കെ കേരളത്തെ റീ ചാര്‍ജ്ജു ചെയ്തു നിര്‍ത്തിയിരുന്നത് കൊണ്ട് ഇതുവരെ കാര്യമായി കുടിവെള്ളം മുട്ടിയില്ല. നമുക്ക് നാല്‍പ്പതോളം നദികളുണ്ട് എന്ന് പറയുമെങ്കിലും അത് വാസ്തവത്തില്‍ സാമാന്യം വലിപ്പമുള്ള അരുവികള്‍ എന്ന് മാത്രമേ പറയാന്‍ കഴിയൂ. ഗംഗയിലുടെയും ഗോദാവരിയിലൂടെയും ഒഴുകുന്ന വെള്ളം കേരളത്തിലെ മൊത്തം നദികളിലൂടെ ഒഴുകുന്നുണ്ടാവുമോ എന്ന് സംശയമാണ്.
കൃഷ്ണ നദിയുടെ ഡ്രെയിനേജ് ഏരിയ രണ്ടര ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍ ആണെങ്കില്‍ ഭാരതപ്പുഴ മഴപെയ്തു അതിന്റെ പ്രതാപത്തില്‍ നിന്നാല്‍ പോലും വെറും ആറായിരം സ്ക്വയര്‍ കിലോമീറ്ററെ വരൂ.
ഒരു കടുത്ത വേനലില്‍ തീരാവുന്നതെയുള്ളൂ കേരളത്തിന്‍റെ ജല സമൃദ്ധി. ഭാരതപ്പുഴ എന്നൊരു പുഴ ഇപ്പോഴില്ല. അത് മഴക്കാലത്ത് മാത്രം ജീവന്‍ വെക്കുന്ന ഒരു മഴവെള്ള വാഹിനിയാണ്. കല്ലാര്‍ മുതല്‍ പയസ്വിനി വരെയുള്ള പുഴകള്‍ഒന്നും തന്നെ ഒരു കടുത്ത വേനല്‍ അതിജീവിക്കുന്നവയല്ല.
ചെറുതെങ്കിലും അടുത്തടുത്തായി ഒഴുകുന്ന ചെറു നദികളും ഇടയ്ക്കുള്ള വയലുകളും തണ്ണീര്‍ തടങ്ങളുമായിരുന്നു കേരളത്തിന്‍റെ ജല സമൃദ്ധിയുടെ രഹസ്യം. പക്ഷെ ആ സമൃദ്ധി പോലും മഴയെ ആശ്രയിച്ചു മാത്രമാണ്.
എന്‍റെ ഓര്‍മ്മയില്‍ ഒരിക്കലും കബനിയില്‍ വെള്ളം കുറഞ്ഞു കണ്ടിരുന്നില്ല. വേനലിലും മഴയിലും ഒരേപോലെ തകര്ത്തോഴുകി. ഒരിക്കലും ആ പുഴയില്‍ വെള്ളം കുറയില്ല എന്നാണു ഞങ്ങള്‍ നാട്ടുകാര്‍ വിശ്വസിച്ചത്, പക്ഷെ പത്ത് വര്ഷം മുന്‍പ് വന്ന കടുത്ത വേനലില്‍ ആ പുഴ വരണ്ടപ്പോളത് ജനത്തിനു വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. സര്‍വ്വത്ര വെള്ളത്തില്‍ മുങ്ങി നിന്ന, വെള്ളത്തെ കുറിച്ച് പരാതി പറഞ്ഞിരുന്ന എന്‍റെ നാട്ടുകാര്‍ ആദ്യമായി വെള്ള ടാങ്കര്‍ വരാന്‍ വേണ്ടി കുടവും ബക്കറ്റുമായി റോഡരുകില്‍ കാത്തു നിന്നു. അന്നത്തെക്കാള്‍ ഭീകരമായ വരള്‍ച്ചയാണ് ഇപ്പോഴത്തേത്.
എങ്കിലും അതുകൊണ്ട് ഇവിടുത്തെ ആളുകളുടെ മനോഭാവത്തിനു എന്തെങ്കിലും മാറ്റമുണ്ടാവും എന്ന് ഞാന്‍ കരുതുന്നില്ല.
ശരാശരി മലയാളിയോട് വെള്ളം വരുന്നതെവിടുന്ന്‍ എന്ന് ചോദിച്ചാല്‍ പറയാന്‍ രണ്ടുത്തരമേ ഉള്ളൂ.
കൊര്‍പ്പരെഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് കുഴല്‍ വഴി തരുന്നത്.
മണ്ണിനടിയിലെ ഉറവ വഴി ദൈവം തരുന്നത്.
രാജസ്ഥാൻ മാർഗ്ഗരേഖ
വെള്ളത്തെകുറിച്ചുള്ള പല യഥാര്ത്യങ്ങളും മലയാളി മനസിലാക്കിയിട്ടില്ല. അതിനു അവസരവും ഉണ്ടായിട്ടില്ല.
ഒരു പതിനഞ്ചു ഇരുപതു വര്ഷം മുന്‍പ് വരെ രാജസ്ഥാനിലെ ഉള്‍പ്രദേശത്ത് കൂടി യാത്ര ചെയ്‌താല്‍ ഒരു മനോഹര ദൃശ്യം കാണാമായിരുന്ന. ഒരു പ്രത്യേക തരം ജല സംഭരണികള്‍. ചിലതൊക്കെ കല്ലില്‍ കൊത്തുപണി ചെയ്തവ പോലുമാണ്. മിക്കവാറും അതിന്റെയടുത്ത് ഒരു മണ്ഡപവും വഴിയത്രികര്‍ക്ക് കുടിക്കാന്‍ വേണ്ടി ഒരു ടാപ്പും ഉണ്ടായിരിക്കും. അവിടുത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടകളില്‍ പോലും മഴവെള്ള സംഭരണിയും അതിനെ ശുദ്ധീകരിക്കാനും വിതരണം ചെയ്യാനുമുള്ള സംവിധാനങ്ങളും കാണാം.
വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്നതിന് അവര്‍ക്ക് സ്വന്തമായി ഒരു സാങ്കേതിക വിദ്യയുണ്ടായിരുന്നു. മരുഭൂമിയില്‍ കിട്ടുന്ന ഉപ്പു വെള്ളം പോലും കുടിക്കാവുന്ന വിധത്ത്തിലാക്കും. വെള്ളം പരമാവധി പാഴാക്കാതെ സൂക്ഷിക്കും. ഇപ്പോള്‍ പക്ഷെ ആസമ്പ്രദായം ആര്‍.ഒ പ്യൂരിഫയര്കളിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യയുടെ വാട്ടര്‍മാന്‍ രാജേന്ദ്രസിംഗ് രാജസ്ഥാനില്‍ ജല വിപ്ലവം നടത്താന്‍ വേണ്ടി ആദ്യമായി ചെയ്തത് മഴവെള്ളം സംഭരിക്കുക മാത്രമാണ്, ഗ്രാമങ്ങളില്‍ ജോഹെദ്കള്‍ ഉണ്ടാക്കി. ഇതിനോടകം ഏകദേശം എഴായിരത്തോളം ജോഹെദുകളും ചെക്ക് ഡാമുകളും മറ്റു ജല സംരക്ഷണ മാര്‍ഗ്ഗങ്ങളും നിര്‍മ്മിച്ച് ഇന്ന് ആയിരത്തോളം ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം നല്‍കുന്നു. രാജസ്ഥാനിലെ അരവാര്‍, ജഹാജവലി മുതലായ അഞ്ചു നദികളെ പുനരിജ്ജീവിപ്പിചിരിക്കുന്നു.
അവര്‍ക്ക് വെള്ളത്തിന്റെ വിലയറിയാം.
കേരളത്തിലെ ജലസ്ഥിതി
ഒരു വരള്‍ച്ച കൊണ്ടോ കൊടും ചൂട് കൊണ്ടോ മലയാളികള്‍ പെട്ടെന്ന് വെള്ളത്തിന്റെ വില മനസിലാക്കുമെന്നോ അത് സംരക്ഷിക്കാനും സൂക്ഷിച്ചു ഉപയോഗിക്കാനും തുടങ്ങും എന്ന് കരുതരുത്. അടുത്ത കാലവര്‍ഷത്തോടെ മഴയെ പ്രാകാന്‍ തുടങ്ങുന്നതാണ് മലയാളിയുടെ ശീലം. കാലാവസ്ഥ മാറിയെന്നോ പഴയപോലെ വെള്ളം ശേഖരിച്ചു നിര്‍ത്താനുള്ള കഴിവ് കേരളത്തിനു ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്നോ മലയാളി ഇനിയും മനസിലാക്കിയിട്ടില്ല.
ഇടുക്കി ഡാമിലടക്കം നാലിലൊന്ന് വെള്ളമേ ഇപ്പോഴുള്ളൂ. വെറും ഒരുമാസം കൂടി ഇതേപോലെ വേനല്‍ തുടര്‍ന്നാല്‍ വെള്ളം മാത്രമല്ല നമുക്ക് വൈദ്യുതിയും ഇല്ലാതാവും. ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് അപകടകരമാം വിധം താഴെയാണ്. വേനല്‍ ഇനിയും ഒന്നോ രണ്ടോ മാസം കൂടി നീളില്ല എന്ന് പറയാനും നമുക്ക് ഇപ്പോഴത്തെ സ്ഥിതിക്ക് സാദ്ധ്യവുമല്ല.
കേരളം ഇതുവരെ എന്താണ് ശരിയായ ജലക്ഷാമം എന്ന് മനസിലാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ജലസക്ഷരത മലയാളി ഉടനെയൊന്നും കൈവരിക്കുകയുമില്ല. ജല സാക്ഷരത യഥാര്‍തത്തില്‍ വേണ്ടത് കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കുമാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ന് കര്‍ഷകര്‍ ഈ വിഷയത്തില്‍ തീര്‍ത്തും അജ്ഞരാണ്. വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള നഗര വാസികളില്‍ കുറെപേര്‍ക്ക് ഏകദേശ ധാരണയുണ്ടെങ്കിലും ഗുണപരമായി എന്തങ്കിലും സംഭവിക്കാന്‍ അത്പോര.
അപര്യാപ്തമെങ്കിലും കഴിഞ്ഞ ഗവന്മേന്റ്റ് ഉണ്ടാക്കിയ നെല്‍ വയല്‍ - തണ്ണീര്‍ തട നിയമം പോലും ഒരു കര്‍ഷക ദ്രോഹമായിട്ടാണ് ഭൂരിപക്ഷം കര്‍ഷകരും കാണുന്നത്. അത് വാസ്തവത്തില്‍ കര്‍ഷകരെ രക്ഷിക്കാനുള്ള ഒരു നിയമമാണെന്ന് അവരെ പറഞ്ഞു മനസിലാക്കാന്‍ ഇവിടെ ഒരാളും മുതിരുന്നില്ല. റിയല്‍ എസ്റെറ്റ്, ഖനന മാഫിയയുടെ പിന്ബലത്തോടെ പല രാഷ്ട്രീയ കക്ഷികളും മത സംഘടനകളും ഈ നിയമം പോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ജല വിനിയോഗ-ജല സംരക്ഷണ നയം കേരളത്തിൽ
സമഗ്രമായ ഒരു ജല വിനിയോഗ-ജല സംരക്ഷണ നയം കേരളം രൂപീകരിക്കേണ്ട സമയം പണ്ടേ കഴിഞ്ഞു. അത് വെറും മഴവെള്ള സംഭരണമെന്നോ പുഴയില്‍ തടയണ കെട്ടല്‍ എന്നോപറഞ്ഞു ഒതുക്കി കളയരുത്. കുടിവെള്ളം, കാര്ഷികവശ്യത്തിനുള്ള വെള്ളം, വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വെള്ളം എന്നിങ്ങനെ പ്രത്യേക പരിഗണന കൊടുത്തു വേണം പുതിയ നയം നിശ്ചയിക്കാന്‍. വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ ജല സംഭരണവും സംരക്ഷണവും ഒരു പ്രധാന നിബന്ധന ആയിരിക്കണം. കര്‍ഷകര്‍ തിരഞ്ഞെടുക്കുന്ന കൃഷി പോലും ഇവിടെ പ്രശ്നമാണ്. കൃഷിക്കാര്‍ ലാഭം നോക്കി ചെയ്യുന്ന ചില തരം കൃഷികള്‍ ഒരു പ്രദേശത്തെ പെട്ടെന്ന് വരണ്ട ഭൂമിയാക്കികളയും. അതിനാല്‍ ഇന്നയിടങ്ങളില്‍ ഇന്ന കൃഷി എന്ന തരത്തില്‍ കൃഷികള്‍ക്കു പോലും നിയന്ത്രണവും നിയമവും വേണം. കീടനാശിനി പ്രയോഗം കഴിയുന്നത്ര കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ആത്യന്തികമായി ഈ കീടനാശിനികള്‍ വെള്ളത്തില്‍ തന്നെയാണ് പോയി ചേരുന്നത്. കര്‍ഷകര്‍ക്ക് ഇതുമൂലം നഷ്ടം സംഭാവിക്കുന്നെങ്കില്‍ ഒരു നഷ്ടപരിഹാരം ക്ലെയിം ചെയ്യാനുള്ള വ്യവസ്ഥ ഉണ്ടാക്കണം. അത് ഇനി വരുന്ന ഏതു ഗവന്മേറ്റ് ആണെങ്കിലും പ്രധാന കര്‍ത്തവ്യമായി എടുക്കണം.
കേരളത്തിലെ പരിസ്ഥിതി സംരക്ഷണം ഇന്ന് പള്ളീലച്ചന്‍മാരും മത സംഘടനകളും ഏറ്റെടുത്തിരിക്കുന്നത് കൊണ്ട് ഗവന്മേന്റ്റ് സ്വമേധയാ ഇത് ചെയ്യും എന്ന് കരുതുന്നില്ല. അതിനായി ശക്തമായ ജനകീയ സമ്മര്‍ദ്ദം ഉണ്ടാവണം.
റൊട്ടിയില്ലെങ്കില്‍ നിങ്ങള്‍ ചീസ് കഴിക്കൂ എന്ന് പണ്ടൊരു ഭരണാധികാരി പറഞ്ഞതായി കേട്ടിട്ടുണ്ട്പക്ഷെ വെള്ളമില്ലെങ്കില്‍ നിങ്ങള്‍ പാല്‍ കുടിക്കൂ എന്ന് അങ്ങേരു പോലും പറയില്ല.
വെള്ളമല്ലേ എല്ലാം.
സുരേഷ് കുഞ്ഞു പിള്ള