കട്ടിയുള്ള പുറംതോടു കൊണ്ട് ചുറ്റുമുള്ള ചൂടിൽ നിന്നെല്ലാം ഇൻസുലേറ്റു ചെയ്ത്, മധുരവും, കുളിർമയും നേരിയ സുഗന്ധവും, ചുവന്ന നിറവും, ചാറുമുള്ള മാംസള ഭാഗം ഉള്ളിലൊതുക്കുന്ന ദാഹശമനിക്കുടങ്ങളാണ് തണ്ണിമത്തൻ. ചൂടു കൊണ്ടു വരണ്ടു കിടക്കുന്ന വയലുകളിൽ, നേർത്ത വള്ളികളിൽ കോർത്ത വർണാഭമായ ഫുട്ബോളുകൾ പോലെ പിടിച്ചു കിടക്കുന്ന തണ്ണിമത്തൻ പ്രകൃതിയിലെ വിശ്വസിക്കാനാവാത്ത വൈരുദ്ധ്യങ്ങളിലൊന്നാണ്.
തണ്ണിമത്തനിൽ പെക്ടിൻ അടങ്ങിയിരിക്കുന്നതിനാൽ ജാം, ജെല്ലി, മാർമലേഡ്, മുതലായ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാവുന്നതാണ്. എന്നാൽ, നെടുകെ ചിന്തിയ തണ്ണിമത്തന്റെ മാംസളഭാഗം സ്പൂൺ കൊണ്ടു ചുരണ്ടിയെടുത്തു കഴിക്കുകയോ, അല്ലെങ്കിൽ കുരു നീക്കി ബ്ളെൻഡു ചെയ്ത് സ്ക്വാഷ് ആക്കി ഉപയോഗിക്കുകയോ ആണ് സാധാരണ ചെയ്തുവരുന്നത്. വിളയാത്ത തണ്ണിമത്തൻ സസ്യമായും ഉപയോഗിച്ചു വരുന്നുണ്ട്.
തണ്ണിമത്തന്റെ കുരുവിൽ 34 ശതമാനം മാംസ്യവും 52 ശതമാനം കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇതിൽ നിന്നു വേർതിരിച്ചെടുക്കുന്ന എണ്ണ സുഗന്ധവാഹിയും സ്വാദിഷ്ടവുമാണ്. പാചകത്തിനായും, വിളക്കെണ്ണയായും ഇതുപയോഗിക്കുന്നു. ഇതിന്റെ കുരുവിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു പദാർഥത്തിന് രക്തധമനികളെ വികസിപ്പിക്കാൻ കഴിയുമെന്നും ഉയർന്ന രക്തസമ്മർദത്തെ കുറയ്ക്കാൻ കഴിയുമെന്നും പ്രകൃതി ചികിത്സകർ കരുതുന്നു.
ഫലങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയിട്ടുള്ളതാണ് തണ്ണിമത്തൻ. പൊട്ടാസ്യത്തിന്റെ അംശം കൂടുതലുള്ളതു കൊണ്ടും താരതമ്യേന ഊർജം കുറവായതുകൊണ്ടും ഭയാശങ്കകൾ കൂടാതെ പ്രമേഹരോഗികൾക്കും, രക്തസമ്മർദം കൂടുതലുള്ളവർക്കും കഴിക്കാവുന്ന ഒരു ഫലമാണിത്.
മൂത്രതടസ്സവും മൂത്രാശയസംബന്ധമായ കല്ലുകൾ നീക്കാനും സുരക്ഷിതമായ ഒരു നല്ല പാനീയമായി തണ്ണിമത്തൻ ചാറ് ഉപയോഗിക്കാൻ പ്രകൃതിചികിത്സയിൽ വിധിയുണ്ട്. ഗന്ധകത്തിന്റെ അംശം താരതമ്യേന കൂടുതലുണ്ടെങ്കിലും തണുത്ത സൗമ്യാഹാരങ്ങളുടെ പട്ടികയിലാണ് ആയുർവേദം തണ്ണിമത്തനെ ഉൾപെടുത്തിയിരിക്കുന്നത്.