'വേള്‍ഡ് സ്കീസോഫ്രീനിയ ഡേ' ആയ ഇന്ന് (മെയ് 24) സ്കീസോഫ്രീനിയ എന്ന രോഗത്തെ കുറിച്ച് കൂടുതലറിയാം. അധികം കേട്ടിട്ടില്ലാത്ത ഈ രോഗം തലച്ചോറിനെയാണ് ബാധിക്കുന്നത്. ഇല്ലാത്ത കാഴ്ചകളോ ശബ്ദമോ അനുഭവപ്പെടുകയും അവയെ വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്കീസോഫ്രീനിയ രോഗികൾക്ക് ഉണ്ടാകുന്നത്. ഇത് രോഗിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നത് കൊണ്ട് ഈ രോഗത്തെ ഒരിക്കലും നിസാരമായി കാണാതെ തിരിച്ചറിയുകയും വേണ്ട ചികിത്സയെടുക്കുകയും ചെയ്യേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സന്തോഷത്തോടെ ഇരിക്കാൻ ഡോപമൈൻ നിയന്ത്രിക്കാം… കഴിയ്ക്കേണ്ട ഭക്ഷണങ്ങൾ
രോഗകാരണം
തലച്ചോറിലെ നാഡീകോശങ്ങൾ പരസ്‌പരം കൈമാറാൻ ഉപയോഗിക്കുന്ന രാസപദാർഥങ്ങളായ ഡോപാമിൻ, ഗ്ളൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് അടിസ്‌ഥാന രോഗകാരണം. പാരമ്പര്യത്തിലുള്ള ആർക്കെങ്കിലും ചെറിയ രീതിയിലെങ്കിലും ഈ അസുഖം ഉണ്ടങ്കിൽ അടുത്ത തലമുറയിലേക്ക് പകരാനുള്ള സാധ്യത കൂടുതലുള്ള രോഗാവസ്‌ഥയാണിത്. മനഃശാസ്‌ത്രപരമായ വസ്‌തുതകള്‍, കുടുംബപ്രശ്‌നങ്ങള്‍, അമിത പാപബോധം, തുടർച്ചയായുള്ള സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക സാംസ്‌കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖത്തിന്റെ ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.
ലക്ഷണങ്ങൾ
- ഒന്നിനോടും താല്‍പര്യമില്ലാതിരിക്കുക, മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, അച്ചടക്കം, ആഹാരം എന്നിവയിൽ അലസതയും താൽപര്യക്കുറവും.
- തന്നെ ആക്രമിക്കാൻ ആരോ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം, ബാഹ്യശക്‌തികൾ തന്റെ ചിന്തയെയും പ്രവർത്തികളെയും സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നിങ്ങനെ തെറ്റായതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ ചിന്തകൾ.
- അദൃശ്യവ്യക്‌തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത, അർഥമില്ലാത്ത സംസാരം, കണ്ണാടി നോക്കി ചേഷ്‌ടകൾ കാണിക്കുക, ആത്‌മഹത്യാ പ്രവണത.
- കഠിനമായ ദേഷ്യം, കൊലപാതക വാസന
ചികിത്സ
തുടക്കത്തിൽ തന്നെ ചികിൽസ ആരംഭിച്ചാല്‍ രോഗം സുഖപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. ഔഷധ ചികിൽസ, മനഃശാസ്‌ത്ര ചികിൽസ, അസുഖത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വളരെ പ്രധാനമാണ്.
തിരിച്ചറിയാൻ കഴിയുന്നതും കഴിയാത്തതുമായ ഒട്ടനവധി ലക്ഷണങ്ങളുള്ള സ്‌കിസോഫ്രീനിയാ രോഗികൾ നമുക്ക് ചുറ്റുമുണ്ട്. രോഗലക്ഷണം ചിലപ്പോൾ ഈ. എൻ. ടി പ്രശ്നമായി ഈ. എൻ. ടി ഓ. പി യിൽ പോകും , കണ്ണിന്‍റെ പ്രശ്നമായി ഓഫ്താൽമോളജി ഓ. പി യിൽ പോകും , വയറിന്‍റെ പ്രശ്നമായി ഗ്യാസ്ട്രോ ഓ.പി യിൽ പോകും , അതല്ലെങ്കിൽ വേറെ ചില പ്രശ്നങ്ങളായി അസ്ട്രോളജിസ്റ്റിന്‍റെയടുത്തോ ന്യൂമറോളജിസ്റ്റിന്‍റെയടുത്തോ പോകുന്നവരുമുണ്ട്. അവസാനം ഒരു സൈക്യാട്രിസ്റ്റിന്‍റെ മുമ്പിൽ എത്തുന്നത് വരെ ആ അലച്ചിൽ തുടർന്നു കൊണ്ടിരിക്കും.