പ്രമേഹമുള്ളവരിലാണ് സാധാരണയായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥ ഉണ്ടാകുന്നത്. ഈ അവസ്ഥയെ ഹൈപ്പോഗ്ലൈസീമിയ (Hypoglycemia) എന്നു പറയുന്നു. മറ്റുള്ളവരിൽ അപൂർവ്വമായാണ് ഇത് കാണുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 50 മി.ഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോഴാണ് തീവ്രമായ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്. അത് 70 മി.ഗ്രാം/ ഡെസിലിറ്ററില്‍ കുറയുമ്പോള്‍ തന്നെ രോഗിക്ക് ലക്ഷണങ്ങള്‍ ഉണ്ടാകും. പ്രായഭേദമെന്യേ എല്ലാവരിലും ഈ അവസ്ഥ കണ്ടുവരുന്നുണ്ട്.
ഹൈപ്പോഗ്ലൈസീമിയ ഉണ്ടായാൽ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകാം. ഇതുമൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഈ അവസ്ഥയെ ന്യൂറോഗ്ലൈക്കോപീനിയ എന്നു വിളിക്കുന്നു. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾക്ക് ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം വേണോ?
ഹൈപ്പോഗ്ലൈസീമിയയ്ക്കുള്ള കാരണങ്ങള്‍
ഇന്‍സുലിന്റെ അളവ് കൂടുക, പ്രമേഹനിയന്ത്രണ മരുന്നുകളുടെ ഡോസ് കൂടുക, കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് കുറയുക, അമിതമായി ശാരീരിക അധ്വാനം ചെയ്യുക എന്നിവയെല്ലാം ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാകും.
ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ
ക്ഷീണം തോന്നുക, അമിതമായി വിയർക്കുക, അമിത വിശപ്പ്, ദേഷ്യം, നെഞ്ചിടിപ്പ് കൂടുക, കണ്ണില്‍ ഇരുട്ട് കയറുക, കൈകാലുകളില്‍ വിറയല്‍, തലകറക്കവും തലവേദനയും എന്നിവയെല്ലാം ലക്ഷണങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ വാഴപ്പഴം കഴിയ്ക്കാമോ?
ഉടനെ ചെയ്യേണ്ടത്
അമേരിക്കൻ ഡയബെറ്റിസ് അസോസിയേഷൻ ഹൈപ്പോഗ്ലൈസീമിയ ചികിത്സിക്കാൻ "15-15 നിയമം" ശുപാർശ ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെങ്കിൽ മൂന്ന് സ്പൂൺ തേൻ / പഞ്ചസാര, ഒരു കപ്പ് പാൽ, 20 മുന്തിരി (ഇവയിലെല്ലാം 15 ഗ്രാം കാർബോഹൈഡ്രേറ്റ് വീതം അടങ്ങിയിരിക്കുന്നു) ഇവയിൽ ഏതെങ്കിലും ഒന്ന് കഴിച്ച് 15 മിനിറ്റിനുശേഷം ഷുഗർ പരിശോധിക്കണം. രക്തത്തിലെ പഞ്ചസാര ഇപ്പോഴും 70 mg/dL-ൽ താഴെയാണെങ്കിൽ, വീണ്ടും കഴിക്കുക. ഏറ്റവും കുറഞ്ഞത് (70 ന് മുകളിൽ) എത്തുന്നതുവരെ ഇത് തുടരുക.