രണ്ട് ചെമ്പക മരങ്ങൾ വീടുകളുടെ കിണറിന് ഇരുവശത്തായി നട്ടാൽ കിണറിലെ വെള്ളത്തിന് പരിശുദ്ധി ഉണ്ടാകും. ചെമ്പക മരത്തിന്റെ വേരും ഇലകളും കിണറ്റിലെ വെള്ളത്തെ ശുദ്ധീകരിക്കുന്നു. ചെമ്പക മരത്തിന്റെ ഇലകൾ കിണറ്റിനുള്ളിൽ വീണ അഴുകിയാൽ കിണറ്റിലെ വെള്ളം പരിശുദ്ധമാവും എന്നതാണ് അനുഭവസാക്ഷ്യം.
ചെമ്പകം ദേവാരാധ്യമായും ഭൂതാരാധ്യമായും എടുക്കുന്ന വൃക്ഷമാണ്. പല ഔഷധങ്ങൾക്കും ഗുണകരമോ ദോഷകരമോ ആയ താന്ത്രിക പ്രഭാവങ്ങൾ ഉള്ളതായി അഥർവവേദവും ആയുർവേദവും കണക്കാക്കുന്നു. ദോഷകരമായ താന്ത്രിക പ്രഭാവമുള്ള ഒരു ഔഷധമാണ് ചെമ്പകം.
ചെമ്പകം തെങ്ങിൻതോട്ടങ്ങളിൽ നട്ടുവളർത്തുന്നത് ചെള്ളുകളെ അകറ്റും എന്നു പറയുന്നു. ചെമ്പകപൂവിന്റെ മണം ചെള്ളുകൾക്ക് അസഹ്യമാണ്. ഇംഗ്ലീഷിൽ ജോയ് പെർഫ്യൂം ട്രീ എന്ന് പേരുള്ള ഈ മരത്തിന്റെ പൂക്കളിൽ നിന്ന് പലതരം സുഗന്ധ തൈലങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുന്നു. ലോകത്തിലെ ഏറ്റവും വില കൂടിയ പെർഫ്യൂം ഉണ്ടാക്കുന്നതിന് ഉപയോഗിച്ചുവരുന്ന പൂക്കളിൽ ചെമ്പകവും ഉൾപ്പെടുന്നു. കുപ്പിക്കുള്ളിൽ പനിനീർ നിറച്ച് അതിനുള്ളിൽ പൂക്കൾ ഇറക്കി വച്ച് വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുമെന്നും പറയുന്നു. സ്ത്രീകളുടെ മന്ദഹാസത്തിൽ ചെമ്പകപ്പൂ വിരിയുന്നു എന്ന് സങ്കൽപം,
നാട്ടുകുടുക്ക, വിറവാലൻ എന്നീ ശലഭങ്ങളുടെ ലാർവകളുടെ ഭക്ഷണസസ്യം കൂടിയാണ് ചെമ്പകം, ചെമ്പ്, അകം എന്നീ രണ്ടു പദങ്ങൾ ചേർന്നതാണ് ചെമ്പകം. അതായത് ചെമ്പിന്റെ തിളക്കത്തോടു കൂടിയ ഉൾഭാഗമുള്ളത് എന്നർഥം. അഴകാണ് ചെമ്പകം.
മലയാളിയുടെ പ്രിയപ്പെട്ട ചെമ്പകത്തിന് ഇനിയൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. പൂക്കുന്ന നാട്ട വൃക്ഷങ്ങളിൽ വച്ച് മലയാളിയുടെ മനസ്സിൽ ഏറ്റവും കൂടുതൽ കാൽപനികഭാവം വിടർത്തിയ മരമാണ് ചെമ്പകം. സാഹിത്യത്തിലും, ഗാനങ്ങളിലുമെല്ലാം ചെമ്പകപ്പൂവിതൾ എന്ന പ്രയോഗം പോലും സുഗന്ധ വാഹിനിയായ തെന്നൽപോലെ അനുഭൂതിയുണർത്തിയിരുന്നു.