വാൽവിലൂടെ രക്തം ചോരുന്ന അവസ്ഥയിലുള്ള രോഗിയിൽ ശസ്ത്രക്രിയ കൂടാതെ ഹൃദയവാൽവ് മാറ്റിവച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ടെക്‌നോളജിയിലെ ഡോക്ടർമാർ. ട്രാൻസ് കത്തീറ്റർ അയോട്ടിക്ക് വാൽവ് ഇംപ്ലാന്റേഷൻ എന്നറിയപ്പെടുന്ന ഈ ചികിത്സ സാധാരണഗതിയിൽ അപകടകരമായ വിധത്തിൽ ഇടുങ്ങിയ വാൽവോടുകൂടിയ രോഗികളിലാണ് ചെയ്യുന്നത്.
വാൽവിലൂടെ രക്തം ചോർന്നുപോകുന്ന സ്ഥിതിയിലുള്ള രോഗികളെ ഈ ചികിത്സയ്ക്ക് വിധേയരാക്കുന്നത് അപൂർവമാണെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു. ട്രാൻസ് കത്തീറ്റർ അയോട്ടിക്ക് വാൽവ് ഇംപ്ലാന്റേഷൻ വഴി ഇവരിൽ വാൽവ് മാറ്റുന്നത് എളുപ്പമല്ലാത്തതിനാൽ ശസ്ത്രക്രിയയാണ് ഇത്തരക്കാർക്ക് സാധാരണ നിർദ്ദേശിക്കുക.
തിരുവനന്തപുരം ആറാമട സ്വദേശിയായ ശ്രീകുമാരി അമ്മയെ (60) ആണ് ശ്രീചിത്രയിലെ അത്യപൂർവ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തത്.മറ്റുരോഗങ്ങളുള്ളതിനാൽ ഇവരിൽ ഹൃദയ ശസ്ത്രക്രിയ സാധ്യമായിരുന്നില്ല.
നെഞ്ച് തുറന്നുള്ള ഹൃദയശസ്ത്രക്രിയ ഒഴിവാക്കുന്നതിനൊപ്പം വേഗത്തിലുള്ള രോഗമുക്തിയും താരതമ്യേന കുറഞ്ഞ ആശുപത്രി വാസവുമാണ് ഈ ചികിത്സാരീതിയുടെ മേന്മ. മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, നേരത്തേ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവർ എന്നിവരിൽ ഈ ചികിത്സ കൂടുതൽ സുരക്ഷിതമാണ്. ട്രാൻസ് കത്തീറ്റർ അയോട്ടിക്ക് വാൽവ് ഇംപ്ലാന്റേഷൻ ചികിത്സയിൽ വിദേശത്തുനിന്ന് പരിശീലനം നേടിയ പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാർ, കാർഡിയാക് അനസ്‌തേഷ്യോളജിസ്റ്റുമാർ, കാർഡിയാക് സർജന്മാർ, വാസ്‌കുലാർ സർജന്മാർ, റേഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് ചികിത്സാ സംഘത്തിലുള്ളത്. ഉപയോഗിക്കുന്ന വാൽവിന് അനുസരിച്ച് 15-18 ലക്ഷം രൂപവരെയാണ് നിലവിൽ ഈ ചികിത്സയുടെ ചെലവ്.