തുളസിയിനങ്ങളിൽ ഗൃഹവൈദ്യത്തിലും ഹിന്ദുമതാനുഷ്ഠാനങ്ങളിലും ഒരുപോലെ പ്രാധാന്യമുള്ള ഇനമാണ് കൃഷ്ണതുളസി കൃഷ്ണതുളസിയുടെ ജന്മദേശം പടിഞ്ഞാറൻ ഭാരതവും പേർഷ്യയുമാണെന്ന് കരുതപ്പെടുന്നു. നാടൻ ഔഷധിയായ കൃഷ്ണതുളസി വീടുകളിൽ നട്ടു വളർത്തിയാൽ സന്തോഷം നിലനിൽക്കുമെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ഇന്നും നിലനിൽക്കുന്നു. ഭാരതത്തിൽ സ്ത്രീകൾ തുളസിയില മുടിയിൽ ചൂടുന്നത് ദീർഘമംഗല്യദായകമാണെന്ന് കരുതപ്പെടുന്നു.
ക്ഷേത്രത്തിൽ തീർത്ഥമുണ്ടാക്കാൻ അവശ്യം വേണ്ട പുഷ്പമാണ് കൃഷ്ണതുളസി ഇലകൾക്കും മറ്റു സസ്യഭാഗങ്ങൾക്കുമുള്ള പ്രത്യേക സുഗന്ധം ഈ ചെടിയുടെ സവിശേഷതയാണ്. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ വാർഷിക കുറ്റിച്ചെടിക്ക് ശാഖകളും ഉപശാഖകളുമുള്ള സസ്യപ്രകൃതിയാണുള്ളത്. ഇരുണ്ട നീലനിറമുള്ള തണ്ടുകൾ കൃഷ്ണതുളസിയെ മറ്റു തുളസികളിൽ നിന്നും വേർതിരിച്ചു നിർത്തുന്നു. ഇലകളും തണ്ടുകളും രോമാവൃതമാണ്.
ഔഷധപ്രാധാന്യം
“വീട്ടുമുറ്റത്തെ വൈദ്യൻ' എന്നാണ് തുളസിയെ വിശേഷിപ്പിക്കാറ്. കൃഷ്ണതുളസിയുടെ ഇലയ്ക്കാണ് സസ്യഭാഗങ്ങളിൽ കൂടുതൽ ഔഷധഗുണമുള്ളത്.
തുളസിയിലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശർക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാൽ ജലദോഷം തലേദിവസം തുളസിയിലയിട്ടു വച്ച വെള്ളം രാവിലെ കുടിക്കുന്നത്.
പലവിധ അസുഖങ്ങൾക്കും പ്രതിവിധിയാണ്. ചെറിയ കുട്ടികൾക്കുണ്ടാകുന്ന ചുമ, പനി ഇവയ്ക്ക് തുളസിയിലയും പനിക്കൂർക്കയിലയും വാട്ടി പിഴിഞ്ഞ് തേൻ ചേർത്ത് കൊടുത്താൽ മതിയാകും.
തുളസിയില പിഴിഞ്ഞു നീരെടുത്ത് അതിൽ കൽക്കണ്ടവും ചേർത്ത് കഴിക്കുന്നത് ജലദോഷത്തിന് പ്രതിവിധിയാണ്.
കുട്ടികളിൽ എക്കിൾ (എക്കിട്ടം) മാറുന്നതിന് തുളസിയില നീര് നല്ല ഔഷധമാണ്.
തുളസിയില, ഒരു ചുവന്നുള്ളി, ഒരു നുള്ള് ജീരകം, 2 കല്ല് ഉപ്പ് ഇവ നന്നായി കലർത്തി ഉരുട്ടി തുണിയിൽ കിഴികെട്ടി മൂക്കിൽ നസ്യം ചെയ്യുന്നത് മൂക്കിൽ നിന്നും കഫം ഇളകിപോകുവാൻ ഉപകരിക്കും.