ലാറ്റിൻ ഭാഷയിൽ മുസാ സപ്പിയെന്റം എന്നാണ് നേന്ത്രപ്പഴത്തിന് നൽകിയിരിക്കുന്ന നാമം.മുസാ സപ്പിയെന്റം എന്നാൽ വിദ്വാന്മാരുടെ ഫലം എന്നർത്ഥം.
ആരോഗ്യ- ബുദ്ധി ദായകമായ ഈ ഫലം ഭക്ഷിച്ചിരുന്നതുകൊണ്ടായിരിക്കണം ഭാരതത്തിലെ ഋഷികൾ അറിവിൻറെ ആഴികളായി വർത്തിച്ചിരുന്നത് എന്ന് ലാറ്റിൻ ജനത വിശ്വസിച്ചിരുന്നു. ആഫ്രിക്കകാരാണ് നേന്ത്രപ്പഴതിന് ബനാന എന്ന സുന്ദരനാമം നൽകിയത്. പിന്നീട് ഈ പേര് ഇംഗ്ലീഷുകാർ അങ്ങനെ തന്നെ സ്വീകരിച്ചു.
ഭാരതത്തിൽ നേന്ത്രകൃഷി എന്ന് ആരംഭിച്ചു എന്ന് പറയുക അസാധ്യമാണ്. പ്രാചീനകാലം മുതൽ ഇത് ഉണ്ടായിരുന്നിരിക്കണം. അലക്സാണ്ടറുടെ ആക്രമണകാലത്ത് നേന്ത്രപ്പഴം സുലഭമായി ലഭിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ഉഷ്ണമേഖലാപ്രദേശങ്ങളിൽ സമൃദ്ധിയായി വളരുന്ന ഒന്നാണ് നേന്ത്രവാഴ. കേരളത്തിലെ മണ്ണും കാലാവസ്ഥയും ഇതിന് ഏറ്റവും യോജിച്ചതാണ്. ചില ആഫ്രിക്കൻ നാടുകളിലെ പ്രധാന ഭക്ഷ്യവസ്തുവാണ് നേന്ത്രപ്പഴം.
ഭക്ഷ്യവസ്തു എന്ന് മാത്രമല്ല, ഔഷധം എന്ന നിലയിലും നേന്ത്രപ്പഴതിന് ഫലങ്ങളുടെ ഇടയിൽ പ്രധാന സ്ഥാനമുണ്ട്. നല്ല മൂത്ത നേന്ത്രക്കായ അന്നജം, പ്രോട്ടീൻ, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയുടെ കലവറയായി വർത്തിക്കുന്നു. രണ്ടു നേന്ത്രപ്പഴവും ഒരു ഗ്ലാസ് പാലും കൂടിയാൽ ഉത്തമമായ ഒരു സമീകൃത ആഹാരം എന്ന് പറയാം.
ദിവസേന ഓരോ നേന്ത്രപ്പഴം കഴിച്ചാൽ അത് ഒരു ടോണിക്കിന്റെ ഫലം നൽകും.
നേന്ത്രപ്പഴം തൈരിൽ ഉടച്ച് ചേർത്ത് മധുരത്തിന് തേനും കൂട്ടി ദിവസേന ശീലിച്ചാൽ ശരീരത്തിന് ബലവും രോഗപ്രതിരോധ ശക്തിയും ഉണ്ടാകുന്നതാണ്.
ശിശുക്കൾക്കും ബാലൻമാർക്കും ഇത് വിശേഷപ്പെട്ട ഒരു ഭക്ഷണമാണ് എന്നതിൽ പക്ഷത്തിനു വഴിയില്ല. മൂത്ത നേന്ത്രക്കായ അരിഞ്ഞു ഉണക്കിപ്പൊടിച്ച് കുറുക്കി ശിശുക്കൾക്ക് കൊടുത്താൽ പരസ്യത്തിൽ കാണുന്ന ബോണി ബേബീസ് ആയി വളരും. ടീൻ പൗഡർ കഴിച്ചു വളരുന്ന കുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള വയറിളക്കവും മറ്റും ഈ ബനാന ബേബിസിനെ അലട്ടുകയില്ല. ഉപയോഗിച്ചവർക്ക് അറിയാവുന്ന ഒരു സത്യമാണത്.
നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുക്കിയോ കഞ്ഞിയോ കഴിക്കുന്നത് വയറുകടി, അതിസാരം, ആമാശയ വ്രണം, മൂത്രരോഗങ്ങൾ എന്നിവയ്ക്ക് ആശ്വാസദായകമാണ്.
ഇതിലെ അന്നജം ഹിതമാക്കയാൽ പ്രമേഹക്കാർക്ക് ഇത് ഉപയോഗിക്കുന്നതിൽ തെറ്റില്ല.
നേന്ത്രക്കായ വറുത്തത് ഒരു ലഘുഭക്ഷണം ആക്കാൻ എന്തുകൊണ്ടും യോഗ്യമാണ്.
തളർച്ച അകറ്റി ഉന്മേഷം നൽകുവാനുള്ള നേന്ത്രപ്പഴത്തിൽ കഴിവ് അപാരമാണ്. ഡെക്സ്‌ട്രൊസ്,ലെവ്യൂലോസ്, സുക്രോസ് എന്നീ മധുരത്തിൻറെ അംശങ്ങൾ അതിവേഗം ശരീരത്തിൽ സ്വീകരിക്കപ്പെടുന്നു എന്നുള്ളതാണ് ഇതിൻറെ സവിശേഷത. പഴത്തിന്റെ മറ്റ് അംശങ്ങൾ ദഹിക്കുവാൻ ഏകദേശം രണ്ടു മണിക്കൂർ സമയം എടുക്കും.
ഒരു നേന്ത്രപ്പഴം ശുദ്ധമായ തേനും ചേർത്ത് നിത്യവും കഴിച്ചാൽ രക്തക്ഷയം, രക്തപിത്തം, ക്ഷയം, കരൾ കട്ടിയാക്കൽ, പിള്ളവാതം, നീറ്റലോട് കൂടിയ മൂത്രംപോക്ക് എന്നിവയ്ക്ക് ആശ്വാസമേകും.
ചുമയ്ക്കും നേന്ത്രപ്പഴം ഉത്തമമാണ്.
പഴത്തോട് കൂടി കുറച്ച് കുരുമുളക് പൊടി ചേർത്ത് കഴിച്ചു നോക്കൂ.
വെള്ളപോക്ക് അധികമുള്ള സ്ത്രീകൾ ദിവസവും ഓരോ നേന്ത്രപ്പഴം കഴിച്ചാൽ പ്രത്യേക മരുന്നുകൾ ഒന്നും കൂടാതെ തന്നെ ഈ അസുഖം ഇല്ലാതാക്കാം. നേന്ത്രപ്പഴം ഉടച്ച് നെല്ലിക്കാനീരും തേനും ചേർത്തു സേവിച്ചാൽ മൂത്രത്തോടൊപ്പം വെള്ളനിറത്തിൽ നൂല് പോലെ പോകുന്നത് സുഖപ്പെടും. പച്ചക്കായയുടെ പൊടി പാലിൽ തിളപ്പിച്ച് കഴിക്കുന്നത് നന്ദി.
ആമാശയത്തിൽ അമ്ലത്തിന്റെ ആധിക്യം ഉള്ളവർക്ക് നേന്ത്രപ്പഴം ഔഷധമാണ്.
ആരംഭത്തിൽ ആണെങ്കിൽ ക്ഷയരോഗത്തിൽ നിന്ന് മോചനം നേടാൻ ഇതിൻറെ ഉപയോഗം സഹായിച്ചേക്കും. ദിവസേന ഓരോ പഴതൊലി കറുക്കുന്നതുവരെ ചുടുകയോ പുഴുങ്ങുകയോ ചെയ്യുക.
ഏലക്കാപൊടിയും കരയാമ്പുപൊടിയും ചേർത്ത് കഴിക്കുക.
ശരീരം ശോഷിച്ച ശിശുക്കൾക്ക് നേന്ത്രപ്പഴം
ചെമ്പ് കുഴലിൽ ഇട്ടു കനലിൽ ചുട്ടെടുത്തു ഉടച്ച് ദിവസേന നൽകിയാൽ ദേഹപുഷ്ടി ഉണ്ടാകും.
പഴുത്ത നേന്ത്രകായ ഉടച്ചു പരുവിന്മേൽ പുരട്ടിയാൽ അവ പൊട്ടി വേഗം സുഖം പ്രാപിക്കുന്നതാണ്.
തീപൊള്ളിയ സ്ഥലങ്ങളിലും നേന്ത്രപ്പഴം ഉടച്ച് പരത്തി ഇടുന്നത് ശമനമേകും.
സൗന്ദര്യ വർദ്ധനവിന് ഇതിൻറെ ഉപയോഗം സഹായകമാണ്.
മുഖത്തുണ്ടാകുന്ന കലകൾ, വരൾച്ച, കുരുക്കൾ എന്നിവ ഇല്ലാതാക്കാൻ
കുറച്ച് പനിനീർപൂക്കൾ പിഴിഞ്ഞ നീരും നല്ലപോലെ പഴുത്ത നേന്ത്രപ്പഴം ഉടച്ചതും ചേർത്തു മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക.
ഇപ്രകാരം കുറച്ചു നാൾ ചെയ്താൽ മുഖത്തിന് മിനുസവും ശോഭയും കൈവരുന്നതാണ്. പഴം പോലെതന്നെ ഇതിൻറെ തൊലിയും ഔഷധയോഗ്യമാണ്. തൊലിക്കഷായം വയറിളക്കത്തിന്റെ ആദ്യഘട്ടത്തിൽ ഗുണകരമാണ്.
ടൈഫോയിഡ്, അതിസാരം, വയറ്റിൽ പുണ്ണ്, പ്രമേഹം, ക്ഷയം എന്നീ രോഗങ്ങളുടെ ചികിത്സാഘട്ടങ്ങളിലും നേന്ത്രപ്പഴം ദഹനത്തിന് അനുസരിച്ച് ഉയോഗിക്കുന്നത് ഉത്തമം അത്രേ.
ചിലർ തൊലി കറുത്ത നേന്ത്രപ്പഴം ഉപയോഗിക്കാൻ ഇഷ്ടപ്പെടാറില്ല. തോലിയിലുള്ള ഇരുമ്പ് സത്ത് പഴത്തിൽ ചേർന്നതിന്റെ അടയാളം ആണത്. ഗുണത്തിൽ ഇത്തരം പഴമാണ് കൂടുതൽ മെച്ചപ്പെട്ടവ.
ആപ്പിൾ പോലെ തന്നെ നേന്ത്രപ്പഴവും തലച്ചോറിന് ഉത്തേജനം
ആകയാൽ തളർച്ച അകറ്റി ഉന്മേഷം നൽകുവാനുള്ള ഇതിൻറെ കഴിവും പ്രത്യേകം പ്രസ്താവ്യമാണ്.
ജമൈക്ക ദ്വീപിലെ ജനങ്ങളുടെ പ്രധാന ഭക്ഷണം നേന്ത്രപ്പഴം ആണെന്നും അത് ഇല്ലായിരുന്നുവെങ്കിൽ ആ രാജ്യം മനുഷ്യവാസത്തിന് പറ്റുമായിരുന്നില്ല എന്നും 130 വർഷങ്ങൾക്കു മുമ്പ് അവിടം സന്ദർശിച്ച വില്യം റൈറ്റ് എന്നൊരു വിദേശസഞ്ചാരി എഴുതിയിട്ടുണ്ട്.
ഓജസ്കരമായ പല പദാർത്ഥങ്ങൾ നേന്ത്രക്കായ കൊണ്ടു ഉണ്ടാക്കി വരുന്നുണ്ട്.
പച്ച നേന്ത്രക്കായ കൊണ്ടുള്ള എരിശ്ശേരി, പുഴുക്ക്, മെഴുക്കുപുരട്ടി, എന്നിവ വീടുകളിലെ കറികളിൽ ഉൾപ്പെടുന്നു.
പഴം മുക്കി പൊരിച്ചും നെയ്യിൽ വരട്ടിയും വീടുകളിൽ സൂക്ഷിക്കാറുണ്ട്.
ഏത്തപ്പഴം കൊണ്ട് രുചിപ്രദമായ പായസവും തയ്യാറാക്കാം. മൂത്ത് പഴുത്ത അഞ്ച് നേന്ത്രക്കായ ആവിയിൽ പുഴുങ്ങി തൊലിയും നാരും നീക്കി നുറുക്കുക. ഒരു നാളികേരം ചിരകി പിഴിഞ്ഞ് ആദ്യത്തെ പാലെടുത്ത് മാറ്റി വച്ച് അടുത്ത പാലിൽ നേന്ത്രപ്പഴം നുറുക്കി വെച്ചിരിക്കുന്നത് ഇട്ട് പാകത്തിന് പഞ്ചസാരയും ചേർത്ത് നല്ലപോലെ വേവിച്ച് ഒരു മേശക്കരണ്ടി നെയ്യും കുറച്ച് ഏലയ്ക്കാപ്പൊടിയും ചേർക്കുക. വേണ്ടത്ര അരി പൊടിയും വെള്ളത്തിൽ കലക്കി ഒഴിച്ച് ഒന്നുകൂടി തിളപ്പിച്ചാൽ ബനാനപായസം ആയി.
ബനാന പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെയാണ്
നല്ലപോലെ പഴുത്ത 8 നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങി ആറുമ്പോൾ തൊലികളഞ്ഞ് നല്ലപോലെ ഉടയ്ക്കുക. നാല് കോഴിമുട്ടയും നാല് ടീസ്പൂൺ പഞ്ചസാരയും രണ്ട് കപ്പ് പാലും ചേർത്ത് കുറുകി വാനില എസെൻസും ചേർത്ത് നെയ്യ് പുരട്ടിയ പാത്രത്തിൽ ആക്കി ആവിയിൽ പുഴുങ്ങുക. തീയിൽ കരിയാതെ വെന്ത് എടുത്താലും മതിയാകും.
ഇനി ഹൽവ ഉണ്ടാക്കുന്നതിനെ കുറിച്ച് പറയാം.
നേന്ത്രപ്പഴം നല്ലതുപോലെ പുഴുങ്ങി തൊലിയും നാരും മാറ്റി നല്ലപോലെ ഉടയ്ക്കുക. ഒരു ഉരുളിയിൽ പഞ്ചസാര കാച്ചി പാവാക്കി ഉടച്ച പഴം അതിലിട്ട് ഇളക്കുക. കട്ടിയായി തുടങ്ങുമ്പോൾ കുറച്ച് ഏലത്തരിയും വേണ്ടത്ര നെയ്യും ചേർത്തിളക്കി ഹൽവ പാകമാകുമ്പോൾ അടുപ്പിൽ നിന്നിറക്കി നെയ്യ് പുരട്ടിയ പരന്ന പാത്രത്തിൽ പരത്തുക. ചൂടാറുമ്പോൾ മുറിച്ചെടുത്ത് ഉപയോഗിക്കാം. രുചി പ്രദവും പോഷകപ്രദമായ ഇത് അധികനാൾ സൂക്ഷിക്കാവുന്നതാണ്. അണ്ടിപ്പരിപ്പ്, കിസ്മിസ്, ജീരകപ്പൊടി എന്നിവയും മേൽപ്പറഞ്ഞവയിൽ ചേർക്കാം.