പ്രായഭേദമെന്യേ ആരേയും ബാധിക്കാവുന്ന റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആമവാതം) ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. അതായത് രോഗ പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു അവസ്ഥയാണിത്. ഈ രോഗം സന്ധികളെ ബാധിക്കുന്നതിനാൽ, ഇത് സന്ധികളില്‍ നീരിനും വീക്കത്തിനും കാരണമാകുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസിൻറെ ലക്ഷണങ്ങളെ കുറിച്ച് നോക്കാം.
- സന്ധികള്‍ ചുവന്നിരിക്കുന്നത് റൂമറ്റോയ്ഡ് ആർത്രൈറ്റിസിൻറെ പ്രാരംഭ ലക്ഷണമാണ്. കോശസംയുക്തങ്ങള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ചുവന്ന നിറത്തിന് കാരണം. ഇതിനോടൊപ്പം കൈകാലുകളിലെ സന്ധികളുടെ ഭാഗത്തുള്ള ചര്‍മ്മത്തിനും നിറവ്യത്യാസം അനുഭവപ്പെടാം.
- ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ കൈകൾ, വിരലുകൾ, കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ വേദനയും വീക്കവുമാണ്. രാവിലെ ഉണരുമ്പോള്‍ ആണ് ഇത് കൂടുതലും അനുഭവപ്പെടുക. രാവിലെ ഉണരുമ്പോള്‍ സന്ധികള്‍ക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുന്നത് ആമവാതത്തിന്‍റെ ഒരു ലക്ഷണമാകാം.
ബന്ധപ്പെട്ട വാർത്തകൾ: സന്ധിവാതം: മഴക്കാലത്തുണ്ടാവുന്ന സന്ധി വേദനയെ മറികടക്കാൻ ഇവ ശ്രദ്ധിക്കാം
- ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടുന്നത് മറ്റൊരു ലക്ഷണമാണ്. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക. മരവിപ്പ് പലപ്പോഴും സന്ധി വേദനക്ക് വഴിമാറുന്നു. കൈകാലുകൾ ഇളക്കുമ്പോഴോ വെറുതെയിരിക്കുമ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും കൈക്കുഴകളിലുമാണ് വേദനയനുഭവപ്പെടുക. പിന്നീട് കാൽമുട്ട്, കാൽപാദം, കണങ്കാൽ, ചുമൽ എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടാം.
- സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കവും ബലഹീനതയും ചലിക്കാനുള്ള ഒരാളുടെ കഴിവിനെയും ചിലപ്പോള്‍ ബാധിക്കാം.
- പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, പനി, വിശപ്പില്ലായ്മ എന്നിവയും ചിലപ്പോള്‍ ഈ രോഗത്തിന്‍റെ സൂചനയാകാം.
- അമിതമായ ക്ഷീണം, തളര്‍ച്ച എന്നിവ ഈ രോഗത്തിന്റെയും ലക്ഷണമാണ്.