തൃശ്ശൂർ: സംസ്ഥാന കൃഷി വകുപ്പും മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ തളിര്‍ ഗ്രൂപ്പും സംയുക്തമായി കയ്പമംഗലം മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 10 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ തോട്ടങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു.
മണ്ഡലത്തിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പദ്ധതി ആവിഷ്‌കരിക്കുന്നതിനുമായി വിളിച്ച് ചേര്‍ത്ത മണ്ഡലത്തിലെ കൃഷി ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ വിജയകരമായി നടപ്പാക്കിവരുന്ന തളിര്‍ പദ്ധതിയുടെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളിലേക്കും ആവശ്യമായ ശീതകാല പച്ചക്കറിതൈകളും വിതരണം ചെയ്യുമെന്നും എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ ബ്ലോക്ക് കൃഷി ഓഫീസര്‍ എം. അനില പദ്ധതി വിശദീകരിച്ചു. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതന്‍, എറിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൈസിയ ഷാജഹാന്‍,
എടത്തിരുത്തി വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രന്‍, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ അയ്യൂബ്, കൃഷി ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.