Updated on: 20 February, 2026 12:42 PM IST
ഇന്നത്തെ കാർഷിക വാർത്തകൾ 20/02/2026
  • സമൃദ്ധി കേരളം വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ മുഖേന നടപ്പിലാക്കുന്ന 'സമൃദ്ധി കേരളം' ടോപ്പ് അപ്പ് ലോണ്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ ബിസിനസ് വികസനവും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യം വച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് പരമാവധി പത്തു ലക്ഷം രൂപ വരെ ടേം ലോണ്‍ / വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണ്‍ ആയി നല്‍കും. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം മൂന്ന് ശതമാനം അറ്റ വാര്‍ഷിക പലിശ നിരക്കിലോ അല്ലെങ്കില്‍ 20 ശതമാനം വരെ ഫ്രണ്ട് എന്‍ഡഡ് സബ്സിഡി രൂപത്തില്‍ (പരമാവധി 2 ലക്ഷം രൂപ വരെ) പദ്ധതിയുടെ ആനുകൂല്യം തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ, സംരഭത്തിന്റെ വികസനം ലക്ഷ്യം വച്ച് വായ്പ അനുവദിച്ച് ആദ്യത്തെ രണ്ട് വര്‍ഷം മെന്ററിംഗ് സപ്പോര്‍ട്ട് നല്‍കും. പദ്ധതിയില്‍ വനിതാ സംരംഭകര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ മലപ്പുറം കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 9400068510, 0483 2731496.

  • മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യാന്‍ സ്‌പെഷ്യല്‍ ഹെല്‍പ് ഡെസ്‌ക്

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ മത്സ്യവിതരണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വം രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തൊഴില്‍ കാര്‍ഡ് (ആരോഗ്യ / തദ്ദേശ / ഫിഷറീസ് വകുപ്പുകളില്‍ നിന്നും അനുവദിച്ചത്), ബാങ്ക് പാസ് ബുക്ക്, എല്‍.എസ്.ജി.ഡി, പേര്, വാര്‍ഡ് നമ്പര്‍, വാട്സ്ആപ്പ് മൊബൈല്‍ നമ്പര്‍, എന്നിവ ഉള്‍പ്പെടെ നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ അപേക്ഷ 9497715580 എന്ന മേഖല ഓഫീസിലെ വാട്സ്ആപ്പ് നമ്പറിലേക്ക് ഫെബ്രുവരി 28 ന് മുമ്പായി അയയ്ക്കേണ്ടതാണ്.

മത്സ്യവിതരണ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, 50,000 രൂപയുടെ മാരകരോഗ ചികിത്സാ പദ്ധതി, 25,000 രൂപ വിവാഹ ധനസഹായം, രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ, തൊഴിലിനിടയില്‍ ആകസ്മിക മരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ ,സ്വാഭാവിക മരണത്തിന് 15,000 രൂപ, അപകടത്തില്‍പ്പെട്ട തൊഴില്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് ചെറുകിട സംരംഭം ആരംഭിക്കുന്നതിന് 25,000 രൂപ, വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്നുണ്ട്. അംഗത്വം സ്വീകരിച്ചു കൃത്യമായി വാര്‍ഷിക വിഹിതം 600 രൂപ അടയ്ക്കുന്ന അനുബന്ധ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി ആനുകൂല്യങ്ങള്‍ സമയബന്ധിതമായി കുടിശ്ശികയില്ലാതെ നല്‍കി വരുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള 10 റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നതിന് വിതരണ തൊഴിലാളികളുടെ കുട്ടികള്‍ക്കും അഡ്മിഷന്‍ നല്‍കുന്നതിനും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.

  • മുട്ടക്കോഴി വളര്‍ത്തല്‍: പരിശീലനം
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ഫെബ്രുവരി 24-ാം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ സൗജന്യ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ 0491 2815454 എന്ന ഫോൺ നമ്പരിൽ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലന സമയത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.
  • പന്നിവളര്‍ത്തല്‍: പരിശീലനം

തെക്കീബസാറില്‍ കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 23, 24 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ പന്നി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 21-ാം തീയതി വൈകുന്നേരം നാലു മണിക്കകം പരിശീലനകേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0497-2763473.

English Summary: Kerala agri news as on 20.02.2026
Published on: 20 February 2026, 12:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now