കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വേതനമായി ഈ സാമ്പത്തിക വർഷം ഇതുവരെ 10470.52 ലക്ഷം രൂപ ജില്ലയിൽ ചെലവഴിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവൃത്തികൾ നിരീക്ഷിക്കുന്നതിനുള്ള ഫീൽഡ് തല പരിശോധനയുടെ ഭാഗമായി വിജയപുരം ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ജില്ലാകളക്ടർ. മെറ്റീരിയൽ ഇനത്തിൽ ജില്ലയിൽ 4307.88 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
ഇതുവരെ 40,78,802 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. സുഭിക്ഷകേരളം പദ്ധതിയിലൂടെ 1094 കാലിത്തൊഴുത്ത്, 1303 ആട്ടിൻകൂട്, 1344 കോഴിക്കൂട് എന്നിവ നിർമിച്ചു. ശുചിത്വകേരളം പദ്ധതിയിലൂടെ 1957 കമ്പോസ്റ്റ് പിറ്റ്, 2264 സോക് പിറ്റ് എന്നിവയും നിർമിച്ചിട്ടുണ്ട്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഏരിയാ ഓഫീസർ മോണിറ്ററിംഗ് വിസിറ്റ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഫീൽഡുതല പരിശോധന നടത്തുന്നത്.
സുഭിക്ഷകേരളം പദ്ധതി പ്രകാരം കൃഷിഭവനിൽ നിന്നും ലഭിക്കുന്ന സേവനങ്ങള്‍
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സാമൂഹികവനവൽക്കരണ വിഭാഗവുമായി ചേർന്ന് നിർമിച്ച നഴ്സറി, 16-ാം വാർഡിലെ ത്രിവേണി സ്വയംസഹായ സംഘത്തിനുള്ള എസ്.എച്ച്.ജി. വർക്ക് ഷെഡ് നിർമാണം എന്നീ പ്രവൃത്തികളുടെ പരിശോധനയാണ് കളക്ടർ നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയിലെ നിർമാണ പ്രവൃത്തികൾ മാസംതോറും കളക്ടർ പരിശോധിക്കുന്നുണ്ട്.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററായ പി.എസ്. ഷിനോ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ധനുജ സുരേന്ദ്രൻ, ബി.ഡി.ഒ. ഡി. ഉത്തമൻ എന്നിവർ പങ്കെടുത്തു.