പാലക്കാട്: വ്യവസായ വകുപ്പ് കുടുംബശ്രീ-സഹകരണ-കൃഷി-ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയിലൂടെ ജില്ലയില്‍ ഇത് വരെ 11636 സംരംഭങ്ങള്‍ ആരംഭിച്ചു. അതുവഴി 25553 തൊഴിലവസരങ്ങള്‍ ഉണ്ടായി. 616.82 കോടിയുടെ നിക്ഷേപമാണ് ജില്ലയ്ക്കുണ്ടായത്. സംസ്ഥാനത്ത്, ജില്ല നിലവില്‍ ഏഴാം സ്ഥാനത്താണെന്ന് വ്യവസായ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പദ്ധതി നടത്തിപ്പിനായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ പുതിയ സംരംഭകനും സംരംഭം തുടങ്ങാന്‍ ആവശ്യമായ പിന്തുണയും സംരംഭത്തെ കുറിച്ചുള്ള സംശയങ്ങളും ദുരീകരിക്കാനുമായി ഇന്റേണ്‍സിന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. ജില്ലയില്‍ പഞ്ചായത്ത്-നഗരസഭാ തലത്തില്‍ 103 ഇന്റേണ്‍സിനെ നിയമിച്ചിട്ടുണ്ട്. സംരംഭം ആരംഭിക്കാനുള്ള സഹായം, ഫീല്‍ഡ് സന്ദര്‍ശിച്ച് സംശയങ്ങള്‍ ദൂരീകരിക്കുക, സംരംഭം തുടങ്ങാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇന്റേണ്‍സിന്റെ ചുമതലയെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കേരള സംസ്ഥാന ഫിഷറീസ് നയം (Kerala State Fisheries Policy)
പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സംരംഭകന് എന്താണ് ചെയ്യേണ്ടതെന്നും പ്രോജക്ട് റിപ്പോര്‍ട്ട്, മിഷനറി സംവിധാനങ്ങളുടെ ലഭ്യത, അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം, തുടങ്ങിയ എല്ലാ വിവരങ്ങളും ബന്ധപ്പെടുത്തി കൊടുക്കുന്നതും ഇന്റേണ്‍സിന്റെ ചുമതലകളാണ്. ഇതിനു പുറമെ തൊഴില്‍ സഭകളിലൂടെ കൂടുതല്‍ സംരംഭകരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ജോണ്‍ പറഞ്ഞു. താത്്പര്യമുള്ളവരെ സംരംഭകരാക്കാനായി 2022 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭാകളിലായി ഇത് വരെ 210 ഓളം ലോണ്‍, ലൈസന്‍സ്, സബ്‌സിഡി, മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ജനറല്‍ ഓറിയന്റഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചതില്‍ 4123 പേര് പങ്കെടുത്തു 532 ലോണ്‍ അപേക്ഷകള്‍ ലഭിച്ചപ്പോള്‍ 325 എണ്ണം അനുവദിച്ചതായും ബാക്കി 207 എണ്ണം ബാങ്ക് പരിശോധനയിലാണെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, തലങ്ങളില്‍ തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തിയത്. താലൂക്ക് അടിസ്ഥാനത്തില്‍ ഒറ്റപ്പാലത്ത് 4345 സംരംഭങ്ങളാണ് ലക്ഷ്യം നിലവില്‍ 3680 സംരംഭങ്ങള്‍ ആരംഭിച്ചു. മണ്ണാര്‍ക്കാട് 1636 സംരംഭങ്ങള്‍ ലക്ഷ്യമിട്ടതില്‍ നിലവില്‍ 1580 സംരംഭങ്ങള്‍ ആരംഭിച്ചു. ചിറ്റൂരില്‍ 2574 സംരംഭങ്ങളാണ് ലക്ഷ്യം അതില്‍ 2595 സംരംഭങ്ങള്‍ ആരംഭിച്ചു. ആലത്തൂരില്‍ 1853 സംരംഭങ്ങളില്‍ നിലവില്‍ 1529 സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട് .പാലക്കാട് ലക്ഷ്യമിട്ട 2313 സംരംഭങ്ങളില്‍ നിലവില്‍ 2266 സംരംങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു