തിരുവനന്തപുരം: കേരളത്തിന് റെയിൽ വികസനത്തിനായി 2,033 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഡിസംബറിൽ യാഥാർഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ബജറ്റിൽ കേരള - തമിഴ്നാട് സംസ്ഥാനങ്ങൾക്കായ് അനുവദിച്ച പദ്ധതികളും വകയിരുത്തലും സംബന്ധിച്ച് വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: സഹകരണ പഞ്ചസാര മില്ലുകൾക്ക് 10,000 കോടിയുടെ ആദായനികുതി ഇളവ് ഏർപ്പെടുത്തി കേന്ദ്ര ബജറ്റ്
2023-24 കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്കായുള്ള വകയിരുത്തലിൽ കേരളത്തിന് 2,033 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2009-14 കാലയളവിൽ ഇതു 372 കോടി രൂപയായിരുന്നു. വന്ദേ മെട്രോ, ഹൈഡ്രജൻ ട്രെയിൻ തുടങ്ങി രണ്ട് പ്രധാന ആശയങ്ങൾ അടിസ്ഥാനമാക്കിയാണ് റെയിൽ വികസനം നടപ്പാക്കുന്നത്. 100 കിലോമീറ്ററിൽ താഴെ ദൂരമുള്ള സമീപ നഗരങ്ങളെ ബന്ധിപ്പിക്കാൻ വന്ദേ മെട്രോ ട്രെയിൻ കേരളത്തിൽ ആരംഭിക്കും. ഒന്നര വർഷത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം മുഴുവൻ സമയം സർവീസ് ആയി ഇതിനെ മാറ്റുമെന്ന് റെയിൽ മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മില്ലറ്റുകളുടെ ആഗോള ഹബ്ബായി ഇന്ത്യയെ മാറ്റാൻ ഊന്നൽ നൽകി കേന്ദ്ര ബജറ്റ്
യൂറോപ് മാതൃകയിൽ പ്രാദേശിക കണക്ടിവിറ്റിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കേരളവും തമിഴ്നാടുമാണ്. റെയിൽ വികസനത്തിന് തമിഴ്നാടിന് 6,080 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിലെ വകയിരുത്തലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
കേരളത്തിൽ പുതിയ റെയിൽ പാത നിർമാണത്തിന് 2023-24 ബജറ്റിൽ 100.25 കോടി രൂപ വകയിരുത്തിയതായി വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്ത ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ശ്രീ ആർ എൻ സിംഗ് അറിയിച്ചു. കേരളത്തിലെ പാത ഇരട്ടിപ്പിക്കലിന് 193.49 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം -മംഗളൂരൂ റെയിൽ പാത സംബന്ധിച്ച പഠനം സെപ്റ്റംബറോടെ പൂർത്തിയാക്കും.പുതിയ പാമ്പൻ പാലം ജൂൺ മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.