1. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 22 ടൺ റേഷനരി പിടികൂടി. വിരുദ നഗറിൽനിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ കടത്തിയ 382 ചാക്ക് അരിയാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ സൗജന്യ നിരക്കിൽ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന പച്ചരിയും പുഴുക്കലരിയുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കൂടിയ നിരക്കിൽ കേരളത്തിൽ വിൽക്കാനാണ് ഇത്തരത്തിൽ അരി കടത്തുന്നത്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ കൊണ്ടുവരുന്നതിന്റെ മറവിൽ പതിവായി റേഷനരി കടത്തുന്നുണ്ടെന്നാണ് വിവരം.
കൂടുതൽ വാർത്തകൾ: PM KISAN; പന്ത്രണ്ടാം ഗഡു ലഭിക്കാതെ 2 കോടിയോളം കർഷകർ
2. തേങ്ങയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പത്തനംതിട്ട ഇടമുളയ്ക്കൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ലഭിക്കുകയും, തെങ്ങുകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. ഇന്ത്യയിലെ ആദ്യത്തെ FPO കോൾ സെന്റർ ലോഞ്ച് ചെയ്ത് കൃഷി ജാഗരൺ. കൃഷി ജാഗരണും എഎഫ്‌സി ഇന്ത്യ ലിമിറ്റഡും ചേർന്നാണ് കോൾ സെന്റർ ആരംഭിച്ചത്. കാൾ സെന്ററിന്റെ ഉദ്ഘാടനം Ministry of Agriculture and Farmers Welfare Joint Secretary ഡോ. വിജയ ലക്ഷ്മി നതേന്ദ്ല ഐഎഎസ് നിർവഹിച്ചു. എഎഫ്സി ഇന്ത്യ ലിമിറ്റഡ് എംഡി മഷാർ വേലപുരത്ത്, കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്, ഡയറക്ടർ ഷൈനി ഡൊമിനിക് എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
4. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ന്റെ ലോഗോ പ്രകാശനം ചെയ്തു. ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി, റവന്യു മന്ത്രി കെ. രാജൻ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. ഫെബ്രുവരി 10 മുതൽ 15 വരെ തൃശ്ശൂർ മണ്ണുത്തി വെറ്റിനറി യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് ക്ഷീരസംഗമം നടക്കുന്നത്.
5. കഴിഞ്ഞ വർഷം സപ്ലൈകോ വിറ്റഴിച്ചത് 665.72 കോടി രൂപയുടെ മാവേലി നോൺ-സബ്സിഡി ഉത്പന്നങ്ങൾ. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്. സപ്ലൈകോ പർച്ചേസ് വിഭാഗം നേരിട്ട് വാങ്ങി, കുറഞ്ഞ മാർജിനിൽ വിൽപ്പന നടത്തുന്ന മുപ്പതിലധികം അവശ്യ ഭക്ഷ്യവസ്തുക്കളാണ് മാവേലി നോൺ സബ്സിഡി വിഭാഗത്തിലുള്ളത്. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് ഇനത്തിൽ 1081.53 കോടി രൂപയും ശബരി ഉൽപ്പന്നങ്ങളിൽ 199.74 കോടി രൂപയുമാണ് വിറ്റുവരവ്.
6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലങ്ങാട് കുരീച്ചാൽ പാടശേഖരത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വനിതാ കർഷകരുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയ്ക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. അടുത്ത സീസണിൽ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
7. കേരളത്തിൽ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ നിരോധിച്ച് ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും, സമയവും, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നതും വ്യക്തമാക്കിയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫുഡ്സേഫ്റ്റി സ്റ്റാന്റേർഡ്സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.
8. എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. മത്സ്യബന്ധന എഞ്ചിനുകള്‍ക്ക് ആവശ്യമായ എല്‍.പി.ജി കിറ്റുകളുടെ വിതരണം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇൻഷ്വറൻസ് ഇല്ലാതെ കടലില്‍ പോകുന്ന ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും, നിലവിലുള്ള ബോട്ട് എഞ്ചിനില്‍ സമൂലമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
9. ചക്കയ്ക്ക് ആഗോള സാധ്യത കണ്ടെത്താനൊരുങ്ങി ജാക്ക് ഫ്രൂട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ. പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ ചക്കയുടെ വിപണി സാധ്യത വർധിപ്പിക്കാനുള്ള കർമ്മ പദ്ധതി നടപ്പിലാക്കാനാണ് ജാക്ക് ഫ്രൂട്ട് കോൺഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തനതായ ചക്കയിനങ്ങള്‍ കണ്ടെത്തുന്നതിനും, സംരക്ഷിക്കുന്നതിനുമായി സര്‍വേയും ജിയോ ടാഗിംഗും നടത്തുമെന്ന് JFCI അറിയിച്ചു.
10. കർഷകർക്ക് ആശ്വാസമായി ഏലയ്ക്ക വില ഉയരുന്നു. ജനുവരി ആദ്യ പകുതി പിന്നിട്ടപ്പോൾ ലേലകേന്ദ്രങ്ങളിൽ ഏലയ്ക്കയുടെ വില ആയിരം രൂപയായി ഉയർന്നു. റംസാൻ സീസണിൽ അറബ് രാജ്യങ്ങളിലേക്ക് വലിയ രീതിയിൽ ഏലയ്ക്ക കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ആഭ്യന്തര മാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞത് ഏലയ്ക്ക കരുതൽ ശേഖരത്തിലേക്കു നീക്കാൻ കർഷകരെ പ്രേരിപ്പിച്ചു.
11. വട്ടവട ചിലന്തിയാറിൽ വിളവെടുത്ത കാബേജ് ചീഞ്ഞുനശിക്കുന്നു. കനത്ത മഞ്ഞു വീഴ്ചയ്ക്ക് പുറമെ വിലയിടിവും വാങ്ങാൻ ആളില്ലാത്തതും കർഷകർക്ക് തിരിച്ചടിയായി. ഒരു ചാക്ക് കാബേജിന് പരമാവധി വില ലഭിക്കുന്നത് 250 രൂപ മാത്രമാണ്.
12. HDFC ബാങ്കിന്റെ പുതിയ സംരംഭമായ Bank on Wheelsന് തമിഴ്‌നാട്ടിൽ തുടക്കം. ഗ്രാമീണ ബാങ്കിംഗ് വ്യവസായത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് ബാങ്കിംഗ് സേവനങ്ങൾ വിദൂര ഗ്രാമങ്ങളിൽ കൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബാങ്ക് പ്രതിനിധികൾ എല്ലാ ആഴ്ചകളിലും തെരഞ്ഞെടുത്ത ഗ്രാമങ്ങളിൽ സന്ദർശനം നടത്തും.
13. തമിഴ്നാട്ടിൽ പാൽവില 2 രൂപ കൂട്ടി സ്വകാര്യ കമ്പനികൾ. കഴിഞ്ഞ 1 വർഷത്തിനിടെ 5 തവണയാണ് പാൽവില കൂടിയത്. ഇതുവരെ പാലിന് 20 രൂപയും തൈരിന് 30 രൂപയുമാണ് വർധിപ്പിച്ചത്. ചെറു ഭക്ഷ്യശാലകൾ, ചായക്കടകൾ എന്നിവയെയാണ് വിലവർധനവ് കൂടുതലായും ബാധിക്കുന്നത്. പ്രതിദിനം 2.25 കോടി ലിറ്റർ പാലാണ് തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്നത്.
14. ഈത്തപ്പഴത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങി ഖത്തർ. ഉയർന്ന ഗുണനിലവാരമുള്ള ഈത്തപ്പഴങ്ങൾ ഉൽപ്പാദിപ്പിക്കാൻ സുസ്ഥിര സംവിധാനം വികസിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ റിസർച്ച് വിഭാഗം ദോഹയിൽ വാർഷിക യോഗം സംഘടിപ്പിച്ചു.
15. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഡഗാസ്കറിന് സമീപം രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്കൻ കേരളത്തിൽ അധിക മഴ ലഭിക്കുമെന്നാണ് സൂചന. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.