1. News

PM KISAN; പന്ത്രണ്ടാം ഗഡു ലഭിക്കാതെ 2 കോടിയോളം കർഷകർ

കർഷകരുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തതു മൂലമാണ് 12-ാം ഗഡു ലഭിക്കാത്തതെന്നാണ് നിഗമനം

Darsana J

1. രാജ്യത്തെ 2 കോടിയോളം കർഷകർക്ക് പിഎം കിസാൻ നിധിയുടെ 12-ാം ഗഡു ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. കർഷകരുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തതു മൂലമാണ് 12-ാം ഗഡു ലഭിക്കാത്തതെന്നാണ് നിഗമനം. ഫെബ്രുവരിയിൽ അടുത്ത ഗഡു ലഭിക്കാനിരിക്കെ കർഷകരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യാനാണ് കേന്ദ്ര നിർദേശം. 10.45 കോടി കർഷകർക്ക് 22,552 കോടി രൂപയാണ് 11-ാം ഗഡുവായി ലഭിച്ചത്. എന്നാൽ 12-ാം ഗഡുവായി 8.42 കോടി പേർക്ക് 17,443 രൂപയാണ് വിതരണം ചെയ്തത്. പദ്ധതി പ്രകാരം എല്ലാ കർഷകർക്കും 13-ാം ഗഡു ലഭ്യമാക്കാൻ ഗ്രാമങ്ങളിൽ പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. രാജ്യത്തെ ചെറുകിട നാമമാത്ര കര്‍ഷകർക്കായി 2018 ഡിസംബര്‍ മുതലാണ് പിഎം കിസാൻ പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 3 തവണയായി 6000 രൂപ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കുന്നു.

2. വിദ്യാർഥികളിലൂടെ കരിമ്പുകാലം തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. പത്തനംതിട്ട പ്രമാടം നേതാജി ഹയർസെക്കന്ററി സ്കൂളിലെ ഹരിതം മധുരം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പിടിഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആദ്യ കരിമ്പിൻ തൈ മന്ത്രി തന്നെ സ്കൂൾ വളപ്പിൽ നട്ടു.

കൂടുതൽ വാർത്തകൾ: എല്ലാ കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം: മന്ത്രി ജി.ആർ അനിൽ... കൂടുതൽ കൃഷി വാർത്തകൾ...

3. ഇന്ത്യയിലെ ആദ്യത്തെ FPO കോൾ സെന്റർ ഡൽഹിയിൽ ലോഞ്ച് ചെയ്യുന്നു. കൃഷി ജാഗരണും എഎഫ്‌സി ഇന്ത്യ ലിമിറ്റഡും ചേർന്നാണ് കോൾ സെന്റർ ആരംഭിക്കുന്നത്. ഈ മാസം 24ന് സംഘടിപ്പിക്കുന്ന കാൾ സെന്ററിന്റെ ഉദ്ഘാടനം Ministry of Agriculture and Farmers Welfare Joint Secratary ഡോ. വിജയ ലക്ഷ്മി നതേന്ദ്ല ഐഎഎസ് നിർവഹിക്കും. എഎഫ്സി ഇന്ത്യ ലിമിറ്റഡ് എംഡി മഷാർ വേലപുരത്ത്, കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്, ഡയറക്ടർ ഷൈനി ഡൊമിനിക് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

4. തിരുവനന്തപുരം മൃഗശാലയിലെ മൃഗങ്ങളെ ബാധിച്ചത് ക്ഷയരോഗമെന്ന് കണ്ടെത്തൽ. കൃഷ്ണമൃഗങ്ങളും പുള്ളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്ന് സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ വിദഗ്ധരാണ് മൃഗശാലയിൽ പരിശോധന നടത്തിയത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.

5. ഓമനമൃഗപരിപാലനവും ജന്തുജന്യരോഗങ്ങളും വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 28നാണ് സെമിനാർ നടക്കുക. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ള കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ ഈ മാസം 27 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 

6. തൊഴിലിടങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നൽകുന്നു. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്തുതൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, തോട്ടം തൊഴിലാളി, തുടങ്ങി 18 മേഖലകളിലെ തൊഴിലാളികൾക്കാണ് അവാർഡും പ്രശംസാ പത്രവും നൽകുന്നത്. തൊഴിൽ വകുപ്പിന്റെ വെബ്സൈറ്റ് മുഖേന ഈ മാസം 31 വരെ ഓൺലൈനായി അപേക്ഷകൾ നൽകാം. 

7. കാലടി വിള പരിപാലന കേന്ദ്രം പ്രാഥമിക വിള ആരോഗ്യ ക്ലിനിക്ക് ആയി പ്രവർത്തിക്കുന്നു. വിവിധ കാർഷിക പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്ക് താങ്ങായി ഫീൽഡ് പരിശോധന നടത്തി ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും മരുന്നുകളും ക്ലിനിക് വഴി നൽകുന്നു. എല്ലാ ബുധനാഴ്ചകളിലും ക്ലിനിക് പ്രവർത്തിക്കും.

8. കരുവാച്ചി ഇനം നെൽകൃഷിയ്ക്ക് തുടക്കം കുറിച്ച് പാലക്കാട് മങ്കര കൃഷിഭവൻ. കൃഷിവകുപ്പിന്റെ ലീഡ്സ് പദ്ധതിയുടെ ഭാഗമായി 30 സെന്റ് സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ഇറക്കിയത്. ചുവന്ന നിറത്തിലുള്ള കരുവാറ്റ ഇനം നെല്ല് കരൾ രോഗത്തിനും ഹൃദയാഘാദത്തിനും വളരെ ഫലപ്രദമാണ്.

9. തിരുവനന്തപുരം ജില്ലയിലെ പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിന് അംഗീകാരം. സെന്ററിലെ മൈക്രോബയോളജി, മോളിക്യുലാർ ബയോളജി, പാരാസൈറ്റോളജി വിഭാഗങ്ങൾക്കാണ് ഐഎസ്ഒ അക്രഡിറ്റേഷൻ ലഭിച്ചത്. മൃഗങ്ങളിലെ പേവിഷബാധ നിർണയം, വിരബാധ നിർണയം, ആനകളിലെ ഹെർപിസ് രോഗ നിർണയം എന്നിവയുടെ പുതിയ വെർഷനിലുള്ള ടെസ്റ്റിനാണ് അംഗീകാരം.

10. വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഒന്നാംഘട്ട ക്യാമ്പയിന് പാലക്കാട് ജില്ലയില്‍ തുടക്കം. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാതല ശില്‍പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിർവഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ഈ മാസം 26 ന് തദ്ദേശ സ്വയംഭരണ-വിദ്യാഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ പൊതുയിട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

11. മലപ്പുറത്ത് കർഷക സെമിനാറും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ’ എന്ന വിഷയത്തിൽ നാളെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

12. കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇടവിള കൃഷിയുടെ വിത്ത് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ 821 ഗുണഭോക്താക്കൾക്കാണ് കിറ്റ് വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത നിർവ്വഹിച്ചു. ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, കാച്ചിൽ, കിഴങ്ങ് എന്നിവ അടങ്ങിയ പത്ത് കിലോയിൽ കൂടുതലുള്ള വിത്ത്കിറ്റ് സൗജന്യമായാണ് നൽകിയത്.

13. കൂടരഞ്ഞി കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായാണ് തൈകൾ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. പദ്ധതി പ്രകാരം പയര്‍, വെണ്ട, പച്ചമുളക്, തക്കാളി, വഴുതന തൈകളാണ് നൽകിയത്.

14. 2022ൽ ഖത്തറിലെ പ്രാദേശിക ഫാമുകളിൽ നിന്ന് വിറ്റഴിച്ചത് 58,500 ടൺ പച്ചക്കറി. മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വിവിധ വിപണന പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇത്രയധികം പച്ചക്കറികൾ വിറ്റഴിക്കാൻ സാധിച്ചത്. ഖത്തർ ഫാംസ്, മഹാസീൽ എന്നീ വിപണന പദ്ധതികൾ മാത്രം വഴി 20,000 ടൺ വീതം പച്ചക്കറികൾ വിറ്റഴിക്കാൻ സാധിച്ചു.

15. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഡഗാസ്കറിന് സമീപം രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്കൻ കേരളത്തിൽ അധിക മഴ ലഭിക്കുമെന്നാണ് സൂചന. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: About 2 crore farmers have not received 12th installment of pm kisan samman nidhi

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds