കൃഷിവകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹായത്തോടെ, കർഷകരുടെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് ആവിഷ്കരിച്ച മൂല്യവർദ്ധന കാർഷിക പദ്ധതിക്ക് 2206 കോടി രൂപയുടെ കേന്ദ്രാനുമതി.
ഒല്ലൂക്കരയിൽ അഞ്ച് ദിവസം നീണ്ട് നിന്ന കൃഷിദർശൻ പരിപാടിയുടെ സമാപന ചടങ്ങിൽ കൃഷിമന്ത്രി പി പ്രസാദാണ് കേന്ദ്രാനുമതിയുടെ വിവരങ്ങൾ അറിയിച്ചത്. കൃഷിദർശൻ പരിപാടിയുടെ സമാപനവും കൃഷിക്കൂട്ട സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കാർഷിക വിളകളുടെ ഉൽപാദനം, സംഭരണം, സംസ്കരണം, മൂല്യവർദ്ധന ഉൽപന്ന നിർമ്മാണം, വിപണനം എന്നിവ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്. പാട്ടത്തിന് എടുത്ത ഭൂമിയിലും പട്ടയം ലഭിക്കാത്ത വനഭൂമിയിലും കൃഷി ചെയ്യുന്നവര്‍ക്കും തേനീച്ച കർഷകർക്കും കൃഷിവകുപ്പിന്റെ ഹ്രസ്വ - വാര്‍ഷിക വിളകള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയതായും മന്ത്രി പറഞ്ഞു.
ബി എസ് സി അഗ്രി വിദ്യാർത്ഥികൾക്ക് രണ്ടാം വർഷം മുതൽ കൃഷിഭവനുകൾ കേന്ദ്രീകരിച്ചുള്ള സേവനം നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ബയോ കൺട്രോൾ ലാബിന്റെ ഉത്പാദനശേഷി 150 ടണ്ണിൽ നിന്ന് 550 ടണ്ണായി വർദ്ധിപ്പിക്കാൻ 27 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കേരളം പുതിയ കാർഷിക സംസ്കാരത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുകയാണെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. കർഷകരെ കൂടുതൽ കരുത്തോടെ കാർഷിക മേഖലയിൽ നില നിർത്താനും കൃഷിയിൽ നിന്ന് വരുമാനം ലഭ്യമാക്കുന്നതിനുമായി മൂല്യ വർദ്ധിത മേഖലയിലേക്ക് ചുവട് വയ്ക്കുകയാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് മന്ത്രി പറഞ്ഞു. കർഷകർക്ക് വിളയിടത്തിൽ നിന്ന് വരുമാനം ലഭ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്ന പദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ കഴിയുന്ന വിധത്തിലുളള വിപുലമായ പദ്ധതിക്കാണ് സംസ്ഥാന കൃഷി വകുപ്പ് രൂപം നൽകിയിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വിള നശിച്ചു പോയ കർഷകർക്കുള്ള ധനസഹായ വിതരണവും ഒല്ലൂക്കര ബ്ലോക്കിലെ മാതൃകാ ഹരിത പോഷക ഗ്രാമ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു കൃഷി ഇടങ്ങൾ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ റിപ്പോർട് ''വിഷൻ ഒല്ലുക്കര 2026'' ചടങ്ങിൽ പ്രകാശനം ചെയ്തു. ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച കൃഷിക്കൂട്ടത്തിനും കർഷക കുടുംബത്തിനും പി ബാലചന്ദ്രൻ എംഎൽഎ അവാർഡ് നൽകി.
കൃഷിദർശൻ സമാപനത്തോടെ അനുബന്ധിച്ച് വർണ്ണാഭമായ കർഷക ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി അശോകൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കൃഷി വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, ജില്ലാ കലക്ടർ ഹരിത വി കുമാർ ,പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.പി രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർമാരായ ജോർജ്ജ് അലക്സാണ്ടർ, ജോർജ്ജ് സെബാസ്റ്റിൻ, ശ്രീരേഖ, സുനിൽ കുമാർ, കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സറ്റൻഷൻ ഡോ.ജെയ്ക്കബ്ബ് ജോൺ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ് കുമാർ ,ഡിവിഷൻ കൗൺസിലർ സതീഷ് കുമാർ എന്നിവർ മണ്ണുത്തി വെറ്റിറിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന സമാപന പരിപാടിയിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: 3000 കണ്ടല്‍ചെടികളും 1200 മുളകളും; പൊയ്യയിലെ ബണ്ടുകള്‍ക്ക് ജൈവ കവചം