സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്.
ഇതോടെ 6700ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ ഈ ഘട്ടത്തില്‍ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തികള്‍ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഫസ്റ്റ് ലൈന്‍ കെയര്‍ സെന്‍റര്‍, കോവിഡ് കെയര്‍ സെന്‍ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇവരെ വിന്യസിക്കും.
38 ഡോക്ടര്‍മാര്‍, 15 സ്പെഷ്യലിസ്റ്റുകള്‍, 20 ഡെന്‍റല്‍ സര്‍ജന്‍, 72 സ്റ്റാഫ് നഴ്സുമാര്‍, 169 നഴ്സിങ് അസിസ്റ്റന്‍റുമാര്‍, 1259 ജെഎച്ച്ഐമാര്‍, 741 ജെപിഎച്ച്എന്‍മാര്‍, 358 ക്ലീനിങ് സ്റ്റാഫ് തുടങ്ങി 21ഓളം തസ്തികളാണ് സൃഷ്ടിച്ചത്.
യുവജനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ മാസ്ക്കിന്‍റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം നടത്തും. കേരള പൊലീസ് ഇപ്പോള്‍ നടത്തിവരുന്ന ക്യാംപെയ്നിന്‍റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയന്‍ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മെയ് 26 മുതൽ . ആശങ്കയോടെ കേരളം.