വൈപ്പിന്‍ മുനമ്പം തീരസംരക്ഷണ പദ്ധതിക്കായി 250 മുതല്‍ 300 കോടി രൂപയുടെവരെ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ. ഷെയ്ക്ക് പരീത് പറഞ്ഞു. വൈപ്പിനിലെ ആറു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഐഐടി പഠനം നടത്തിയത്. ചില സ്ഥലങ്ങളില്‍ കടല്‍ഭിത്തി ശക്തിപ്പെടുത്തുകയും മറ്റ് സ്ഥലങ്ങളില്‍ ഗ്രോയിനുകള്‍ അഥവാ പുലിമുട്ടുകള്‍ സ്ഥാപിച്ച് തീരം സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഓരോ സ്ഥലങ്ങളുടെയും പ്രത്യേകത കണക്കിലെടുത്താണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഹാര്‍ബറായി വികസിപ്പിക്കുന്നതിനും ബീച്ച് സംരക്ഷിക്കുന്നതിനും ടൂറിസം മേഖലയായി വികസിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് പഠനത്തിലുള്ളത്.
ഇതിന്റെ ഭാഗമായി മാലിപ്പുറം ചാപ്പാക്കടവില്‍ മത്സ്യഗ്രാമം നിര്‍മ്മിക്കാനാണ് നിര്‍ദേശം. 150 മീറ്റര്‍ വീതിയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മ്മിക്കും. തീരസംരക്ഷണത്തിനായി കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന രീതിയില്‍ രണ്ട് പുലിമുട്ടുകള്‍ സ്ഥാപിക്കും. അതിനിടയിലൂടെ മത്സ്യബന്ധന യാനങ്ങള്‍ക്ക് കടലിലേക്ക് ഇറങ്ങാം. നിലവില്‍ നാലുമാസം മാത്രമേ ഇവിടെ ബീച്ച് നിലനില്‍ക്കുകയുള്ളൂ. പുലിമുട്ടുകള്‍ സ്ഥാപിച്ച് തീരം സംരക്ഷിക്കുന്നതോടെ എട്ട് മാസം വരെ ബീച്ച് നിലനില്‍ക്കും. ഞാറക്കലിലും രണ്ട് പുലിമുട്ടുകളാണ് സ്ഥാപിക്കുന്നത്. ഇവിടെയും ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ ക്രമീകരിക്കും. ചരിഞ്ഞ അവസ്ഥയില്‍ സ്ഥാപിക്കുന്ന മുട്ടുകളില്‍ പതിക്കുന്ന തിരമാലയുടെ ശക്തി അനുസരിച്ച് മണലിനെ തടുത്ത് നിര്‍ത്തി തീരം സംരക്ഷിക്കുന്ന പദ്ധതിയാണ് റിപ്പോര്‍ട്ടിലുള്ളത്. പൂര്‍ണ്ണമായും തീരം നശിക്കില്ലെന്നാണ് പഠന റിപ്പോര്‍ട്ട്.
വെളിയത്താംപറമ്പില്‍ നിലവിലെ കടല്‍ ഭിത്തി ശക്തിപ്പെടുത്താനാണ് നിര്‍ദേശം. മത്സ്യഗ്രാമവും യാനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. പുത്തന്‍ കടപ്പുറത്ത് ആറ് പുലിമുട്ടുകളാണ് സ്ഥാപിക്കുക. അണിയില്‍ ഒരു പുലിമുട്ടാണ് സ്ഥാപിക്കുക. കടല്‍ഭിത്തി ശക്തിപ്പെടുത്തും. പഴങ്ങാട് പുത്തന്‍കടപ്പുറത്ത് കടല്‍ഭിത്തി ശക്തിപ്പെടുത്തും. സെയ്ത് മുഹമ്മദ് ബീച്ചില്‍ ആറ് പുലിമുട്ടുകളാണ് സ്ഥാപിക്കുക. കുഴുപ്പിള്ളിയില്‍ കടല്‍ കയറാനുള്ള സാധ്യത കുറവാണെന്നാണ് പഠന റിപ്പോര്‍ട്ടിലുളളത്. നിലവിലെ തീരസംരക്ഷണ സംവിധാനം ശക്തിപ്പെടുത്തും.
അയ്യമ്പിള്ളിയില്‍ നിലവിലെ കടല്‍ഭിത്തി ശക്തിപ്പെടുത്തും. ആറാട്ടുകടവില്‍ പൊളിഞ്ഞ കടല്‍ഭിത്തി ശക്തിപ്പെടുത്തി തീരസംരക്ഷണം നടപ്പാക്കും. പുതുവൈപ്പിനിലും പുതിയ നിര്‍ദേശങ്ങളില്ല. ഐഒസിയുടെയും കൊച്ചിന്‍ പോര്‍ട്ടിന്റെയും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താകും ഇവിടെ പദ്ധതികള്‍ നടപ്പാക്കുക. വളപ്പില്‍ മേഖലയില്‍ കരയില്‍ നിന്നുമാറി കടലില്‍ മുങ്ങിക്കിടക്കുന്ന ജിയോട്യൂബുകള്‍ സ്ഥാപിക്കാനാണ് നിര്‍ദേശം.
സെയ്ത് മുഹമ്മദ് ബീച്ച്, കുഴുപ്പിള്ളി ബീച്ച്, രക്തേശ്വരി ബീച്ച്, വളപ്പ്, ചെറായി ബീച്ച് എന്നിവിടങ്ങള്‍ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളായി പരിഗണിച്ച് വികസിപ്പിക്കാനാണ് പഠനത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
വൈപ്പിന്‍ അഴിമുഖം മുതല്‍ മുനമ്പം വരെയുള്ള പ്രദേശത്തിന്റെ തീരം സംരക്ഷിക്കുന്നതിനും നിരന്തരമായ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി ചെന്നൈ ഐ.ഐ.ടി. യുടെ സാങ്കേതിക സഹായത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന വൈപ്പിന്‍-മുനമ്പം തീരസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന് ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റി(ജിഡ) 2018 ലാണ് അനുമതി നല്‍കിയത്. ഐഐടിയുടെ പഠനത്തിനും സ൪വേയ്ക്കുമായി 39 ലക്ഷം രൂപയാണ് അനുവദിച്ചത്. പ്രദേശത്തിന്റെ പ്രാഥമിക സര്‍വേയുടെയും ദിവസങ്ങളിലായി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നടത്തിയ മാതൃകാ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ചെന്നൈ ഐ.ഐ.ടി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പരിമിതികളെ അതിജീവിച്ച് തീരസംരക്ഷണ പദ്ധതി നടപ്പാക്കും: മന്ത്രി പി. രാജീവ്