കോട്ടയം: ജില്ലയിൽ 2022-23 സാമ്പത്തിക വർഷത്തിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയത് 3.23 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. മൃഗപരിപാലനത്തിനായി 1.08 കോടി രൂപയും അടിസ്ഥാനസൗകര്യവികസനത്തിനും നിർമാണപ്രവർത്തനങ്ങൾക്കുമായി 2.15 കോടി രൂപയുമാണ് ചെലവഴിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: പശുക്കൾക്ക് സൗജന്യമായി പ്രതിരോധ കുത്തിവെയ്പ്
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല അടിയന്തര സേവനം ആരംഭിച്ചു. ഇതിനായി വെറ്ററിനറി സർജനെയും അറ്റൻഡറെയും നിയമിക്കുന്നതിനായി 70,07,410 രൂപ ചെലവഴിച്ചു. മികച്ച രീതിയിൽ നടപ്പാക്കിയ പദ്ധതിയാണ് ഗോട്ട് സാറ്റലൈറ്റ്. പദ്ധതി വഴി 55 ഗുണഭോക്താക്കൾക്ക് നാലു മുതൽ ആറു മാസം വരെ പ്രായമുള്ള മലബാറി ഇനത്തിൽപ്പെട്ട അഞ്ച് പെണ്ണാടിനെയും ഒരു മുട്ടനാടിനെയും നൽകി.
ബന്ധപ്പെട്ട വാർത്തകൾ: ഉരുക്കളെ ഇൻഷുർ ചെയ്യുന്നതോടൊപ്പം 150 രൂപ അടച്ചാൽ കർഷകന് 3 വർഷത്തെ ഇൻഷ്വറൻസ് പരിരക്ഷ
ഒരു യൂണിറ്റിന് 25,000 രൂപ വീതം 55 യൂണിറ്റുകൾക്കായി 13,75,000 രൂപയാണ് പദ്ധതി ചെലവ്. 123 ഗുണഭോക്താക്കൾക്കായി അഞ്ചു മാസം മുതൽ ആറു മാസം വരെ പ്രായമായ 65-75 കിലോ തൂക്കമുള്ള പോത്തുകുട്ടികളെ നൽകുന്ന പദ്ധതിക്കായി 12,30,000 രൂപയും ചെലവഴിച്ചിട്ടുണ്ട്. പശുക്കളിലെ വന്ധ്യതാ നിവാരണവുമായി ബന്ധപ്പെട്ട ചികിത്സകളും അനുബന്ധ ക്യാമ്പുകളും സംഘടിപ്പിക്കാൻ 20 മൃഗാശുപത്രികൾക്കായി രണ്ടു ലക്ഷം രൂപ നൽകി.
ഉദയനാപുരം ഗ്രാമപഞ്ചായത്താണ് മാതൃകാഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്തത്. ഇവിടെ ആട്, പോത്തുക്കുട്ടി ഗ്രാമം പദ്ധതി നടപ്പാക്കാൻ അഞ്ചു ലക്ഷം രൂപ നൽകി. ഗോവർദ്ധിനി പദ്ധതിയിൽ നാലു മുതൽ ആറു വരെ പ്രായമുള്ള പശുക്കിടാങ്ങൾക്കും കന്നുകുട്ടികൾക്കും കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം രണ്ടര വയസ് വരെ സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്യുന്നുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ലാബുകളുടെ ശാക്തീകരണത്തിനായി നാലു ലക്ഷം രൂപ നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ മൊബൈൽ വെറ്ററിനറി ആശുപത്രിക്ക് 1,26,000 രൂപയും നൽകി.
മണർകാട് റീജണൽ പൗൾട്രി ഫാമിൽ പുതിയ രണ്ട് പൗൾട്രി ഷെഡുകൾ 89 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചു. 10 ലക്ഷം രൂപ ചെലവഴിച്ച് ക്വാർട്ടേഴ്‌സ് പുനരുദ്ധരിച്ചു. 70,000 രൂപ ചെലവഴിച്ച് ക്യാഷ്വാലിറ്റി ഷെഡിന്റെ വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കി. 70 ലക്ഷം രൂപ ചെലവിൽ പാമ്പാടി മൃഗാശുപത്രിയും 37 ലക്ഷം രൂപ ചെലവിൽ കൊഴുവനാൽ മൃഗാശുപത്രിയും നിർമിച്ചു. 94,000 രൂപ ചെലവഴിച്ച് മേതിരിയിൽ വെറ്ററിനറി സബ് സെന്ററിൽ നിർമാണ പ്രവൃത്തികൾ നടത്തി. 99,99,000 രൂപ ചെലവഴിച്ച് നിർമിക്കുന്ന വൈക്കം മൃഗാശുപത്രിയുടെ രണ്ടാം നിലയുടെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാകുന്നു.