കോഴിക്കോട്: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ അവയവ ദാനത്തിന് സമ്മതപത്രം നൽകാനൊരുങ്ങി 5,000 കുടുംബശ്രീ അംഗങ്ങൾ. മരണാനന്തര അവയവദാന സമ്മതപത്രം സ്വാതന്ത്ര്യദിനത്തിൽ നൽകാനാണ് പ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിൻ്റ ഭാഗമായി വിപുലമായ ബോധവൽകരണ പരിപാടിയാണ് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
ആദ്യ ഘട്ടമായി സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ഫെസിലിറ്റേറ്റർമാർ എന്നിവർക്കുള്ള ക്ലാസ് അവിടനല്ലൂർ എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്നേഹസ്പർശം കോ-ഓർഡിനേറ്റർ ശ്രീരാജ് ബോധ വൽകരണ ക്ലാസെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണ ഉറപ്പാക്കി കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിംഗ്
മുഴുവൻ വാർഡുകളിലും ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്തിലെ കൂടുതൽ ആളുകൾ അവയവദാനത്തിന് സമ്മതം അറിയിക്കുമെന്നാണ് കരുതുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സമ്പൂർണ അവയവദാന പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങൾ ഭാവിയിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ വിലാസിനി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടി വിജയിപ്പിക്കാൻ സി.ഡി.എസ് ചെയർപേഴ്സൺ ഷീന യു.എം കൺവീനറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ് ചെയർമാനും സി.കെ വിനോദൻ മാസ്റ്റർ കോർഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.