1. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 2 കിലോ അരിയ്ക്ക് പുറമെ 5 കിലോ അരിയും, നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി 5 കിലോ അരിയും വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. 10.90 രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുക. AAY കാർഡുകാർക്ക് 3 മാസത്തിലൊരിക്കൽ നൽകുന്ന മണ്ണെണ്ണ കൂടാതെ ഓണത്തിന് അര ലിറ്റർ മണ്ണെണ്ണ കൂടി അധികമായി നൽകും. ഉത്രാടത്തിനും തലേദിവസവും റേഷൻ കടകൾ പ്രവർത്തിക്കും. തിരുവോണം മുതൽ 3 ദിവസം അവധിയായിരിക്കും. അതേസമയം, ഓണം പടിവാതിൽക്കൽ എത്തിയിട്ടും കിറ്റ് വിതരണത്തിൽ സർക്കാർ തീരുമാനം വൈകുന്നു. സഹായം ആവശ്യമുള്ളവർക്ക് പിന്തുണ നൽകുമെന്നും ഓണത്തിന് മാത്രമല്ല കൊവിഡ് സാഹചര്യം പോലെ ആവശ്യമെന്ന് തോന്നുന്ന ഏത് ഘട്ടത്തിലും കിറ്റ് വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
2. തക്കാളി വില കുതിച്ചുയരുന്നതിനിടെ രാജ്യത്ത് ഉള്ളി വിലയും വർധിക്കുമോയെന്ന് ആശങ്ക. ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതുമൂലം ഉള്ളി കിലോയ്ക്ക് 70 രൂപ വരെ ഉയർന്നേക്കാം. വില കുറഞ്ഞ സമയത്ത് വൻ തോതിൽ ഉള്ളി വിറ്റഴിച്ചു. ജനുവരി മുതൽ മെയ് വരെ വിൽപനഅധികമായതിനെ തുടർന്ന് ആഗസ്റ്റ് ആയതോടെ സ്റ്റോക്കിൽ ഇടിവ് വന്നു. കൂടാതെ ഖാരിഫ് സീസണിലെ ഉൽപാദന കുറവും വിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
3. കടൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനായി ഖത്തർ മുൻസിപ്പാലിറ്റി മന്ത്രാലയം നടപ്പിലാക്കുന്ന സമഗ്രപദ്ധതി വൻ വിജയം. പദ്ധതിയുടെ ഭാഗമായി 2020 മുതൽ 55 ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് കടലിൽ നിക്ഷേപിച്ചത്. ഹമൂർ, സീബാസ് ഇനത്തിൽ പെട്ട മത്സ്യയിനങ്ങളാണ് അധികവും. കടലിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി പൂർണ വിജയം നേടിയതായി അക്വാട്ടിക് റിസർച്ച് സെന്റർ മേധാവി അറിയിച്ചു. നിക്ഷേപിച്ച മത്സ്യകുഞ്ഞുങ്ങൾക്ക് വളരാനും പ്രജനനത്തിനുമുള്ള സാഹചര്യം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.