എറണാകുളം: പനങ്ങാട് പ്രദേശത്തെ കായലിൽ അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യാൻ അടിയന്തരമായി 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പനങ്ങാട് റോട്ടറി ജലോത്സവത്തോട് അനുബന്ധിച്ചുള്ള കുടുംബശ്രീ ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ണ് നീക്കം ചെയ്യുന്നതിനും മറ്റ് അനുബന്ധ ജോലികൾക്കുമായാണ് തുക അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ നദികളിൽ എക്കലും ചെളിയുമടിഞ്ഞു ഒഴുക്ക് ഗതിമാറിയ സ്ഥിതിയാണ് നിലവിലുള്ളത്. ഇതു പഴയ രീതിയിലേക്ക് മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വർഷം സംസ്ഥാനത്തെ നദികളിൽ നിന്നായി ഒരു കോടി ഘനയടി ചെളി നീക്കം ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങൾ ഈ മഴക്കാലത്തു ബോധ്യമായെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: രൂചിയേറും വിഭവങ്ങളുമായി കുടുംബശ്രീ പത്തനംതിട്ടയിലും
സംസ്ഥാനത്തു കഴിഞ്ഞ ഒന്നര വർഷത്തിനിടെ 13 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകളാണ് വിതരണം ചെയ്തത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ നാല്പത് ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 65 കിലോമീറ്റർ കടൽ തീരം കടൽക്ഷോഭം രൂക്ഷമായ ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയിട്ടുണ്ട്. ചെല്ലാനം മാതൃകയിൽ ഈ സ്ഥലങ്ങളിലും തീര സംരക്ഷണം ആരംഭിക്കും.
ടൂറിസം സാധ്യതകളെ ഗ്രാമീണ മേഖലയിലേക്ക് അടുപ്പിക്കുക എന്നത് പ്രാദേശിക വികസനത്തിൽ സുപ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും പ്രശസ്തിയർജിച്ച നിരവധി ടൂറിസം കേന്ദ്രങ്ങൾ കേരളത്തിലുണ്ടെങ്കിലും ഗ്രാമീണ ടൂറിസം മേഖലയിൽ വലിയ വളർച്ച ഉണ്ടായി വരികയാണ്. കുമ്പളത്തിന്റെ ഗ്രാമീണ ടൂറിസം മേഖലയിൽ വലിയ തോതിലുള്ള മാറ്റമാണ് പനങ്ങാട് ജലോത്സവത്തിന്റെ സംഘടനത്തിലൂടെ ഉണ്ടാവാൻ പോവുന്നത്. ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ജലോത്സവം കാരണമാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചേപ്പനം ബണ്ട് പരിസരത്താണ് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക കടൽ, കായൽ വിഭവങ്ങളാണ് ഭക്ഷ്യ മേളയിൽ പ്രധാന ആകർഷണം.
കെ. ബാബു എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത്, റോട്ടറി ക്ലബ് കൊച്ചിൻ സൗത്ത്, തണൽ ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ. പി.കാർമ്മിലി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ആർ. രാഹുൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീത ചക്രപാണി, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. മേരി ഹർഷ, യുവജന ക്ഷേമ ബോർഡ് അംഗം അഡ്വ. റോണി മാത്യു, കുമ്പളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എ. മാലിക്, അജിത് വേലക്കടവിൽ, മിനി അജയഘോഷ്, ബി.സി. പ്രദീപ്, സി.ഡി.എസ് ചെയർപേഴ്സൺ സംഗീത കൃഷ്ണൻകുട്ടി, വൈസ് ചെയർപേഴ്സൺ റാണി അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.