കോവിഡ് മഹാമാരിയുണ്ടാക്കിയ നീണ്ട ലോക്ക്ഡൗണിൻറെയും സാമ്പത്തിക പ്രതിസന്ധിയുടേയും ഇടയിൽ സംസ്ഥന സർക്കാർ 5.2 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 311 കോടിയാണ് ബോണസ് നൽകാൻ സംസ്ഥാന സർക്കാരിന് ചെലവാകുക.
ധനമന്ത്രി കെ എൻ ബാലഗോപാൽ ബുധനാഴ്ചയാണ് 5.2 ലക്ഷം വരുന്ന സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്സവ ബത്തയും നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതിന് 311 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടിവരും. നാലു മാസം മുൻപാണ് സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ 4850 കോടി രൂപ അനുവദിച്ചത്.
ദിവസ വേതനക്കാരും വ്യാപാരികളും സാമ്പത്തിക ബുദ്ധിമുട്ടിനാൽ ദുരിതത്തിലാണ്. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ 50 ദിവസത്തിനിടെ 28 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവനൊടുക്കിയത്. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും കച്ചവടക്കാർക്കും സർക്കാർ സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചത്.
5.2 ലക്ഷം ജീവനക്കാരിൽ ഒരു ലക്ഷത്തോളം പേർക്ക് ഓണം ബോണസായി 4000 രൂപ വീതം ലഭിക്കും. ബാക്കിയുള്ളവർക്ക് ഉത്സവ ബത്ത എന്ന പേരിൽ 2750 രൂപ വീതവും. ഇതിന് പുറമെ 5.3 ലക്ഷം വരുന്ന പെൻഷൻകാർക്ക് ആയിരം രൂപ വീതം നൽകും. ഇതു കൂടാതെ എല്ലാ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ ലഭിക്കും. ഇത് പിന്നീട് അഞ്ച് മാസ തവണകളായി തിരിച്ചു പിടിക്കും.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ അടക്കം 1.27 കോടി തൊഴിലാളികളും ജീവനക്കാരുമാണുള്ളത്. ഒന്നാം ലോക്ക്ഡൗൺ കാലത്ത് ഇവരിൽ 73 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് ബോർഡ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. അതായത് വെറും നാലു ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാനായി നികുതിദായകരുടെ 260 കോടി രൂപയാണ് സർക്കാർ ചെലവാക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ഒരു ദിവസം പോലും തൊഴിൽ നഷ്ടമാകാത്ത വിഭാഗമാണ് സർക്കാർ ജീവനക്കാർ.
കേരള സർക്കാരിൻറെ പെൻഷൻ പദ്ധതികൾ
സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ കർഷകർക്ക് മത്സ്യകൃഷിയിൽ മികച്ച സബ്സിഡിയുമായി സർക്കാർ