1. PM Kisana samman nidhiയിൽ നിന്ന് പകുതിയിലധികം കർഷകരും പുറത്തായതായി റിപ്പോർട്ട്. 2019ൽ ആനുകൂല്യം ലഭിച്ചവരിൽ നിന്നും 67 ശതമാനം കർഷകരും 2022 ആയപ്പോൾ പുറത്തായെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്. 2019ൽ 11.48 കോടി കർഷകർക്ക് ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം വിതരണം ചെയ്ത പതിനൊന്നാം ഗഡുവിൽ വെറും 3.87 കോടി കർഷകർക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്. കേരളത്തിൽ 36.99 ലക്ഷം പേർ ആദ്യ ഗഡു കൈപ്പറ്റിയപ്പോൾ ഈ വർഷം 24.23 ലക്ഷം പേർക്കാണ് ആനുകൂല്യം ലഭിച്ചത്. മൂന്ന് വർഷം കൊണ്ട് പദ്ധതിയിൽ നിന്ന് പുറത്തായത് 12.76 ലക്ഷം പേരാണ്. പശ്ചിമ ബംഗാളിൽ ആറാം ഗഡു മുതൽ ഇതുവരെ പണം കിട്ടിയില്ലെന്നും റിപ്പോർട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ശനിയാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും..കൂടുതൽ കൃഷി വാർത്തകൾ
2. വന്യജീവി ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിലവിൽ വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തിന് പുറമെ കൃഷിവകുപ്പ് മുഖേനയും തുക ലഭ്യമാക്കും. ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഉല്പാദനം നടത്തണമെന്നും വിള ഇൻഷ്വറൻസിനായി കർഷകർ കൃത്യമായി അപേക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പിണറായി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച കൃഷിദർശൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
3. മരച്ചീനിയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിദേശ വിപണികൾ കീഴടക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആരംഭിച്ച കർഷക സ്വയംസഹായ സംഘമായ ചിറക്കടവ് പ്രൊഡക്ട്‌സിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കാർഷിക ഉത്പന്നങ്ങളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്ന ഭക്ഷ്യോത്പന്ന നിർമാണ കേന്ദ്രമാണ് ചിറക്കടവ് പ്രൊഡക്ട്‌സ്. കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുക വഴി സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.
4. വർധിപ്പിക്കുന്ന പാൽ വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. 2022ലെ കേരള കാലിത്തീറ്റ, കോഴിത്തീറ്റ, ധാതു ലവണമിശ്രിതം ബില്ല് സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ കർഷകർക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവ ഉറപ്പാക്കുന്നതിനാണ് ബിൽ കൊണ്ടുവന്നതെന്നും ചർമ്മമുഴ രോഗത്തിനുള്ള വാക്‌സിൻ എല്ലാ പഞ്ചായത്തുകളിലും ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
5. കാൽനൂറ്റാണ്ടോളം തരിശായി കിടന്ന കോട്ടയം ജില്ലയിലെ മൂര്യങ്കേരി – കട്ടപ്പുറം പാടശേഖരം തിരിച്ചു വരുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ നിലം കൃഷിയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ നിർവഹിച്ചു. നിനവ് പുരുഷസ്വയം സഹായ സംഘമാണ് കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്.
6. ഓപ്പറേഷൻ ഓയിൽ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 426 പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. വെളിച്ചെണ്ണയുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ ഓയിൽ. കൂടാതെ 98 സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. നിലവാരമില്ലാത്ത വെളിച്ചെണ്ണ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
7. ഇടുക്കിയിൽ ഭക്ഷ്യ സംസ്‌ക്കരണത്തിലെ സംരംഭക സാധ്യതകള്‍ വിഷയത്തിൽ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും, പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിലാണ് പരിപാടി നടന്നത്. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ, സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനോ 10 ലക്ഷം രൂപ വരെ സബ്‌സിഡിയോട് കൂടി വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് PMFME.
8. ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിൽ 964 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. പിഴയിനത്തിൽ ഇതുവരെ ഈടാക്കിയത് 12 ലക്ഷത്തിലധികം രൂപ. മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ മരണപ്പെട്ടാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിച്ച് പേരുകള്‍ നീക്കം ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
9. രണ്ട് ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടത്തുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി മാതൃകയെന്ന് മന്ത്രി എം.ബി രാജേഷ്. വയനാട് പുൽപ്പള്ളിയിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകള്‍ ചേർന്നാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയായ വൈറ്റ് ഓണ്‍ വീല്‍സ് നടപ്പിലാക്കുന്നത്. സഞ്ചരിക്കുന്ന മൃഗാശുപത്രി പദ്ധതികള്‍ സര്‍ക്കാരിന്റെ വാതില്‍പ്പടി സേവനങ്ങള്‍ക്ക് സമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
10. കുറ്റ്യാടി മണ്ഡലത്തിലെ നെൽകൃഷി വികസനവുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതി തയ്യാറാകുന്നു. പദ്ധതിയുടെ ഭാഗമായി വിദഗ്ധ സംഘം പാടശേഖരങ്ങളിൽ സന്ദർശനം നടത്തി. 1600 ഏക്കറോളം വരുന്ന നെൽവയലുകൾ കൃഷിയോഗ്യമാക്കാനുള്ള ശാസ്ത്രീയപഠനത്തിന് പഞ്ചായത്തിൽ തുടക്കം കുറിച്ചു. വെള്ളക്കെട്ട് കാരണം നിലച്ച നെൽകൃഷി തിരിച്ചു കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.
11. കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സംഘങ്ങൾ ഹരിത അയൽക്കൂട്ടങ്ങളാകുന്നു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ ജൈവ മാലിന്യ സംസ്കരണ ഉപാധി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും, വീടുകളിലെ ജല സംരക്ഷണ പ്രവർത്തനങ്ങൾ, കൃഷി, മൃഗപരിപാലനം എന്നിവയും പദ്ധതിയുടെ ഭാഗമായി പരിശോധിക്കും.
12. എറണാകുളം ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് ലോഗോ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 18, 19 തിയതികളിൽ പുല്ലുവഴി ക്ഷീര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. ലോഗോയ്ക്ക് എറണാകുളം ജില്ലാ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ആശയം ഉണ്ടായിരിക്കണം. ലോഗോ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളതോ മറ്റു മത്സരങ്ങൾക്ക് സമർപ്പിച്ചിട്ടുള്ളതോ ആകരുത്. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് ലഭിക്കും. എൻട്രികൾ ഡിസംബർ ഒന്നിനകം jkspublicity2022@gmail.com വിലാസത്തിൽ അയയ്ക്കണം. മെയിലിൽ മത്സരാർത്ഥികളുടെ പേരും ഫോൺ നമ്പറും ഉൾപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് 9447541038, 9447235611 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
13. വയനാട് ജില്ലയിൽ ക്ഷീര കർഷകർക്കായുള്ള പാല്‍ വില സബ്‌സിഡിയുടെ ജില്ലാതല വിതരണോദ്ഘാടനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 20,000ത്തോളം ക്ഷീര കര്‍ഷകര്‍ക്കാണ് സബ്‌സിഡി ലഭിക്കുക. പരിപാടിയുടെ ഭാഗമായി പാല്‍ ഗുണമേന്മാ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
14. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബുറൈമിയിൽ കൃഷിത്തോട്ടം പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ സ്കൂൾ പരിസരത്ത് വിത്തുകളും ചെടികളും നട്ടു. വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി മത്സരങ്ങളും പച്ചക്കറി തൈ വിതരണവും നടന്നു.
15. കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.