ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ 2018ലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഏഴ് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. ഇതിന്റെ ഭാഗമായി റീബില്‍ഡ് കേരളയിൽ ഉൾപ്പെടുത്തിയ മൃഗസംരക്ഷണ ജീവനോപാധി പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി പതിനൊന്ന് പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നത്.
മൃഗപരിപാലനത്തിലൂടെ വരുമാനം കണ്ടെത്തിയിരുന്നവര്‍ക്ക് പ്രളയക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങളാണ് നേരിട്ടത്. ഇവര്‍ക്ക് പുതിയ ഉപജീവനോപാധികള്‍ ലഭ്യമാക്കുന്നതിനാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. പശു, കിടാരി, ആട്, കോഴി, താറാവ് വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനം, തീറ്റപ്പുല്‍കൃഷി, തൊഴുത്ത് നിര്‍മ്മാണം, ഫാം ആധുനികവല്‍ക്കരണം, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ ജീവനോപാധി പദ്ധതികളാണ് നടപ്പാക്കുന്നത്.
പ്രളയത്തില്‍ കന്നുകാലികള്‍, ആട്, കോഴി, താറാവ്, തൊഴുത്ത് എന്നിവ നഷ്ടപ്പെട്ടവരെയും റവന്യൂ, മൃഗ സംരക്ഷണ വകുപ്പുകള്‍ മുഖേന സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിച്ചവരെയുമാണ് പരിഗണിക്കുന്നത്. ഇവരുടെ അഭാവത്തില്‍ മാത്രമാണ് മറ്റുള്ളവരെ പരിഗണിക്കുക.
ജില്ലയിലെ അതത് മൃഗാശുപത്രികളിൽ ലഭിക്കുന്ന അപേക്ഷകൾ ലിസ്റ്റാക്കി സർക്കാരിന് കൈമാറിയിട്ടുണ്ട്. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അർഹതപ്പെട്ടവർക്ക് പദ്ധതിയുടെ അനുകൂല്യങ്ങൾ ലഭ്യമാക്കും. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും മൃഗസംരക്ഷണ ജീവനോപാധി പദ്ധതികള്‍ കൈത്താങ്ങായി മാറും. കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ആളുകൾക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനും മൃഗസംരക്ഷണമേഖലയിലെ പദ്ധതികൾ സഹായകമാകും.