സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുകയാണോ അതോ പറത്തുകയാണോ? ഈ രണ്ട് പദങ്ങളും ഒരുപക്ഷേ നിങ്ങൾക്ക് ഒന്നു തന്നെയാണെന്ന് തോന്നും. എന്നാൽ ഇവ തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ, ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. എന്നാൽ, റിപ്പബ്ലിക് ദിനത്തിൽ, ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും പ്രദർശിപ്പിച്ചുകൊണ്ടുള്ള രാജകീയ ചടങ്ങിൽ രാഷ്ട്രപതി രാജ്പഥിൽ പതാക ഉയർത്തും. രണ്ടും ഒരുപോലെയാണെങ്കിലും, ചടങ്ങുകൾക്ക് പ്രധാന വ്യത്യാസങ്ങളുണ്ട്.
കൊളോണിയൽ ആധിപത്യത്തിൽ നിന്ന് മുക്തമായ ഒരു പുതിയ രാഷ്ട്രത്തിന്റെ ഉദയത്തെ സൂചിപ്പിക്കുന്നു എന്ന നിലയിലാണ് സ്വാതന്ത്ര്യ ദിനത്തിൽ പതാക വിടർത്തും.
'രാജ്യം കോളനി ഭരണത്തിൽ നിന്ന് സ്വതന്ത്രമായ ചരിത്ര സംഭവത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തുന്നത്. എന്നാൽ, ഇതിനകം സ്വതന്ത്രമായ രാഷ്ട്രം എന്ന മാനദണ്ഡത്തിലാണ് ഭരണഘടനയുടെ തലവനായ രാഷ്ട്രപതി പതാക വിടർത്തുന്നത്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ ദിവസമാണ് റിപ്പബ്ലിക് ദിനം എന്നത് തന്നെയാണ് ഇതിന് കാരണം.
ബന്ധപ്പെട്ട വാർത്തകൾ: ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു
രാജ്യത്തിന്റെ അഭിമാന ദിവസങ്ങളായ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ത്രിവർണം പാറിപ്പറക്കുമ്പോഴും ആ ചടങ്ങുകളിലെ ഈ വ്യത്യാസം പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയ്ക്ക് ബോധ്യമുണ്ടായിരിക്കില്ല,' ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡൽഹി കൃഷി ജാഗരൺ ഓഫീസിലെ പതാക ഉയർത്തൽ ചടങ്ങിൽ മുഖ്യാതിഥിയായി സാന്നിധ്യമറിയിച്ചുകൊണ്ട്, സൊമാനി സീഡ്സ് ചെയർമാനും എംഡിയുമായ കെ.വി സൊമാനി വിവരിച്ചു.
രണ്ട് ദിനങ്ങളിലും ത്രിവർണ പതാക വളരെ പ്രാധാന്യം അർഹിക്കുന്നു. എങ്കിലും ഇവ ഉയർത്തുന്നതിലുള്ള വ്യത്യാസം യുവത്വങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ട ഉത്തരവാദിത്തം മുതിർന്നവർക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗ കാമ്പയിനിൽ പങ്കെടുത്ത് അഭിമാനത്തോടെ ദേശീയ പതാക വീശി കൃഷി ജാഗരൺ സംഘവും സ്വാതന്ത്ര്യ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി. ശനിയാഴ്ച രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ കെ വി സോമാനിയും കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ എം.സി ഡൊമിനിക്കും, ഡയറക്ടർ ഷൈനി ഡൊമിനിക്കും ഒപ്പം കൃഷി ജാഗരൺ അംഗങ്ങളും ചേർന്ന് പതാക ഉയർത്തി.
കൃഷി ജാഗരണിന്റെ മുഴുവൻ അംഗങ്ങളും ചേർന്ന് ദേശീയ പതാക വീശി, ആഘോഷങ്ങളുടെ ഭാഗമായത് അഭിമാന നിമിഷമാണെന്ന് എം.സി ഡൊമിനിക് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കുചേർന്നുകൊണ്ട് ഓഗസ്റ്റ് മാസം തുടക്കം മുതൽ കൃഷി ജാഗരൺ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. കാർഷിക മേഖലയിലെയും സംരഭ മേഖലയിലെയും സാമൂഹിക- രാഷ്ട്രീയ മേഖലയിലെയും നിരവധി പ്രമുഖർ കൃഷി ജാഗരണിന്റെ സ്വാതന്ത്ര്യ വാർഷിക ആഘോഷങ്ങളിൽ ഭാഗമായിരുന്നു.