ഏഴാം ശമ്പള കമ്മീഷനിൽ നിന്ന് വരുന്ന ഏറ്റവും പുതിയ വാർത്ത നിങ്ങൾക്ക് സന്തോഷം തരുമെന്നതിൽ സംശയമില്ല. കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അഥവാ ഡിയർനസ് അലവൻസ് (DA- Dearness Allowance) വർധിപ്പിക്കുമെന്ന് അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല.
ഇപ്പോഴിതാ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും സംസ്ഥാന സർക്കാർ ജീവനക്കാർക്കും ശമ്പള വർധനവിലൂടെ മെഗാബെമ്പറാണ് ലഭിക്കുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. അതായത്, ജീവനക്കാരുടെ ഡിഎയിലെ വർധനവിനൊപ്പം ഡിആറിലും (Dearness Relief-DR) വർധനവുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ 1 മുതൽ ഇത് ബാധകമാണ്.
ഡിയർനസ് അലവൻസിലും ഡിയർനസ് റിലീഫിലും വർധനവ് (Hike in Dearness Allowance and Dearness Relief)
ഈ വർഷം ജീവനക്കാരുടെ ഡിഎ 31% ആക്കി ഇതിനകം തന്നെ കേന്ദ്ര സർക്കാർ ഉയർത്തിയിരുന്നു. ഇതേ ക്രമത്തിൽ ഒഡീഷ സംസ്ഥാന സർക്കാർ (Odisha State Government) ജീവനക്കാർക്കായി ശമ്പളം വർധിപ്പിച്ചുകൊണ്ട് പുതുവർഷ സമ്മാനം നൽകുകയാണ്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചതിലൂടെ ഇവിടത്തെ ജീവനക്കാർക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെപ്പോലെ 31% ക്ഷാമബത്തയും ഡിആറും ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥലമില്ലെങ്കിൽ സാരമില്ല! കുറ്റിപ്പയറും ചീരയും തക്കാളിയും മുളകും വെർട്ടിക്കൽ ഫാമിങ് ചെയ്യാം
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത 3% കൂട്ടുന്നതായി പ്രഖ്യാപിച്ചത്. ഇതിലൂടെ ഒഡീഷയിലെ ഏഴ് ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ഈ വർധനവ് ലഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.
അതുപോലെ തന്നെ, ശമ്പളക്കാരുടെ കുടിശ്ശികയിലും നിർണായ തീരുമാനമെടുത്ത് ജീവനക്കാർക്ക് ഇരട്ടി സന്തോഷം നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഏഴാം ശമ്പളക്കമ്മീഷന് കീഴിൽ വരുന്ന ഒഡീഷയിലെ ജീവനക്കാർക്ക് 30 ശതമാനം കുടിശ്ശിക നൽകുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
ഇത് കൂടാതെ, 2016 ജനുവരി മുതൽ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വർധിപ്പിച്ച വേതനത്തിന്റെ 50 ശതമാനം കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. ഒഡീഷയിലെ ആറ് ലക്ഷം ജീവനക്കാർക്ക് ഇത് ആശ്വാസകരമായ വാർത്തയാണ്.
ഒഡീഷ സർക്കാർ മാത്രമല്ല, ഹിമാചൽ പ്രദേശിലെ സർക്കാർ ജീവനക്കാരുടെയും ക്ഷാമബത്തയിൽ 3% വർധനവ് ലഭിക്കും. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ 31 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചത്. മുൻപ് ജീവനക്കാർക്ക് 28% ക്ഷാമബത്ത ലഭിച്ചിരുന്നു. ഇതുമൂലം സംസ്ഥാന ഖജനാവിന് 500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
ഹോളിയ്ക്ക് മുൻപ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിക്കും! (Central Govt. Employees Salary Will Increase Before Holi!)
അതേ സമയം, ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ ക്ഷാമബത്ത വർധനവിനെ (ഡിഎ) കുറിച്ച് പ്രഖ്യാപനം നടത്തുന്നതിനായി കാത്തിരിക്കുകയാണ് ജീവനക്കാർ. ഹോളിക്ക് മുൻപ് ഈ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിന്റെ പ്രഖ്യാപനത്തിനും 2022ലെ കേന്ദ്ര ബജറ്റിന്റെ അവതരണത്തിനും ശേഷവും ക്ഷാമബത്തയിൽ 3 ശതമാനം വരെ വർധനവ് ഉണ്ടായതിനെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്.
നിലവിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 31 ശതമാനം ക്ഷാമബത്ത ലഭിക്കുന്നുണ്ട്. ഇനി ഒരു വർധനവ് കൂടിയുണ്ടായാൽ ഇവ 3 ശതമാനം കൂടി 34 ശതമാനമായി ഉയരും.