തിരുവനന്തപുരം: നല്ല നാളേയ്ക്ക് വേണ്ടിയുള്ള മത്സ്യബന്ധനം ലക്ഷ്യമാക്കുന്ന സാഗര്‍ പരികര്‍മ്മയുടെ എട്ടാം ഘട്ടം വിഴിഞ്ഞത്തുനിന്നും ആരംഭിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ്, കേന്ദ്ര ഗവണ്‍മെന്റിന്റെ മൃഗസംരക്ഷണ-ക്ഷീര മന്ത്രാലയം, നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ്, കേരള- തമിഴ്‌നാട് ഗവണ്‍മെന്റുകള്‍, ഇന്ത്യന്‍ തീരദേശ സേന, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ എന്നിവരുടെ സജീവപങ്കാളിത്തത്തോടെയാണ് ഓഗസ്റ്റ് 30ന് സാഗര്‍പരികര്‍മ്മ യാത്ര വിഴിഞ്ഞത്തുനിന്നും ആരംഭിച്ചത്. മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍, വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബര്‍, സി.എം.എഫ്.ആര്‍.ഐ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്ന പരിക്രമ തീരപ്രദേശം വഴി തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലേക്ക് നീങ്ങി.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന (എഫ്.എ.എച്ച്.ഡി) മന്ത്രി പര്‍ഷോത്തം രൂപാല, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന സഹമന്ത്രി ഡോ എല്‍ മുരുഗനോടൊപ്പം പരിക്രമയ്ക്ക് നേതൃത്വം നല്‍കി. കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഖി ഐ.എ.എസ്. ജോയിന്റ് സെക്രട്ടറി ശ്രീമതി. നീതു കുമാരി പ്രസാദ്, കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ: എല്‍.എന്‍ മൂര്‍ത്തി എന്നിവരും സന്നിഹിതരായിരുന്നു.
കേന്ദ്ര മന്ത്രി പര്‍ഷോത്തം രൂപാലയ്ക്ക് മത്സ്യതൊഴിലാളികളും മത്സ്യതൊഴിലാളി വനിതകളും ചേര്‍ന്ന് നല്‍കിയ ഊഷ്മളമായ സ്വീകരണത്തോടെയാണ് സാഗര്‍ പരിക്രമയുടെ എട്ടാം ഘട്ട പരിപാടിക്ക് തുടക്കമായത്. അവിടെ നിന്നും തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലേയ്ക്കും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിലേയ്ക്കും അവര്‍ നീങ്ങി. മത്സ്യതൊഴിലാളികളുടെ ജീവിതത്തെയും ഉപജീവനത്തേയും കുറിച്ചുള്ള ഉള്‍ക്കാഴ്ച ലഭിക്കാനായി കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ: എല്‍. മുരുഗന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവരും അവരുമായി സംവദിച്ചു. ഈ തുറന്ന ആശയവിനിമയത്തില്‍ മത്സ്യത്തൊഴിലാളികള്‍ അവരുടെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവയ്ക്കുകയും ബോട്ടുകളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം സംബന്ധിച്ച അവരുടെ അഭിലാഷങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി (എഫ്.എ.എച്ച്.ഡി) മുതലപ്പൊഴിയിലെ ബ്രേക്ക്‌വാട്ടര്‍ (തിരകളെ തടയുന്നത്) ഘടനയെക്കുറിച്ചും പി.എം.എം.എസ്.വൈ മുന്‍കൈയ്ക്ക് കീഴില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കുന്നതിനുള്ള പുനര്‍മൂല്യനിര്‍ണത്തിന് വേണ്ട രൂപരേഖയെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും ചെയ്തു. മാത്രമല്ല, ഇത്തരം ഇടപെടലുകളുടെ പ്രാഥമിക ലക്ഷ്യമായ നയരൂപകര്‍ത്താക്കളും ആ നയങ്ങള്‍ നേരിട്ട് ബാധിക്കുന്ന ആളുകളും തമ്മിലുള്ള വിടവ് നികത്തുക എന്നത് പങ്കുവയ്ക്കുകയും ചെയ്തു. ശ്രീ ബെല്ലേരിയന്‍ ഐസക്ക് (സ്വതന്ത്ര മത്സ്യത്തൊഴിലാളി അസോസിയേഷന്‍), ശ്രീ ഷാസിര്‍ (മത്സ്യത്തൊഴിലാളി), ശ്രീ രൂപത്ത് (മത്സ്യത്തൊഴിലാളി), ബേബി ജോണ്‍ തുടങ്ങിയ ഗുണഭോക്താക്കള്‍ പരിപാടിയില്‍ സജീവമായി സംവദിച്ചു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് ഏകദേശം 200 മത്സ്യത്തൊഴിലാളികളും വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തില്‍ 150 മത്സ്യത്തൊഴിലാളികളും ആശയവിനിമയത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് കേന്ദ്രമന്ത്രി (എഫ്.എ.എച്ച്.ഡി) ശ്രീ. പര്‍ഷോത്തം രൂപാല, സഹമന്ത്രി (എഫ്.എ.എച്ച്.ഡി) ഡോ എല്‍ മുരുകനോടൊപ്പം സി.എം.എഫ്.ആര്‍.ഐയിലെ സില്‍വര്‍ പോമ്പാനോയുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. ഉല്‍പ്പാദനം പരമാവധിയാക്കാന്‍ വലിയ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി (എഫ്.എ.എച്ച്.ഡി) നിര്‍ദ്ദേശിച്ചു.