മഹാമാരിയുടെ അടച്ചുപൂട്ടലിനെ തുടർന്ന് അദ്ധ്യയനം അവസാനിച്ച സ്ക്കൂളുകൾ തുറന്ന പുതുവൽസര ദിനത്തിൽ വീട്ടിൽ വളർത്തിയ പച്ചക്കറികളുടെ വിളവെടുപ്പു നടത്തി നാലാം ക്ലാസുകാരി ശ്രുതിലയ.
കഞ്ഞിക്കുഴി പഞ്ചായത്ത് ഒൻപതാം വാർഡിൽ ശ്രുതിലയം വീട്ടിൽ ശുഭകേശൻ - ലതിക ദമ്പതികളുടെ മകളാണ് ശ്രുതിലയ.
ശ്രുതിലയ വീട്ടുവളപ്പിൽ തനിയെ നടത്തിയ കൃഷിയുടെ വിളവെടുപ്പാണ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചത്.
കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാറും ഒപ്പമുണ്ടായിരുന്നു.പഞ്ചായത്തംഗം ജ്യോതി മോൾ , കഞ്ഞിക്കുഴി ബാങ്ക് ഭരണ സമിതിയംഗം ജി.മുരളി, കൃഷി അസിസ്റ്റന്റ് സുരേഷ്, ശുഭകേശൻ . പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു.
വീടിന്റെ ടെറസിലും പറമ്പിലുമായി നടത്തിയ വൈവിദ്ധ്യമാർന്ന കൃഷി ആകർഷകമാണ്. കത്രിക്ക, വഴുതന, തക്കാളി, പച്ചമുളക്, കാബേജ് എന്നിവയാണ് കൃഷി ചെയ്തത്.
നിരവധി കാർഷിക പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുള്ള കഞ്ഞിക്കുഴിയിലെ കർഷകൻ ശുഭ കേശനാണ് ശ്രുതിലയ യുടെ അഛൻ. നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തു കൊടുത്തത് ഇവരാണ്.
തികച്ചും ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിച്ചായിരുന്നു കൃഷി. വീട്ടിലിരുന്നുള്ള വിദ്യാഭ്യാസത്തിലെ ഇടവേളകളാണ് കൃഷിക്കായി മാറ്റിവച്ചത്. മുഹമ്മ സി.എം.എസ് സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളിൽ സജീവമാണ് ശ്രുതിലയ .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കഴിഞ്ഞ മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണ തീയതി ജനുവരി 9 വരെ നീട്ടി