512 കിലോ ഉള്ളി വിറ്റ കർഷകന് ലഭിച്ചത് മിച്ചം '2 രൂപ'. മറ്റെവിടെയുമല്ല, മഹാരാഷ്ട്രയിലെ സോളാപൂരിലാണ് കർഷകന്റെ ഗതികേട് തുറന്നുകാട്ടിയ സംഭവം നടന്നത്. 58 കാരനായ രാജേന്ദ്ര തുക്കാറാം ചവാനാണ് ഒരു സീസൺ മുഴുവനുമുള്ള പരിശ്രമത്തിന് തുച്ഛമായ വില ലഭിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Update: പതിമൂന്നാം ഗഡു ഈ മാസം 27ന് കർഷകരിലേക്ക്...
തന്റെ ഗ്രാമത്തിൽ നിന്നും 70 കിലോമീറ്റർ സഞ്ചരിച്ചാണ് ചവാൻ ഉള്ളി വിൽക്കാൻ സോളാപൂരിലെ മാർക്കറ്റിൽ എത്തിയത്. എന്നാൽ കിലോയ്ക്ക് ലഭിച്ചതോ 1 രൂപ. വാഹനക്കൂലി, ചുമട്ടുകൂലി, തൂക്കുകൂലി എന്നിവ ഒഴിച്ച് ചവാന്റെ കൈയിൽ ബാക്കി വന്നത് 2 രൂപ 49 പൈസയുടെ ചെക്ക്. ഇനി ചെക്ക് മാറി കയ്യിൽ കിട്ടാനോ 15 ദിവസം കഴിയണം. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് 20 രൂപ നിരക്കിലാണ് ഉള്ളി വിറ്റതെന്ന് ചവാൻ പറയുന്നു.
വളത്തിന്റെ വില ഉൾപ്പെടെ കൃഷിയ്ക്കായി ഇത്തവണ നാൽപതിനായിരത്തോളം രൂപയാണ് ചവാന്റെ കയ്യിൽ നിന്നും ചെലവായത്. ഇവിടെ ഉള്ളി കയറ്റുമതിയ്ക്കും വിപണത്തിനും പ്രത്യേക സർക്കാർ നിയമം ഒന്നും തന്നെയില്ല. എന്നാൽ ഗുണനിലവാരം നോക്കിയാണ് ഉള്ളിയ്ക്ക് വില നിശ്ചയിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ചെലവിന്റെ 25 ശതമാനം പോലും വില പോലും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.