നല്ല വരുമാനം നൽകുന്നതും എന്നാൽ റിസ്ക്ക് ഇല്ലാത്ത സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ വേണം നിക്ഷേപം നടത്തുന്നവർ തെരഞ്ഞെടുക്കാൻ. സർക്കാർ ബാങ്കുകളിൽ സ്ഥിര നിക്ഷേപം നടത്തുന്നത് മികച്ച വരുമാനം നേടാൻ സഹായിക്കുന്നു. സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ചില സർക്കാർ ബാങ്കുകളെ കുറിച്ചാണ് വിശദീകരിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ നിരക്കുകൾ ജൂലൈ 28 മുതൽ പ്രാബല്യത്തിലായിട്ടുണ്ട്. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന 400 ദിവസത്തേക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതിയും (മൺസൂൺ ഡിപ്പോസിറ്റ്) പ്രഖ്യാപിച്ചു. 2 കോടിയിൽ താഴെയുള്ള 400 ദിവസത്തെ നിക്ഷേപത്തിന്മേൽ 7.35 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. പരിഷ്കരണത്തോടെ, മറ്റ് കാലാവധിയിലേക്കുള്ള പൊതുവിഭാഗം നിക്ഷേപകരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭ്യമാകുന്ന പലിശ 3 ശതമാനം മുതൽ 7.25 ശതമാനം വരെയായും ഉയർന്നു. അതേസമയം മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് അധികമായി 0.5% നിരക്കിൽ പലിശ നൽകുന്നുണ്ട്. മൂന്ന് വർഷവും അതിനു മുകളിലുമുള്ള കാലയളവിലേക്കാണ് നിക്ഷേപമെങ്കിൽ വീണ്ടും 0.25% പലിശ അധികമായി ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നുണ്ട്. അതായത് 0.75% പലിശ അധികമായി നേടാം.
പഞ്ചാബ് നാഷണൽ ബാങ്കിലെ പൊതുവിഭാഗം നിക്ഷേപകരുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 3.5 ശതമാനം മുതൽ 7.25 ശതമാനം പരിധിയിലാണുള്ളത്. മുതിർന്ന പൗരന്മാരെ (സീനിയർ സിറ്റിസൺ) 60 വയസിന് മുകളിലും 80 വയസിന് മുകളിലും (സൂപ്പർ സീനിയർ സിറ്റിസൺ) എന്നിങ്ങനെ രണ്ടായും തരംതിരിച്ചിട്ടുണ്ട്. സീനിയർ സിറ്റിസൺ വിഭാഗത്തിലെ നിക്ഷേപകർക്ക് 4 ശതമാനം മുതൽ 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺ വിഭാഗക്കാരായ നിക്ഷേപകർക്ക് 4.30 ശതമാനം മുതൽ 8.05 ശതമാനം വരെയുമാണ് പലിശ ലഭിക്കുക. നിലവിൽ 444 ദിവസത്തേക്കുള്ള നിക്ഷേപത്തിനാണ് ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നത്. പൊതുവിഭാഗത്തിന് 7.25 ശതമാനവും സീനിയർ സിറ്റിസൺ 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺ 8.05 ശതമാനം നിരക്കിലുമാണ് 444 ദിവസത്തേക്കുള്ള നിക്ഷേപത്തിന് പഞ്ചാബ് നാഷണൽ ബാങ്ക് പലിശ നൽകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: എൽഐസിയും സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയർത്തി പോസ്റ്റ് ഓഫീസ് നിരക്കിനൊപ്പമെത്തി
കാനറ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള വിവിധ കാലയളവിലേക്കുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നൽകുന്നു. ബാങ്കിന്റെ വെബ്സൈറ്റിലെ ഡേറ്റ പ്രകാരം ഏപ്രിൽ മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിലുണ്ട്. നിലവിൽ 444 ദിവസത്തേക്കുള്ള നിക്ഷേപത്തിന്മേൽ സീനിയർ സിറ്റിസൺസിന് 7.85 ശതമാനം (കോളബിൾ ഡിപ്പോസിറ്റ്), 8 ശതമാനം (നോൺ-കോളബിൾ) എന്നിങ്ങനെയാണ് ലഭിക്കുന്ന പലിശയാണ് ഏറ്റവും ഉയർന്ന വാഗ്ദാനം.
ബാങ്ക് ഓഫ് ബറോഡ പൊതുവിഭാഗം നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശയാണ് വിവിധ കാലയളവിലേക്ക് നൽകുന്നത്. സീനിയർ സിറ്റിസൺസിന് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെയും ലഭിക്കും. മേയ് മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിലാണ്. നിലവിൽ 399 ദിവസത്തേക്കുള്ള നിക്ഷേപത്തിന് നൽകുന്ന 7.25 ശതമാനം (പൊതുവിഭാഗം), 7.75 ശതമാനം (സീനിയർ സിറ്റിസൺ) എന്നിങ്ങനെയാണ് ഉയർന്ന പലിശ നിരക്കുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലയളവിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പൊതുവായി നൽകുന്ന പലിശ നിരക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെയാകുന്നു. 400 ദിവസത്തേക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശിൽ, പൊതുവിഭാഗത്തിന് 7.10 ശതമാനവും സീനിയർ സിറ്റിസൺ നിക്ഷേപകർക്ക് 7.60 ശതമാനം പലിശയും ലഭിക്കും.