നമ്മുടെ നാട്ടിൽ സുലഭമായ തേങ്ങാ, കരിക്ക്, തേങ്ങാ വെള്ളം ഇതിനോടൊന്നും നമുക്ക് വലിയ മമതയൊന്നുമില്ല. എന്നാൽ വിദേശ രാജ്യങ്ങളിൽ ഇവയുടെ ഡിമാൻഡ് മനസിലാക്കി വലിയൊരു ബിസിനസ് ശൃംഖല തന്നെ കെട്ടിപ്പടുത്ത ഒരു മലയാളിയുണ്ട്. ജേക്കബ് തുണ്ടിൽ. ലണ്ടനിൽ ആണ് അദ്ദേഹത്തിൻെറ ബിസിനസിൻെറ തുടക്കം. നാളികേരത്തിൽ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ കോക്കോഫിന എന്ന ബ്രാൻഡിൽ ആണ് ഇദ്ദേഹം വിപണിയിൽ എത്തിയ്ക്കുന്നത്. കരിക്കിൻ വെള്ളം പാക്കു ചെയ്ത് വിപണിയിൽ എത്തിയ്ക്കുന്നതിൻെറ സാധ്യതകളിൽ നിന്നാണ് തുടക്കം.
2005-ൽ ആദ്യമായി ലണ്ടനിൽ കരിക്കിൻ വെള്ളം വിൽക്കുമ്പോൾ ഇതു തുടങ്ങിയ ആദ്യ വ്യക്തിയായിരുന്നു ജേക്കബ് എന്ന് ഓര്‍ക്കണം. ബ്രിട്ടനിൽ ഉപരിപഠനത്തിന് ശേഷം ജോലി ചെയ്തു വരികയായിരുന്നു. പിന്നീടാണ് നാളികേര മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ബിസിനസ് ആരംഭിയ്ക്കുന്നത്.
ഫെസ്റ്റിവലുകളിലും കരിക്കിൻ വെള്ളത്തിൻെറ സാമ്പിൾ പാക്കുകൾ ധാരാളം വിറ്റുപോയതോടെ ബ്രാൻഡിൻെറ ഡിമാൻഡും ഏറി. ആശയത്തിൻെറ മികവിൽ ഉത്പന്നം പുറത്തിറക്കിയ വര്‍ഷം തന്നെ ഒരു അവാര്‍ഡും ജേക്കബിനെ തേടിയെത്തി. അങ്ങനെ മലയാളിയുടെ പാക്കേജ്‍ഡ് കരിക്കിൻ വെള്ളം സായിപ്പിൻെറ നാട്ടിൽ ഹിറ്റായി. കോക്കനട്ട് ചോക്ലേറ്റ് സ്പ്രെഡ്, വിനീഗര്‍, കോക്കനട്ട് ബാര്‍, ഐസ്ക്രിം തുടങ്ങി 32 ഉത്പന്നങ്ങൾ ആണ് ഇപ്പോൾ ബ്രാൻഡ് വിപണിയിൽ എത്തിയ്ക്കുന്നത്.
28 രാജ്യങ്ങളിൽ ആണ് ജേക്കബിന് ബിസിനസ് ഉള്ളത്. കോക്കനട്ട് ചിപ്‍സ് ഉൾപ്പെടെയുള്ള നിരവധി ഉത്പന്നങ്ങൾ വിപണിയിൽ എത്തുന്നുണ്ട്. എങ്കിലും ഏറ്റവും അധികം വിറ്റുപോകുന്നത് പാക്ക് ചെയ്ത് വിപണനം ചെയ്യുന്ന കരിക്കിൻ വെള്ളം തന്നെ. ബ്രിട്ടനിൽ മാത്രം 3,000ത്തോളം ഔട്ട്‍ലെറ്റുകളിൽ ഈ മലയാളിയുടെ ഉത്പന്നങ്ങൾ എത്തുന്നു.
തേങ്ങാ ഉത്പാദനം കുറയുന്നുണ്ടോ? പരിഹാരത്തിനായി ചില മാർഗ്ഗങ്ങൾ
#krishijagran #kerala #coconutwaster #london #famous