കുന്ദമംഗലം മണ്ഡലത്തില്‍ മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനമായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നതിന് 18 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്കുള്ള തുക അനുവദിച്ചത്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സഞ്ചരിക്കുന്ന മത്സ്യവിപണന ശാലയായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നത്. മായം കലരാത്ത മത്സ്യം അന്നന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിക്കൊണ്ട് മത്സ്യ വിപണനം നടത്തുന്ന മൊബൈല്‍ യൂണിറ്റായാണ് അന്തിപ്പച്ച പ്രവര്‍ത്തിക്കുക. മത്സ്യ അച്ചാറുകള്‍, മത്സ്യ കട്ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തിപൊടി, റെഡി ടു കുക്ക് വിഭവങ്ങളായ മത്സ്യ കറിക്കൂട്ടുകള്‍, ഫ്രൈ മസാല എന്നിവയും വാഹനത്തില്‍ ലഭ്യമാക്കും.
ശുദ്ധമായ മത്സ്യത്തിന്‍റെ ലഭ്യതയും സ്വാദിഷ്ടമായ മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും ശുചിത്വവുമാണ് അന്തിപ്പച്ച യൂണിറ്റ് ഉപഭോക്താക്കള്‍ക്ക് ഉറപ്പു നല്‍കന്നത്. മത്സ്യത്തിന്‍റെ ലഭ്യത ഉറപ്പു വരുത്തി വിപണനം നടത്തുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം മത്സ്യഫെഡിനാണ്.
അന്തിപ്പച്ച വാഹനം പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ മണ്ഡലത്തിലെ മൂന്ന് പേർക്ക് മാന്യമായ വേതനത്തോടെ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.