1. ലഘു സമ്പാദ്യ പദ്ധതികൾക്ക് ആധാർ കാർഡും പാൻ കാർഡും നിർബന്ധമാക്കി കേന്ദ്ര സർക്കാർ. പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം, സീനിയർ സിറ്റിസൺ സേവിങ് സ്കീം, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ആധാറും പാൻ കാർഡും സമർപ്പിക്കേണ്ടി വരും. ഇതിനുമുമ്പ് ആധാർ നമ്പർ സമർപ്പിക്കാതെ തന്നെ പദ്ധതികളിൽ നിക്ഷേപം നടത്താൻ സാധിച്ചിരുന്നു. ആധാർ ലഭിക്കാത്തവർ എൻറോൾമെന്റ് നമ്പറെങ്കിലും സമർപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ 6 മാസത്തിനുള്ളിൽ ആധാർ നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള നിക്ഷേപത്തിന് പാൻ കാർഡ് നൽകണമെന്നും ധനമന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾ: കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം..കൂടുതൽ വാർത്തകൾ
2. സപ്ലൈകോ നെല്ല് സംഭരണ വകയിൽ കർഷകർക്ക് മുഴുവൻ തുകയും കൊടുത്തു തീർക്കുമെന്ന് ഭക്ഷ്യമന്ത്രി ജി. അനിൽ. കോട്ടയം ഉദയനാപുരം നാനാടത്ത് സംഘടിപ്പിച്ച സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുദിന കർമ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ കേരള സ്റ്റോർ തൃശൂരിൽ ഉദ്ഘാടനം ചെയ്യുമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 100 റേഷൻ കടകൾ കെ-സ്റ്റോറുകളാക്കി മാറ്റുമെന്നും മിനി എടിഎം, സപ്ലൈകോ തുടങ്ങിയ സൗകര്യങ്ങളോടെ റേഷൻ കടകളെ ഉയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. വനിതാ വികസന കോർപ്പറേഷന് വായ്പാ വിതരണത്തിൽ റെക്കോർഡ് നേട്ടം. 2022-23 സാമ്പത്തിക വർഷത്തിൽ 260.75 കോടി രൂപ വനിതാ വികസന കോർപ്പറേഷൻ വായ്പ ഇനത്തിൽ വിതരണം ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 21,889 വനിതാ ഗുണഭോക്താക്കൾക്കാണ് വായ്പ വിതരണം ചെയ്തത്. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ വായ്പ തിരിച്ചടവിലും റെക്കോർഡ് തുക കോർപ്പറേഷന് ലഭിച്ചു. തിരിച്ചടവ് ഇനത്തിൽ 174.78 കോടി രൂപ ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
4. പൊതുവിതരണ സംവിധാനത്തിന്റെ സോഷ്യല്‍ ഓഡിറ്റിന് തുടക്കം. കേരള സര്‍വകലാശാലയുടെ ഇക്കണോമിക്‌സ് വിഭാഗത്തിലെ ഗവേഷണ കേന്ദ്രമായ സെന്റര്‍ ഫോര്‍ അഗ്രോ ഇക്കോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്താണ് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. പൊതുവിതരണ സമ്പ്രദായത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനോടൊപ്പം, കേരളത്തിലുടനീളം 500 റേഷന്‍ കടകളുടെയും ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിച്ച് പഠനം നടത്തുകയാണ് ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് അതത് താലൂക്കുകളില്‍ ഗ്രാമസഭകള്‍ വിളിച്ചുകൂട്ടുകയും പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുകയും ചെയ്യും.
5. കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് അറിയിപ്പ്. 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട തൊഴിലാളി കുടുംബ- സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ജൂണ്‍ 30ന് മുമ്പ് അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. 2024 മുതല്‍ എല്ലാ വര്‍ഷവും ജനുവരി 1 മുതല്‍ ഫെബ്രുവരി വരെ തൊട്ടുമുന്‍പുള്ള ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തേണ്ടതാണ്. ബയോമെട്രിക് മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർ ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കണം.
6. കുടുംബശ്രീയുടെ രജത ജൂബിലിയോടനുബന്ധിച്ച് പുതിയ ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ്ലൈന്‍ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും പങ്കെടുക്കാം. ലോഗോയ്ക്കും ടാഗ്ലൈനും 10,000 രൂപ വീതമാണ് സമ്മാനം. ലോഗോയും ടാഗ്ലൈനും ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതിനോടൊപ്പം ലളിതവും പ്രസക്തവുമാകണം സൃഷ്ടികള്‍. വിശദ വിവരങ്ങൾക്ക് www.kudumbashree.org/logo എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
7. കണ്ണൂർ ജില്ലയിലെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും പച്ചക്കറി വിത്തുകൾ വിൽക്കുന്നു. ചീര, കുമ്പളം, വെണ്ട, വഴുതന, പയര്‍, വെള്ളരി എന്നിവയുടെ വവിധയിനം വിത്തുകള്‍ കർഷകർക്ക് വാങ്ങാം. കേന്ദ്രത്തില്‍ നേരിട്ടെത്തി വിത്തുകൾ കൈപ്പറ്റാം.
8. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. തേനാടിപാടത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി തരിശായി കിടന്ന രണ്ടു ഹെക്ടർ പാടം കൃഷിയോഗ്യമാക്കിയാണ് നെൽകൃഷി ഇറക്കിയത്.
9. റമദാൻ സീസണിൽ സജീവമായി ദുബായ് ഈത്തപ്പഴ വിപണി. ഷാർജയിലെ സൂഖ് അൽ ജുബൈലിലെ മാർക്കറ്റുകളിൽ നിന്നും ശരാശരി 1,000 കിലോഗ്രാം ഈത്തപ്പഴം പ്രതിദിനം വിൽപന നടത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 25 വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങൾ മാർക്കറ്റുകളിൽ ലഭ്യമാണ്.
10. കേരളത്തിലെ 12 ജില്ലകളിൽ ഇടിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഏപ്രിൽ 7 വരെ വിവിധ ജില്ലകളിൽ മഴ പെയ്യും. 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.v