സർക്കാർ നൽകുന്ന സബ്സിഡി അത് പോലെ തന്നെയുള്ള മറ്റ് ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കി ഉത്തരവിറക്കി. ആധാർ നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ച് യൂണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( unique identification authority of india- UIDAI ) ഓഗസ്റ്റ് 21 ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആനുകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് ആധാർ നമ്പർ ആവശ്യപ്പെടാം. ആധാർ നമ്പറോ അല്ലെങ്കിൽ അതിൻ്റെ എൻറോൾമെൻ്റ് സ്ലിപ്പോ നിർബന്ധമാക്കാമെന്നും അറിയിപ്പിൽ പറയുന്നു.
ആധാർ ഇല്ലെങ്കിലും മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ വഴി ആനുകൂല്യങ്ങൾ ലഭ്യമാക്കാമെന്നാണ് മുൻപ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ സർക്കുലറിൽ ആധാർ ഇല്ലാത്ത ഒരാൾക്ക് എൻറോൾമെൻ്റിനായി അപേക്ഷ നൽകാമെന്നും, ആധാർ കിട്ടുന്നത് വരെ, അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിച്ച എന്‍ട്രോള്‍മെന്റ് നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.
രാജ്യത്ത് പ്രായപൂർത്തിയായവരിൽ 99 ശതമാനത്തോളം പേരും സ്വന്തമായി ആധാർ എടുത്തിട്ടുണ്ട്. വിർച്വൽ ഐഡൻ്റിഫയർ (വിഐഡി- VID) സൌകര്യം UIDAI നേരത്തേ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആധാർ നമ്പറിനൊപ്പം തന്നെ ചേർത്തിരിക്കുന്ന 16 അക്ക നമ്പറാണിത്. ഇ-കെവൈസി സേവനത്തിനായി നിങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.
സാമൂഹിക ക്ഷേമ പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിന് ചില സർക്കാർ സ്ഥാപനങ്ങൾക്ക് ആധാർ നമ്പർ ആവശ്യമായി വന്നേക്കാം, ഇത്തരം സ്ഥാപനങ്ങൾ ഗുണഭോക്താക്കളോട് ആധാർ നമ്പർ നൽകുന്നതിനും വിഐഡി ഓപ്ഷണൽ ആക്കുന്നതിനും ആവശ്യപ്പെടാവുന്നതാണെന്ന് സർക്കുലറിൽ പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ : ആധാർ എൻറോൾമെൻ്റ്, അപ്ഡേറ്റ് എന്നിവ ഇനി വളരെ എളുപ്പം