1. സപ്ലൈക്കോ സബ്സിഡി സാധനങ്ങൾ നൽകുന്നതിന് മുമ്പ് ആധാർ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കുന്നതിന് സർക്കാർ തീരുമാനിച്ചു. സപ്ലൈക്കോയുടെ 535 സൂപ്പർ മാർക്കറ്റുകളിലാണ് ആധാർ വിവരങ്ങൾ പരിശോധിക്കുന്ന സംവിധാനം ആദ്യം നടപ്പിലാക്കുന്നത്. ക്രമക്കേടുകൾ തടയുന്നതിൻ്റെ ഭാഗമായാണ് നീക്കം. അതേസമയം സപ്ലൈക്കോ സബ്സിഡി സാധനങ്ങളുടെ വില വർധനവ് ഉടനുണ്ടാകില്ല. ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗത്തിൻ്റെയാണ് തീരുമാനം. സപ്ലൈക്കോയുടെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കണം എന്നായിരുന്നു ശുപാർശ, സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിന് വേണ്ടിയാണ് വില വർധിപ്പാനുള്ള തീരുമാനം എടുത്തത്.
കൂടുതൽ അറിയുന്നതിന്: https://youtu.be/iVkQtdMdx3Q?si=6j_FYIylhM-e_nSC
2. പാലക്കാട് ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപന സമ്മേളനം ഒറ്റപ്പാലം,ലക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ വച്ച് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പരിപാടിയില്‍ ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും അനുമോദിച്ചു. ക്ഷീര മേഖലയിലെ വിവിധ പുരസ്‌കാരങ്ങളായ ക്ഷീരദ്യുതി, ക്ഷീരബന്ധു പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് വിതരണം ചെയ്തു. കെ. പ്രേംകുമാര്‍ എം.എല്‍.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
3. നെടുമങ്ങാട് നഗരസഭയിലെ ക്ഷീര കർഷക സംഗമം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് നഗരസഭയുടെ ക്ഷീരകർഷക സംഗമം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി വിതരണം, സൗജന്യ കിറ്റ് വിതരണം, സ്വയംതൊഴിൽ സംരംഭകർക്ക് സബ്സിഡി വിതരണം എന്നിവയും മന്ത്രി നിർവഹിച്ചു. ധാതുലവണ മിശ്രിതവും വിരമരുന്നും അടങ്ങുന്ന സൗജന്യ കിറ്റും സ്വയം തൊഴിൽ കർഷകർക്കുള്ള സബ്സിഡി വിതരണവും ചടങ്ങിൽ നടന്നു. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ അധ്യക്ഷത വഹിച്ചു.
4. മത്സ്യഫെഡിൻ്റെ ആദ്യ റസ്‌റ്റോറൻ്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം ആഴാകുളത്ത് ആണ് റസ്റ്റോറൻ്റ് പ്രവർത്തിക്കുന്നത്. കേരളമൊട്ടാകെ സീ ഫുഡ് റസ്റ്റോറന്റുകൾ തുടങ്ങുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തിൽ പ്രധാന ടൗൺഷിപ്പുകളിലും മൂന്നാംഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വിഴിഞ്ഞത്ത് സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് രണ്ടാഴ്ചയ്ക്കകം പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. മത്സ്യഫെഡ് ചെയർമാൻ റ്റി. മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.