1. ആധാർ കാർഡുമായി ബന്ധപ്പെട്ട എല്ലാ സംശങ്ങൾക്കും ഉത്തരം നൽകാൻ ഇനിമുതൽ ആധാർമിത്ര സഹായിക്കും. കേന്ദ്ര സർക്കാരും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണയോടെ പുതിയ ചാറ്റ്ബോട്ട് തയ്യാറാക്കിയത്. ഇതാണ് ആധാർ മിത്ര. ആധാറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, ആധാർ കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനും, ആധാർ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാനും, പരാതി നൽകാനും, തുടങ്ങി എല്ലാ വിവരങ്ങളും ആധാർ മിത്രയിലൂടെ ലഭിക്കും.
നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ചാറ്റ്ബോട്ട് സേവനം ലഭ്യമാണ്. ആധാർമിത്ര വഴി കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിന് മറ്റ് കേന്ദ്രങ്ങളെ സമീപിക്കേണ്ട ആവശ്യം ഇനിയില്ല. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് തുറന്ന് ആധാർ മിത്ര ബോക്സിൽ ക്ലിക്ക് ചെയ്തശേഷം സംശയങ്ങൾ ചോദിക്കാം.
കൂടുതൽ വാർത്തകൾ: റേഷൻ കടകൾ സ്മാർട്ടാകും; ശുചിമുറിയും കാത്തിരിപ്പ് കേന്ദ്രവും വരുന്നു..കൂടുതൽ വാർത്തകൾ
2. കാർഷികരംഗത്ത് യുവജനങ്ങളെയും വിദ്യാർഥികളെയും പങ്കാളികളാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നെടുമ്പാശേരി ഫാർമേഴ്സ് സെന്ററിന് അനുവദിച്ച ‘സമൃദ്ധി നാട്ടുപീടിക’യുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കർഷകർ ഉണ്ടാക്കുന്ന ജൈവ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഓൺലൈൻ വിപണി കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും മാർച്ചിൽ നൂറോളം ഉൽപ്പന്നങ്ങൾ "കേരൾ അഗ്രോ" ബ്രാൻഡിൽ ഓൺലൈൻ വിപണിയിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
3. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി 25.67 ലക്ഷം രൂപയുടെ ആനുകൂല്യമാണ് കർഷകർക്ക് ലഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ മന്ത്രി എംബി രാജേഷ് നിർവഹിച്ചു. നാളികേര കൃഷിയുടെ ഉത്പാദനം വർദ്ധിപ്പിക്കുകയാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം. 100 ഹെക്ടർ സ്ഥലത്തെ തെങ്ങ് കൃഷിക്കാണ് ആനുകൂല്യം ലഭിക്കുക. പ്രദേശത്തെ 17,500 തെങ്ങുകൾക്ക് വളപ്രയോഗം, പുതിയ തെങ്ങിൻ തൈകൾ നടൽ, ജലസേചനത്തിന് പമ്പുസെറ്റ്, തെങ്ങുകയറ്റയന്ത്രം, മാലിന്യകമ്പോസ്റ്റ് യൂണിറ്റ് തുടങ്ങിയവക്ക് കർഷകർക്ക് ആനുകൂല്യം ലഭിക്കും.
4. മാംസം, മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്ത കൈവരിക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് പ്രോജക്ടായ മാതൃകാ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന ഏജന്‍സിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ 39 ഗ്രാമപഞ്ചായത്തുകളില്‍ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. കെപ്‌കോ, കുടുംബശ്രീ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ എന്നിവ മുഖേനയാണ് സംസ്ഥാനത്തിന് ആവശ്യമായ മാംസം ഉത്പാദിപ്പിക്കുന്നത്.
5. ഹോർട്ടികോർപ് ജില്ലാ സംഭരണ വിതരണ കേന്ദ്രത്തിൽ ആരംഭിച്ച ഫാം ക്ലബ്ബിൽ നിങ്ങൾക്കും അംഗമാകാം. എറണാകുളം കർഷക സമൃദ്ധിയിലൂടെ ആരോഗ്യ ഭക്ഷണം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാനും കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാനും ഫാം ക്ലബ്ബ് സഹായിക്കും. താല്പര്യമുള്ള കർഷകർ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ഹോർട്ടികോർപ് ജില്ലാ സംഭരണ കേന്ദ്രത്തിലോ, 0484-2427730, 9020993282 എന്നീ നമ്പറുകളിലോ ബന്ധപെടാം. അംഗമാകുന്ന കർഷകരുടെ ഉൽപ്പന്നങ്ങൾ ഇവിടെ സംഭരിക്കും.
6. തീറ്റപ്പുൽക്കൃഷി വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 25ന് രാവിലെ 10 മണി മുതൽ നാല് മണി വരെയാണ് പരിശീലനം നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9188522713 , 0491-2815454 എന്ന ഫോൺ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കൊണ്ട് വരണം. കൂടാതെ പരിശീലനാർത്ഥികൾ ആധാർ കാർഡിന്റെ കോപ്പി കയ്യിൽ കരുതണം.
7. മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ രണ്ട് ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് സെന്ററിൽ വെച്ച് ഈ മാസം 20, 21 തിയതികളിലാണ് പരിശീലനം നടക്കുക. രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ പരിശീലനം നടത്തും. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഫീസ് സമയങ്ങളിൽ 0471-2732918 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യണം.
8. തമിഴ്നാട്ടിൽ പച്ചക്കറി വില കൂടുന്നു. വെണ്ടയ്ക്ക, അമരയ്ക്ക എന്നിവയ്ക്ക് വില കുത്തനെ ഉയർന്നു. തെങ്കാശിയിൽ ഒരു കിലോ അമരയ്ക്ക വിൽക്കുന്നത് 65 രൂപയ്ക്കാണ്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ കാര്യമായ പച്ചക്കറി ഉൽപാദനം നടന്നില്ല. ഇതാണ് വിലക്കയറ്റത്തിന് കാരണമായത്. തമിഴ്നാട്ടിലെ വിലക്കയറ്റം കേരളത്തെയും ബാധിച്ചു. നിലവിൽ വെണ്ടയ്ക്ക കിലോ 80 രൂപയും അമരയ്ക്ക 100 രൂപയുമാണ് വില. എന്നാൽ വില വർധനവ് മറ്റ് പച്ചക്കറികളെ ബാധിച്ചിട്ടില്ല.
9. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വെർട്ടിക്കൽ ഫാം ഗവേഷണ, വികസന കേന്ദ്രം തുറന്ന് അബുദാബി. യുഎസ് വെർട്ടിക്കൽ ഫാം കമ്പനിയായ എയറോ ഫാംസിന്റെ പിന്തുണയോടെ 6000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കേന്ദ്രം നിർമിച്ചത്. പ്രതികൂല കാലാവസ്ഥയിലും സുസ്ഥിര കൃഷിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് ഗവേഷണ കേന്ദ്രത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
10. കേരളത്തിൽ മഴ പിൻവാങ്ങിയതോടെ ചൂട് കനക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായാണ് ചൂട് വർധിക്കുന്നത്. കോഴിക്കോട് നഗരത്തിൽ 34.8 ഡിഗ്രിയും, തൃശൂർ ജില്ലയിലെ പീച്ചിയിൽ 38.6 ഡിഗ്രി സെൽഷ്യസുമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നിർമാണ തൊഴിലാളികളും കർഷക തൊഴിലാളികളും ജോലിസമയം ക്രമീകരിക്കണമെന്നും ധാരാളം വെള്ളം കുടക്കണമെന്നും നിർദേശമുണ്ട്.