പാലക്കാട്: 10 വർഷം പഴക്കമുള്ള ആധാർ കാർഡുകൾ പുതുക്കാൻ സെപ്റ്റംബര്‍ 15 വരെ സമയം. ആധാര്‍ ഉടമകള്‍ക്ക് തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം സംബന്ധിച്ച രേഖകള്‍ ഉപയോഗിച്ച് ആധാര്‍ പുതുക്കുന്നതിലൂടെ തട്ടിപ്പുകൾ തടയാനാകും. ആധാര്‍ പുതുക്കലിൽ എന്തെങ്കിലും സംശയമുള്ളവർക്ക് 0491-2547820 എന്ന നമ്പറിൽ ബന്ധപ്പെടാം. കൂടാതെ, പൊതുജനങ്ങള്‍ക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0491 2547820 എന്ന നമ്പറിലും വിളിക്കാം.
കൂടുതൽ വാർത്തകൾ: ആശ്വാസം! ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടി
ആധാര്‍ പുതുക്കിയാലുള്ള ഗുണങ്ങള്‍ എന്തെല്ലാം?
1. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് രാജ്യത്ത് എവിടെ നിന്നും റേഷന്‍ ലഭിക്കും
2. ഏകദേശം 1,100 സര്‍ക്കാര്‍ പദ്ധതികള്‍/പ്രോഗ്രാമുകള്‍ എന്നിവയുടെ പ്രയോജനം ലഭിക്കും
3. ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ എളുപ്പമാകും
4. വിവിധ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്കായുള്ള പ്രവേശനം ലളിതമാകും
5. വായ്പാ അപേക്ഷകള്‍, ബാങ്കിംഗ് സേവനങ്ങൾ എന്നിവ കൂടുതല്‍ വേഗത്തില്‍ പ്രോസസ് ചെയ്യാം
6. നിങ്ങളൊരു നികുതിദായകനാണെങ്കില്‍ നിങ്ങളുടെ ഐ.ടി റിട്ടേണുകള്‍ എളുപ്പത്തില്‍ ഇ-വെരിഫൈ ചെയ്യാം
നവജാത ശിശുക്കള്‍ക്കും ആധാര്‍ എടുക്കാം
നവജാത ശിശുക്കള്‍ക്കും ആധാര്‍ എടുക്കാവുന്നതാണ്. ആധാർ ലഭിക്കാൻ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ മാതാപിതാക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ - ആധാര്‍ എന്നിവ ആവശ്യമാണ്. നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് നവജാത ശിശുക്കള്‍ക്ക് ആധാര്‍ എടുക്കുന്നത്. 5 വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് വിവരങ്ങള്‍ ശേഖരിക്കുന്നില്ല. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി ആധാര്‍ ക്യാമ്പുകള്‍ സജ്ജീകരിക്കുന്ന പ്രവര്‍ത്തനം പ്രാരംഭഘട്ടത്തിലാണ്. വനിത ശിശു വികസന വകുപ്പ് മുഖേന ആധാര്‍ എടുക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
കുട്ടികളുടെ ആധാറും നിര്‍ബന്ധമായും പുതുക്കണം
അഞ്ചാം വയസിലും പതിനഞ്ചാം വയസിലുമാണ് കുട്ടികളുടെ ആധാര്‍ പുതുക്കേണ്ടത്. കൈ വിരലടയാളം, ഐറിസ് ബയോമെട്രിക് വിവരങ്ങള്‍, ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തുകൊണ്ടാണ് പുതുക്കുക. ഇതിനായി കുട്ടികളുടെ അസല്‍ ആധാര്‍ മാത്രമാണ് രേഖയായി വേണ്ടത്. 5 മുതല്‍ 7 വയസുവരെയും 15 മുതൽ 17 വയസുവരെയും ആധാര്‍ പുതുക്കല്‍ സൗജന്യമായി നടത്താം. 7 മുതല്‍ 14 വയസുവരെയും 17 വയസിന് ശേഷവും ആധാര്‍ പുതുക്കുന്നതിന് 100 രൂപ ചാർജ് നൽകണം. പാലക്കാട് ജില്ലയില്‍ അക്ഷയകേന്ദ്രങ്ങളുടെ സഹകരണത്തോടെ വിദ്യാലയങ്ങളിലൂടെയും ആധാര്‍ പുതുക്കുന്നുണ്ട്. കഴിഞ്ഞ 1 മാസത്തിനുള്ളില്‍ ജില്ലയില്‍ 850-ഓളം കുട്ടികള്‍ ആധാര്‍ പുതുക്കിയതായി ഐ.ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ടി. തനൂജ് അറിയിച്ചു.