ആറളം ഗ്രാമപഞ്ചായത്തിലെ വീർപ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോ മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു.
ബന്ധപ്പെട്ട ഫാമിലെ പന്നികൾ മുഴുവൻ ചത്തതിനാൽ ഫാമിൽ പന്നികൾ ഇല്ലെന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ മറ്റ് പന്നി ഫാമുകൾ ഇല്ലെന്നും മൃഗസംരക്ഷണ ഓഫീസർ അറിയിച്ചിട്ടുണ്ട്. ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
ആറളം ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും റോഡ് ട്രാൻസ്‌പോർട്ട് ഓഫീസറുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തണം. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ: നീളമേറിയ മൺസൂണും, ചൂടുള്ള ശൈത്യവും അൽഫോൻസോ മാമ്പഴത്തിന്റെ വിളവ് 40% മായി കുറയ്ക്കുന്നു
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവരുൾപ്പെട്ട ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണം. അണുനശീകരണത്തിനു ശേഷം ഫാമിൽ ഫ്യൂമിഗേഷൻ നടപടികൾ ഫയർ ആന്റ് റെസ്‌ക്യു ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്താനും ഉത്തരവിൽ നിർദേശിച്ചു.
അപൂർവ്വമായി പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന പനിയാണ് പന്നിപ്പനി. എന്നാൽ വളരെ അപൂർവ്വമായി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഇത് പകരാറുണ്ട്. ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽ പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയജീവിയിൽ ഉണ്ടാവുന്ന രോഗബാധയെയാണ് പന്നിപ്പനി.
ഇപ്പോൾ പല രാജ്യങ്ങളിലും ആഫ്രിക്കൻ പന്നിപ്പനി കഴിഞ്ഞ 2 വർഷത്തിലധികമായി ആഫ്രിക്കൻ പന്നിപ്പനി പടരുന്നുണ്ട്. പിഗ് എബോള എന്നറിപ്പെടുന്ന സാക്രമിക പന്നിരോഗമാണ് ആഫ്രിക്കൻ പന്നിപ്പനി, ഇത് വളർത്ത് പന്നികളെ മാത്രമല്ല കാട്ട് പന്നികളേയും ബാധിക്കുന്ന രോഗമാണ്. ഇതിനെ പ്രതിരോധിക്കുന്നതിനായി ഫാമും പരിസരവും അണുവിമുക്തമായി സൂക്ഷിക്കണം, കൂടെ ജൈവ സുരക്ഷാ മാർഗ്ഗങ്ങൾ പൂർണമായും പാലിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കുറവ്: ഹിമാചലിൽ 15-30 ശതമാനം റാബി വിളകൾ നശിച്ചു