1. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (SMAM) വഴി കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങാൻ ഓണ്‍ലൈന്‍ അപേക്ഷ ജനുവരി15 മുതല്‍ സ്വീകരിച്ചു തുടങ്ങി. കാര്‍ഷിക മേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ അഥവാ സ്‌മാം പദ്ധതി. ഈ പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്കരണ, മൂല്യ വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നൽകി വരുന്നു. ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്എച്ച്ജി കള്‍, എഫ്പിഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും, യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ടു ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും. 2024-2025 സാമ്പത്തിക വർഷത്തിലെ അപേക്ഷകള്‍ http://agrimachinery.nic.in/index എന്ന വെബ് സൈറ്റ് മുഖേന നാളെ മുതൽ നല്‍കാം. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2306748, 0477 2266084, 0495 2725354, ഇ- മെയിൽ: smamkerala@gmail.com.
2. കോഴഞ്ചേരി പന്നിവേലിച്ചിറയിലുളള ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, തിലാപ്പിയ എന്നീ മത്സ്യകുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും ജനുവരി 24-ാം തീയതി രാവിലെ പതിനൊന്ന് മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 95626701208 & 0468 2214589 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് മഴ ശമിച്ചതിന് പിന്നാലെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഉയർന്ന താപനിലാ മുന്നറിയിപ്പാണ് നിലവിലുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും തടസമില്ല.