1. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സപ്പോർട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്ക് സര്‍വീസ് ക്യാമ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ശതമാനം സബ്‌സിഡി നിരക്കില്‍ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ താൽപര്യമുള്ള വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി 20 സര്‍വീസ് ക്യാമ്പുകളാണ് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസില്‍ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും അതത് കൃഷിഭവനുമായോ ജില്ലാ കൃഷി എക്‌സിക്യൂട്ടീവ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക് 9383471924, 9383471925 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
2. പോത്താനിക്കാട് പഞ്ചായത്തിൽ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം കേരസമതിക്ക് അനുവദിച്ച കാർഷിക ഉപകരണങ്ങളാണ് വിതരണം ചെയ്തത്. തെങ്ങിൻതടവും കൃഷിയിടങ്ങളും ഒരുക്കുന്നതിനുവേണ്ടിയുള്ള മിനി ടില്ലർ, കാടുവെട്ട് യന്ത്രം തുടങ്ങിയവ ഉൾപ്പെടെയുള്ള മെഷീനുകളുടെ വിതരണവും ഇവയുടെ പ്രവർത്തനങ്ങൾക്കുമാണ് തുടക്കം കുറിച്ചത്. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ച ചടങ്ങിന് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കെ. എസ്. സണ്ണി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനു മാത്യു, ജോസ് വർഗീസ്, എൻ.എം. ജോസഫ്, ഡോളി സജി, സാബു മാധവൻ, വി.ഒ. കുറുമ്പൻ, കെ.എം. കുര്യാക്കോസ്, സി.വി. പോൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
3. കേരളത്തിൽ മഴ കുറയുന്നതായി കേന്ദ്ര കാലവസ്ഥാ വകുപ്പ്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഇടത്തരം മഴയ്ക്കുമാണ് സാധ്യതയുള്ളത്. പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഒഴികെ മറ്റെല്ലായിടത്തും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.