യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കാൻ വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർഷികയന്ത്രങ്ങൾ വിലക്കിഴിവിൽ നൽകുന്നു.
കൃഷി മന്ത്രാലയവും കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി "സബ്മിഷൻ അഗ്രികൾച്ചറൽ ഓൺ മെക്കനൈസേഷൻ -സ്മാം" പദ്ധതി പ്രകാരം ആണ് കർഷകർക്ക് സബ്സിഡി നൽകുന്നത്. കാടുവെട്ട് യന്ത്രം, പവർ ടില്ലർ, നടീൽ യന്ത്രം, ട്രാക്ടർ, സസ്യസംരക്ഷണ ഉപകരണങ്ങൾ, കൊയ്ത്ത് മെതിയന്ത്രം തുടങ്ങിയ വാങ്ങാനാണ് സഹായം നൽകുന്നത്.
പട്ടികജാതി-വർഗ വിഭാഗം ഒരു ഹെക്ടറിൽ കൂടുതലോ രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർ, വനിതകൾ എന്നിവർക്ക് 50 ശതമാനമാണ് സബ്സിഡി. പട്ടികജാതി- പട്ടികവർഗ്ഗ ഗുണഭോക്താക്കൾക്ക് കൃഷിഭൂമിയുടെ പരിധി നിശ്ചയിച്ചിട്ടില്ല. സബ്സിഡി ഗുണഭോക്തൃ സ്ഥാപനത്തിന്റെയോ ഗുണഭോക്താവിന്റെയോ അക്കൗണ്ടിലേക്ക് മാറ്റപ്പെടും.
അതത് ജില്ലകളിലെ കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നുള്ള സംഘമെത്തി ഭൗതിക പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. പദ്ധതിയുമായി സഹകരിക്കുന്ന നിർമ്മാതാക്കൾ ഡീലർമാരും ആയി യന്ത്രങ്ങളുടെ വില താരതമ്യം ചെയ്ത് കുറഞ്ഞ നിരക്കിൽ യന്ത്രസാമഗ്രികൾ സ്വന്തമാക്കാം.
യന്ത്രവൽക്കരണതോത് കുറവായ പ്രദേശങ്ങളിൽ ഫാം മെഷനറി ബാങ്കുകൾ സ്ഥാപിക്കാൻ സഹായം നൽകും. 10 ലക്ഷം രൂപ പദ്ധതി തുക വരുന്ന ഫാം മിഷനറി ബാങ്കുകൾക്ക് പരമാവധി 80 ശതമാനം സബ്സിഡിയായി എട്ടു ലക്ഷം രൂപ വരെ അനുവദിക്കും.
കൃഷി യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ തുടങ്ങാൻ 40% സബ്സിഡി നൽകും. പത്തുലക്ഷം രൂപ വരെ മുതൽമുടക്ക് വരുന്നതിന് നിബന്ധനകൾക്ക് അനുസരിച്ച് പരമാവധി 24 ലക്ഷം രൂപ വരെ ധനസഹായം നൽകും. സ്വയം സഹായ സംഘങ്ങൾ ഗ്രാമീണ സംരംഭകർ തുടങ്ങിയവർക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. സംസ്ഥാനത്ത് ഇതുവരെ 51,000 ൽ അധികം കർഷകർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അർഹരായ 2225 ഗുണഭോക്താക്കൾക്ക് 2021 സാമ്പത്തികവർഷം 10.04 കോടി രൂപയും വിതരണം ചെയ്യും.