പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ സുഗമമായ നടത്തിപ്പിനും പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും എറണാകുളം ഡിസ്ട്രിക്ട് റസിഡന്‍സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ (എഡ്രാക്) എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ പി.ബി. സുനി ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സെന്‍സസിന് എല്ലാ പിന്തുണയും കൗണ്‍സില്‍ ഭാരവാഹികള്‍ ഉറപ്പു നല്‍കിയത്.
ജനങ്ങളിലേക്ക് കാര്‍ഷിക സെന്‍സസിന്റെ പ്രാധാന്യം എത്തിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ എഡ്രാക് ഭാരവാഹികള്‍ക്ക് ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിച്ച് എല്ലാവരെയും ഈ പ്രക്രിയയില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ കൃഷിയും കര്‍ഷക ക്ഷേമവും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കാര്‍ഷിക സെന്‍സസ് നടത്തുന്നത്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് സെന്‍സസ് നടത്തുന്നത്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് കാര്‍ഷിക സെന്‍സസ് നടപ്പിലാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കൃഷിയും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും
സാമൂഹിക സാമ്പത്തിക മേഖലകളില്‍ നയരൂപീകരണത്തിനും കാര്‍ഷിക സെന്‍സസിന്റെ ഫലങ്ങള്‍ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ സ്ഥിതിവിവര കണക്കുകളുടെ നോഡല്‍ ഏജന്‍സിയായ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിനാണ് കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പ് ചുമതല. 2021 - 22 കാര്‍ഷിക വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം നടത്തുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണം ജനുവരി ഒന്നിന് ആരംഭിച്ചു. പ്രത്യേക പരിശീലനം ലഭിച്ച എന്യൂമറേറ്റര്‍മാര്‍ എല്ലാ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വിവരശേഖരണം പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ശേഖരിക്കുന്നത്.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍, റിസര്‍ച്ച് ഓഫീസര്‍ കെ.എ ഇന്ദു, അഡ്രാക് പ്രസിഡന്റ് പി. രംഗദാസ പ്രഭു, ജനറല്‍ സെക്രട്ടറി പി.സി അജിത് കുമാര്‍, മറ്റു ഭാരവാഹികള്‍, സാമ്പത്തിക സ്ഥിതി വിവരകണക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.