1. മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഏപ്രിൽ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ അവധിയായിരിക്കും. 5 മുതൽ ഏപ്രിൽ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതായിരിക്കും. സംസ്ഥാനത്ത് മാർച്ച് 29 വരെ 75 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും മാർച്ച് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ഏപ്രിൽ 3 നകം കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു.
2. വിഷരഹിതമായ പച്ചക്കറി ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്ത് കൃഷിവകുപ്പിന് കീഴിലുള്ള മുഴുവന്‍ ഫാമുകളിലും പ്രകൃതികൃഷി രീതി പ്രാവര്‍ത്തികമാക്കുമെന്നും ആന്ധ്രാപ്രദേശിലെ പ്രകൃതികൃഷി രീതിയെ കുറിച്ച് പഠിക്കുവാനായി ഫാം ഉദ്യോഗസ്ഥരെ അയക്കുമെന്നും കൃഷിമന്ത്രി പി. പ്രസാദ്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആലുവ തുരുത്തിലുള്ള സ്റ്റേറ്റ് സീഡ് ഫാമിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ സോളാര്‍ ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിന് അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
3. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം പകൽ താപനില ഉയർന്നു തന്നെ തുടരും. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.