1. കൃഷി വകുപ്പ് വേൾഡ് ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയിൽ 30,000 ഹെക്ടർ റബർ കൃഷി വ്യാപനവും 1,360 ഹെക്ടർ കാപ്പി കൃഷി വ്യാപനവും നടപ്പിലാക്കും. ഈ മേഖലകളുടെ സമഗ്ര വികസനത്തിനായി 165 കോടി മാറ്റിവെച്ചതായും കൃഷി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കേരളത്തിൽ ഇതാദ്യമായാണ് റബ്ബർ കൃഷി വികസനത്തിന് ഇത്തരത്തിൽ തുക വകയിരുത്തുന്നതെന്നും നഴ്സറികളുടെ സഹായവും വിവിധ കർഷക വായ്‌പാപദ്ധതികളും കേര പദ്ധതിയിലൂടെ നടപ്പിലാക്കുമെന്നും പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്. ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ എന്നിവ വിവിധ വകുപ്പുകളുടെയും പൊതുജന പങ്കാളിത്തത്തോടെയും നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2. വെള്ളായണി കാർഷിക സർവകലാശാലയിൽ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 'ആഗോള പോഷകാഹാര സുരക്ഷയ്ക്കുള്ള നൂതന തന്ത്രങ്ങൾ’ എന്ന വിഷയത്തിലാണ് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. ലോക ഭക്ഷ്യ ദിനാഘോഷത്തിൽ യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ (യു.എൻ ഡബ്ല്യു.എഫ്.പി) പ്രോജക്റ്റായ റൈസ് ഫോർട്ടിഫിക്കേഷന്റെ സാങ്കേതിക സപ്പോർട്ട് യൂണിറ്റ് സംഘടിപ്പിക്കുന്ന സെമിനാർ ഭക്ഷ്യ ശാക്തീകരണത്തിലൂടെ ആഗോള പോഷകാഹാര വെല്ലുവിളികളെ നേരിടാൻ ലക്ഷ്യമിടുന്നു. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യു.എൻ ഡബ്ല്യു.എഫ്.പി ഇന്ത്യയുടെ ഡെപ്യൂട്ടി കൺട്രി ഡയറക്ടർ ഡോ. നോസോമി ഹാഷിമോട്ടോയും ഭാഗമായി.
3. സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.