മേയ് 17 കുടുംബശ്രീ ദിനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണു കുടുംബശ്രീയെന്നും ഓരോ മലയാളിക്കും ഇതിൽ അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1998 മേയ് 17നു കുടുംശ്രീക്കു തുടക്കമിട്ടതു മുൻനിർത്തിയാണ് മേയ് 17 കുടംബശ്രീ ദിനമായി പ്രഖ്യാപിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുകേവലമായ ദിനമല്ല, ലോകശ്രദ്ധേ നേടിയ ഒരു ഏട് ആരംഭിച്ച ദിനമാണ്. ആ നിലയ്ക്കുള്ള ചരിത്രപ്രസക്തി ഈ ദിനത്തിനുണ്ട്. ദാരിദ്ര്യ നിർമാർജനം ലക്ഷ്യമിട്ടാണു കുടുംബശ്രീ തുടങ്ങിയത്. ഇക്കാര്യത്തിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞു. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് 64006 കുടുംബങ്ങളെ അതിദരിദ്രരായി കണ്ടെത്തിയിട്ടുണ്ട്. അവരെ അതിദാരിദ്ര്യത്തിൽനിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനിയുള്ള നാളുകളിൽ കേരളം ഏറ്റെടുക്കാൻ പോകുന്നത്. എല്ലാവരും ഏകോപിതമായി ഈ ദൗത്യം ഏറ്റെടുക്കണം. ഇതിൽ വലിയ പങ്കു നിർവഹിക്കാൻ കുടുംബശ്രീക്കു കഴിയും. 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്ര കുടുംബമായി അവശേഷിക്കരുത് എന്നാണു ലക്ഷ്യം – മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതെങ്ങനെയെന്നതിനെക്കുറിച്ച് 1996ൽ അന്നത്തെ സർക്കാർ പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണു സ്ത്രീകളുടെ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കിയാൽ സമൂഹത്തിന്റെയാകെ ദാരിദ്ര്യാവസ്ഥയെ മുറിച്ചുകടക്കാൻ കഴിയുമെന്നു വ്യക്തമായത്.
ഇതിന്റെ ഭാഗമായാണു കുടുംബശ്രീ രൂപമെടുക്കുന്നത്. തുടക്കത്തിൽ വലിയതോതിലുള്ള സംശയങ്ങൾ ഉയർന്നുവന്നിരുന്നു. സംരംഭക, ഉത്പാതക മേഖലയിൽ സ്ത്രീകൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്റെയാകെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാകാത്തതാണെന്ന വ്യക്തമായ നിലപാടാണ് അന്നു സ്വീകരിച്ചത്. അതിന്റെ ഭാഗമായാണു കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ നാടാകെ വ്യാപിപ്പിച്ചത്. അന്നത്തെ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്നു തെളിയിക്കുന്ന കാലമായിരുന്നു പിന്നീട്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയാണു കുടുംബശ്രീ. 46 ലക്ഷത്തിലധികം അംഗങ്ങളിലൂടെ ലക്ഷക്കണക്കിനു കുടുംബങ്ങളാണ് ഇതിന്റെ ഗുണഫലമനുഭവിക്കുന്നത്.
ജാതി, മത വേർതിരിവുകൾക്ക് അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും സഹകരിക്കാനുമൊക്കെ കേരളം തയാറായതുകൊണ്ടാണ് ഇത്തരമൊരു പ്രസ്ഥാനം ഇത്ര വളർന്നു വലുതായത്. കേരളീയ സമൂഹത്തിന്റെ മതനിരപേക്ഷ സമീപനത്തിന്റെ ഫലംകൂടിയാണു കുടുംബശ്രീയുടെ വിജയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റൽ റേഡിയോ റേഡിയോ ശ്രീയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ടെലി മെഡിസിൻ സംവിധാനം നടപ്പാക്കും: മുഖ്യമന്ത്രി