വിമാനക്കമ്പനികൾ, 16 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ ഇളവുകൾ നൽകുന്നു. നേരത്തേ ഇത് 30 ദിവസമായിരുന്നു. അതായത് നേരത്തേ ടിക്കറ്റ് ഇളവുകൾക്ക് ആഭ്യന്തര യാത്രക്കാർ 30 ദിവസം മുമ്പു ബുക്ക് ചെയ്യണമായിരുന്നെങ്കിൽ ഇപ്പോൾ 16 ദിവസം മുമ്പ് ബുക്ക് ചെയ്താൽ മതി.
രാജ്യത്തിനകത്തുള്ള യാത്രയ്ക്കാകും ടിക്കറ്റ് നിരക്കിൽ ഇളവുകൾ ലഭിക്കുക. പ്രാദേശിക വിമാനയാത്രകൾക്ക് ഇനി 15 ദിവസമാകും പ്രൈസ് ബാൻഡ് ബാധകമാകുക. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ അയവു നൽകിയതാണ് കമ്പനികൾ ഇളവുകൾ പ്രഖ്യാപിക്കാൻ കാരണം. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം വിമാനക്കമ്പനികൾക്കു കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ നടത്താനാകും.
കോവിഡ് പ്രതിസന്ധിക്കു മുമ്പുള്ള സർവീസുകളുടെ 85 ശതമാനം സർവീസുകൾ നടത്താനാണ് അനുമതി ലഭിച്ചത്. നിലവിൽ കമ്പനികൾ 72.5 ശതമാനം സർവീസുകളാണ് നടത്തിയിരുന്നത്. രണ്ടാം തരംഗത്തിന് മുമ്പു അനുവദനീയമായ ഏറ്റവും ഉയർന്ന ആഭ്യന്തര ശേഷി 80 ശതമാനമായിരുന്നു. അടുത്ത മാസാവസാനം ശൈത്യകാല ഷെഡ്യൂൾ പ്രാബല്യത്തിൽ വരും.
കോവിഡ് രോഗികളുടെ എണ്ണം നിലവിലെ നിലയിൽ തുടരുകയും വാക്‌സിനേഷൻ വേഗം വർധിക്കുകയും ചെയ്താൽ വിമാനക്കമ്പനികൾക്ക് കോവിഡിന് മുമ്പുള്ള ആഭ്യന്തര ശേഷിയിലേക്ക് പൂർണ്ണമായും മടങ്ങാൻ സാധിക്കുമെന്നാണു വിലയിരുത്തൽ. പ്രൈസ് ബാൻഡുകൾ പാലിക്കാതെ തന്നെ വിമാനക്കമ്പനികൾക്കു വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ടിക്കറ്റുകൾ വിതരണം ചെയ്യാൻ വ്യോമയാന മന്ത്രാലയം ശനിയാഴ്ച അനുമതി നൽകിയിരുന്നു.
അതായത് ഒക്ടോബർ 1 -ന് ബുക്ക് ചെയ്യുന്ന ഒരാൾക്ക് ഒക്ടോബർ 15 -ന് ശേഷം യാത്ര ചെയ്യാനാകും. ഇത്തരം ബുക്കിങ്ങുകളിൽ വിമാനക്കമ്പനികൾക്ക് ആഭ്യന്തര റൂട്ടിലെ നിർദ്ദിഷ്ട മിനിമത്തേക്കാൾ കുറവുള്ള നിരക്കുകൾ പ്രൈസ് ബാൻഡ് പ്രകാരം വാഗ്ദാനം ചെയ്യാനും സാധിക്കും. റോളിംഗ് ഫെയർ ബാൻഡുകൾ എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പദ്ധതിയുടെ ആദ്യകാല കാലയളവ് 30 ദിവസമായിരുന്നു. ഇതാണ് 16 ആയി കുറച്ചത്.
അതായത് ലോക്ക്ഡൗൺ സമയത്ത് രണ്ടുമാസം പ്രവർത്തനങ്ങൾ തടസപ്പെട്ടശേഷം ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ മേയിൽ ഏർപ്പെടുത്തിയ ഫെയർ ബാൻഡുകൾ കുറച്ചുകാലം കൂടി തുടരുമെന്നു സാരം. ഇതു സംബന്ധിച്ച് സർക്കാരിന്റെ പുതിയ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ ഇളവുകൾ തുടരും. വിമാനക്കമ്പനികൾക്കു 100 ശതമാനം പ്രവർത്തനാനുമതി നൽകുന്നതുവരെ പ്രൈസ് ബാൻഡുകൾ തുടരുമെന്നു പ്രതീക്ഷിക്കുന്നതായി വ്യോമയാന മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിൽ ആഭ്യന്തര വിമാന യാത്രയുടെ 80 ശതമാനവും കുറഞ്ഞ നിരക്കിലുള്ള വിമാനങ്ങളാണ്. നേരത്തേ ബുക്ക് ചെയ്തു കുറഞ്ഞ നിരക്കിൽ യാത്ര ഉറപ്പാക്കുകയായിരുന്നു കോവിഡിനു മുമ്പുള്ള സമയങ്ങിൽ ബജറ്റ് വിമാനയാത്രക്കാരുടെ പ്രധാന തന്ത്രം. യാത്ര അടുക്കുന്തോറും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ നിരക്കു വർധിക്കും. ഇത്തരം അടുത്തുള്ള ബുക്കിങ്ങുകൾ വിമാനക്കമ്പനികൾക്കു വരുമാനം നൽകുമ്പോൾ നേരത്തേ ബുക്ക് ചെയ്തവർക്കു കുറഞ്ഞനിരക്കിൽ യാത്ര സാധ്യമാക്കും.
പകർച്ചവ്യാധി സമയത്ത് സർക്കാർ വ്യോമയാന മേഖലയിൽ നടപ്പാക്കിയ ഏറ്റവും മികച്ച ആശയമായിരുന്നു പ്രൈസ് ബാൻഡ്. ഇതുവഴി വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്താനുള്ള സാധ്യത നിയന്ത്രിക്കാനായി. കൂടാതെ വലിയ കമ്പനികൾ നിരക്ക് കുത്തനെ കുറച്ച് ചെറുകിട കമ്പനികളെ സമ്മർദത്തിലാക്കാനുള്ള നീക്കവും ഒഴിവാക്കി.
ഇൻഡിഗോ 15-ാം വാർഷികാഘോഷത്തിൽ സ്പെഷ്യൽ നിരക്കുകൾ പ്രഖ്യാപിച്ചു; 915 രൂപ മുതൽ വിമാന ടിക്കറ്റുകൾ
സ്പൈസ് ജെറ്റ് ഓഫർ നീട്ടി. 899 രൂപ നിരക്കിൽ വിമാന ടിക്കറ്റ്; ജനുവരി 29വരെ ബുക്ക് ചെയ്യാം,