ആലപ്പുഴ: 2022-2023 വര്‍ഷത്തെ പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി ആലപ്പുഴ ജില്ല. ഡിസംബര്‍ രണ്ടാം വാരം വരെയുള്ള കണക്ക് പ്രകാരം തുക വിനിയോഗത്തിന്റെ 27.31 ശതമാനം പൂര്‍ത്തിയാക്കിയാണ് ജില്ല ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് 429.62 കോടിയുടെ ബജറ്റ് ആണ് ജില്ലയിലേക്ക് പ്രഖ്യാപിക്കപ്പെട്ടത്. ഇതുവരെയുള്ള കണക്ക് പ്രകാരം 117.33 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള പദ്ധതികളും ഈ സാമ്പത്തിക വര്‍ഷം തന്നെ നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഇതുവരെയുള്ള ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ പുരോഗതി പ്രകാരം 47.05 ശതമാനവുമായി അരൂര്‍ പഞ്ചായത്താണ് ഗ്രാമപഞ്ചായത്തുകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 47.26 ശതമാനവുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും നഗരസഭകളില്‍ 45.89 ശതമാനവുമായി കായംകുളവുമാണ് ഒന്നാം സ്ഥാനത്തുള്ളത്.
പദ്ധതി തുക വിനിയോഗത്തില്‍ സംസ്ഥാനതലത്തില്‍ 26.57 ശതമാനവുമായി രണ്ടാം സ്ഥാനത്തുള്ളത് വയനാട് ജില്ലയാണ്. 284.2 കോടിയുടെ ബജറ്റ് ആണ് ജില്ലയിലേക്ക് പ്രഖ്യാപിക്കപ്പെട്ടത്. ഇതുവരെയുള്ള കണക്ക് പ്രകാരം 75.53 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 26.42 ശതമാനവുമായി പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്. 2021-22 വാര്‍ഷിക പദ്ധതി വിനിയോഗത്തിലും ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ജില്ലയില്‍ അംഗീകാരം നല്‍കിയിരിക്കുന്ന പദ്ധതികളും വിവരങ്ങളും ചുവടെ:
അങ്കണവാടി പോഷകാഹാരത്തിനായി ആകെ 98 പദ്ധതികള്‍ക്കും പാലയേറ്റീവ് പരിചരണത്തിനായി ആകെ 107 പദ്ധതികള്‍ക്കുമാണ് ജില്ലാ ആസൂത്രണ സമിതി അദ്യഘട്ടത്തില്‍ അംഗീകാരം നല്‍കിയത്. ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങുന്നതിന് (ആയുര്‍വേദം, ഹോമിയോ, അലോപ്പതി) 316 പദ്ധതികള്‍ക്കും മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട ആകെ 12 പദ്ധതികള്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കുള്ളതുള്‍പ്പെടെയുള്ള വേതനം/ഹോണറേറിയം ഇനത്തില്‍ ചെവലവഴിക്കാനായി 143 പ്രോജക്ടുകള്‍ക്കും അംഗീകാരം നല്‍കി. ബഡ്സ് സ്‌കൂള്‍ കുട്ടികള്‍ക്കും പകല്‍ വീടുകളിലെ അന്തേവാസികള്‍ക്കും ഭക്ഷണ വിതരണത്തിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ 17ഉം ബ്ലോക്ക് പഞ്ചായത്തുകള്‍ രണ്ടും നഗരസഭ ഒന്നും പ്രോജക്ടുകള്‍ ഏറ്റെടുത്ത് അംഗീകാരം നേടിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ജില്ലയിലാകെ 50 പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് 883 പ്രോജക്ടുകള്‍ ജില്ലയില്‍ ഏറ്റെടുത്തു.
കൃഷിക്കായി ജില്ലയില്‍ 595 പദ്ധതികള്‍ ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.7 കോടി രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മത്സ്യ മേഖലയില്‍ 162 പദ്ധതികള്‍ മൃഗ സംരക്ഷണ മേഖലയില്‍ 482 പദ്ധതികള്‍ ക്ഷീര മേഖലയില്‍ 199 പദ്ധതികള്‍ എന്നിങ്ങനെയാണ് നടപ്പു സാമ്പത്തിക വര്‍ഷം നിര്‍വഹണത്തിനായി ഏറ്റെടുത്തിട്ടുള്ളത്. 284 പ്രോജക്ടുകള്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, 41 പ്രോജക്ടുകള്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനും ഏറ്റെടുത്തു. ഇതുവഴി പ്രാദേശീക സാമ്പത്തിക വികസനത്തിന് ശക്തമായ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി 515 പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്.
ഖര മാലിന്യ നിര്‍മാര്‍ജനത്തിന് 382, ദ്രവമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 89, ജൈവ മാലിന്യ നിര്‍മാര്‍ജനത്തിനായി 176 പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. വാതില്‍പ്പടി സേവനത്തിനായി 76 പ്രോജക്ടുകളും ജനകീയ ഹോട്ടല്‍ പ്രോജെക്ടിനായി 65 പദ്ധതികളും സുഭിക്ഷ കേരളം പരിപാടിക്കായി 152 പ്രോജക്ടുകളും ജില്ലയില്‍ ഏറ്റെടുത്തിട്ടുള്ളത്. പട്ടികജാതി വിഭാഗത്തില്‍ 1399 പദ്ധതികളും പട്ടികവര്‍ഗ വിഭാഗത്തിന് 107 പ്രോജക്ടുകളും അംഗീകരിക്കപ്പെട്ടു. നവകേരളം കര്‍മ്മ പദ്ധതിക്കു പരിഗണന നല്‍കികൊണ്ട് ജില്ലയിലാകെ 732 പദ്ധതികള്‍ അംഗീകാരം നേടിയിട്ടുണ്ട്. ദുരന്ത നിവാരണ പരിശീലനത്തിന് 16 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി അപകടങ്ങളെ ചെറുക്കാനായി 6 തദ്ദേശ സ്ഥാപനങ്ങളും പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കനത്ത മഴയെ തുടർന്ന് നീലഗിരി ജില്ലയിൽ സ്‌കൂളുകളും കോളേജുകളും അടച്ചു